ഗൊരഖ്പൂര്‍ ദുരന്തം പരമാര്‍ശിച്ച് മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം; വിശ്വാസത്തിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ല; കശ്മീരില്‍ വെടിയുണ്ടകളല്ല പരിഹാരമെന്നും പ്രധാനമന്ത്രി

ദില്ലി: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഏവരും ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയിലുണ്ടായ കൂട്ടമരണത്തെ കുറിച്ച് എന്തുപറയുമെന്നായിരുന്നു. യു പിയില്‍ കുട്ടികള്‍ പിടഞ്ഞുമരിക്കുന്ന വാര്‍ത്ത പുറംലോകം അറിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ മോദി ഇക്കാര്യത്തിലെ മൗനം വെടിഞ്ഞു.

എന്നാല്‍ കാര്യമായ പരാമര്‍ശങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. പ്രസംഗം തുടങ്ങിയപ്പോള്‍ പ്രകൃതിദുരന്തത്തെ കുറിച്ചും കൂട്ടമരണത്തെ കുറിച്ചുമുള്ള പരാമര്‍ശം ഒറ്റവരിയില്‍ ഒതുക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിക്കാനിടയായിട്ടുണ്ട്. പ്രളയം അടക്കമുള്ള പ്രകൃതിദുരന്തത്തിലും ആശുപത്രിയിലെ ദുരന്തവും ഉണ്ടായപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദുരന്തങ്ങളില്‍പെട്ടവര്‍ക്കൊപ്പം ഇന്ത്യയിലെ 125 കോടി വരുന്ന ജനങ്ങളുടെ സഹതാപമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ എല്ലാവർക്കും ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുളള പുതിയ ഇന്ത്യയാണ് സര്‍ക്കാരിന്‍റെ  ലക്ഷ്യമെന്നും മോദി പറഞ്ഞു. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് ആഗ്രഹിക്കുന്നത്.

പാകിസ്താനെതിരായ ആക്രമണത്തിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരച്ചറിഞ്ഞിരിക്കുകയാണെന്നും മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തിന് ബുളളറ്റുകള്‍ പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ സമാധാനചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗ്യാസ് സബ്‌സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയവ സര്‍ക്കാരിന്‍റെ പ്രവര്‍ത്തന നേട്ടങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ചരക്കുസേവന നികുതി സഹകരണ ഫെഡറലിസത്തിന്‍റെ അന്തസത്തയെക്കാണിക്കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.  സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും അഭിപ്രായം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News