ഇന്ത്യയുടെ 70 വര്‍ഷങ്ങള്‍ ആധുനികതയും വികസനവും പുരോഗതിയും മാത്രമല്ല സൃഷ്ടിച്ചത്. സാമൂഹികദുരന്തവും സാംസ്‌കാരികപിന്നാക്കാവസ്ഥയും കൂടിയാണ്: കെ. എന്‍. പണിക്കര്‍

സാമാന്യവല്‍ക്കരണങ്ങള്‍ അപൂര്‍ണവും അബദ്ധജടിലവുമാണെന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാംസ്‌കാരിക വൈവിധ്യവും സാമൂഹ്യവൈപരീത്യവും നിലനില്‍ക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തില്‍ പ്രത്യേകിച്ചും. എങ്കിലും, സാമാന്യവല്‍ക്കരണങ്ങള്‍ യാഥാര്‍ഥ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഊന്നുകയും മറ്റു ചില ഭാഗങ്ങളെ മറച്ചുപിടിക്കുകയും ചെയ്യുന്നു.

സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ കഴിഞ്ഞ 70 വര്‍ഷത്തിലുണ്ടായ ഗതിവിഗതികളെ ചില സാമാന്യവല്‍ക്കരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കപ്പെടുമ്പോള്‍ യാഥാര്‍ഥ്യത്തിന്റെ സമ്പൂര്‍ണരൂപം അനാവരണം ചെയ്യപ്പെടുന്നില്ല. ആധുനികത, വികസനം, പുരോഗതി എന്നീ പരികല്‍പ്പനകളില്‍ അതുകൊണ്ടുതന്നെ അപാകതയുണ്ട്.

മുതലാളിവര്‍ഗത്തിന്റെ അധികാരസംഭരണത്തിലും വിനിയോഗത്തിലും ഈ സാമാന്യവല്‍ക്കരണങ്ങള്‍ക്ക് പങ്കുണ്ടെന്ന് തിരിച്ചറിയാന്‍ വലിയ വിഷമമൊന്നുമില്ല. ഈ സാമാന്യവല്‍ക്കരണങ്ങള്‍ ഒരു പ്രത്യയശാസ്ത്രപദവി നേടിക്കഴിഞ്ഞിട്ടുണ്ട് ഇന്ത്യന്‍സമൂഹത്തില്‍.

ഈ സാമാന്യവല്‍ക്കരണങ്ങള്‍ സമൂഹത്തില്‍ ഒരു പൊതുബോധമാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു എന്നത് ഇന്ത്യന്‍ മുതലാളിവര്‍ഗത്തിന്റെ കാതലായ നേട്ടമാണ്. അതിലേറെ, അതിന്റെ പരിമിതികളെയും അപചയങ്ങളെയും സമൂഹത്തിന്റെ പൊതുബോധത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുകയും ചെയ്തു.

സ്വാതന്ത്യ്രാനന്തര ഇന്ത്യയിലുണ്ടായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു. ഈ പ്രക്രിയയുടെ നിരന്തരവളര്‍ച്ചയാണ് സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ചരിത്രം. അതിനെ ഫലപ്രദമായി തടയാന്‍ ജനാധിപത്യശക്തികള്‍ക്ക് സാധിച്ചില്ലെന്ന യാഥാര്‍ഥ്യവും കണക്കിലെടുത്തേ തീരൂ. ഈ ജയപരാജയങ്ങളുടെ പരിണതഫലമാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം.

ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന മൂന്നു പ്രവണത അധികാരകേന്ദ്രീകരണവും മതാധിഷ്ഠിതമായ സാമൂഹ്യബോധവും സാംസ്‌കാരിക സ്വാതന്ത്യ്രനിഷേധവുമാണ്. അധികാരകേന്ദ്രീകരണം അടുത്ത കാലത്ത് കൂടുതല്‍ പ്രകടമായി കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്.

ഇത് ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ചരിത്രാനുഭവത്തെ നിഷേധിക്കുന്നു. പരമ്പരാഗതമായി ഇന്ത്യയില്‍ നിലനിന്നിരുന്ന സംവിധാനത്തിന് അധികാരവികേന്ദ്രീകരണത്തിന്റെ സ്വഭാവമാണ്. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനംമുതല്‍ രാജ്യസദസ്സുകള്‍വരെ പൊതുസ്വാധീനത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തിയതായി കാണാം. പരമ്പരാഗതമായ ഈ അനുഭവത്തില്‍നിന്നാണ് ഗാന്ധിജി തന്റെ പ്രശസ്തമായ ‘ഗ്രാമസ്വരാജ്’ എന്ന സങ്കല്‍പ്പം വികസിപ്പിച്ചെടുത്തത് എന്ന് അനുമാനിക്കാം. അടുത്തകാലത്ത്, സ്വാതന്ത്യ്രത്തിനുശേഷം ഇന്ത്യ സ്വീകരിച്ച ഗ്രാമപഞ്ചായത്തെന്ന വ്യവസ്ഥ പരമ്പരാഗതമായ പഞ്ചായത്തിന്റെ നവീനരൂപമാണെന്ന് കണക്കാക്കുന്നതില്‍ തെറ്റില്ല.

അതായത്, ഇന്ത്യയുടെ പരമ്പരാഗത ഭരണവ്യവസ്ഥ അധികാരവികേന്ദ്രീകരണത്തിന് പ്രാധാന്യം കൊടുത്തിരുന്നു എന്നര്‍ഥം. പക്ഷേ, ഇന്ന് തികച്ചും വിപരീതമായ ഒരു സംവിധാനമാണ് വളരുന്നത്. സ്വാതന്ത്യ്രാനന്തര ഇന്ത്യ സ്വീകരിച്ച ഫെഡറല്‍ സമ്പ്രദായം അധികാര വികേന്ദ്രീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കേന്ദ്രഭരണവും പ്രാദേശികഭരണവും അധികാരവും രാഷ്ട്രസമ്പത്തും പങ്കുവച്ചുള്ള ഒരു സങ്കരസംവിധാനം. അതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുതരത്തിലുള്ള അധികാരതലം നടപ്പാക്കിയത്. കേന്ദ്രഭരണമേഖലകളും പങ്കാളിത്തമേഖലയും പ്രാദേശികമേഖലകളും എന്ന സംവിധാനം അധികാരവികേന്ദ്രീകരണം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഉണ്ടായത്.

പക്ഷേ, കഴിഞ്ഞ 70 കൊല്ലങ്ങളിലുണ്ടായ മാറ്റം ഈ സംവിധാനത്തിന്റെ സ്വഭാവത്തെ പ്രതിലോമപരമായി ബാധിച്ചു. കേന്ദ്രഭരണം കൂടുതല്‍ അധികാരങ്ങള്‍ കൈയേറാന്‍ ശ്രമിക്കുകയും പ്രാദേശികഭരണത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. സാമ്പത്തികമേഖലയിലും ധൈഷണികമേഖലയിലും സാംസ്‌കാരികമേഖലയിലും ഈ പ്രവണത പ്രകടമാണ്. ഇതിനെതിരായി അടുത്ത കാലത്ത് പല പ്രതിഷേധവും ഉയര്‍ന്നതായി കാണാം.

ഭരണകൂടം ഇന്ന് വളരെയേറെ ശക്തിയാര്‍ജിക്കുന്നുവെന്നുമാത്രമല്ല, വ്യക്തിജീവിതത്തിന്റെ എല്ലാ തുറയിലേക്കും കടന്നുവരികയും ചെയ്യുന്നു. ഭരണകൂടം സാമൂഹികജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, വ്യക്തിസ്വാതന്ത്യ്രത്തെയും വ്യക്തികളുടെ സ്വകാര്യജീവിതത്തെയും പൂര്‍ണമായും നിഷേധിക്കുന്ന അവസ്ഥാവിശേഷം ജനാധിപത്യത്തിന് നിരക്കാത്തതാണ്. അത്തരം അവസ്ഥാവിശേഷത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ നയിക്കുന്ന പ്രവണതയാണ് ഇന്ന് സംഭവിക്കുന്നത്. ഏറ്റവും നല്ല ‘ഭരണകൂടം വ്യക്തിജീവിതത്തില്‍ ഏറ്റവും കുറച്ച് ഇടപെടലുകള്‍ നടത്തുന്നതാണെന്ന ആശയത്തിന് പ്രാധാന്യം കൊടുക്കാത്തവരാണ് ഇന്ത്യയുടെ ഇന്നത്തെ ഭരണാധികാരികള്‍.

നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടക്കിനിര്‍ത്താനുള്ള ഒരുപായമായി ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ചുവരുന്നു എന്നതിന്റെ പല ഉദാഹരണങ്ങളും നമുക്കുമുന്നിലുണ്ട്. അതായത്, ഒരു സ്വേച്ഛാധിപത്യഭരണത്തിന്റെ എല്ലാ മുഖമുദ്രകളും പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നര്‍ഥം. ഈ പ്രവണതയുടെ വേരുകള്‍ സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഊന്നിനില്‍ക്കുന്നവയാണോ എന്നന്വേഷിക്കുന്നത് ഫലപ്രദമായിരിക്കും. കാരണം, ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവത്തില്‍ അടങ്ങിനില്‍ക്കുന്ന ഒന്നല്ല എന്നതുതന്നെ.

ഇന്ത്യയുടെ വര്‍ഗവ്യവസ്ഥിതികളില്‍ ഉരുത്തിരിഞ്ഞുവന്ന വര്‍ഗബന്ധങ്ങളില്‍ അതിന്റെ കാരണം കാണാന്‍ കഴിയുന്നതാണ്. എങ്കിലും, കഴിഞ്ഞ മൂന്നുകൊല്ലങ്ങളില്‍ വ്യക്ത്യധിഷ്ഠിതമായ അധികാരകേന്ദ്രീകരണം ശക്തമായതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഈ പ്രവണതയ്ക്ക് ഉദ്യോഗസ്ഥന്മാരുടെയും സൈനികമേധാവികളുടെയും പിന്തുണ ലഭിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഫാസിസം അരങ്ങേറാന്‍ സാധ്യതകള്‍ ഉരുത്തിരിഞ്ഞുവന്നേക്കും. ഭരണകൂടസ്ഥാപനങ്ങളെ, പ്രത്യേകിച്ചും ധൈഷണിക സാംസ്‌കാരിക സ്ഥാപനങ്ങളെ കീഴടക്കാനുള്ള ശ്രമം ഈ അജന്‍ഡയുടെ ഭാഗമാണ്.

ഈ സന്ദര്‍ഭത്തിലാണ് സാമൂഹികാവബോധനിര്‍മിതിയില്‍ ഇന്ത്യന്‍ സമൂഹത്തിന് നേരിട്ട അപചയത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. 1947ല്‍ സംഭവിച്ച വിഭജനം ഒരു വലിയ വൈകാരിക വിസ്‌ഫോടനമായിരുന്നു. അതോടുകൂടി വര്‍ഗീയതയ്ക്ക് അന്ത്യംകുറിക്കുമെന്ന് പലരും വിശ്വസിച്ചു. പക്ഷേ, വര്‍ഗീയത അവസാനിക്കുകയല്ല ഒരു പുതിയ രൂപം കൈക്കൊള്ളുകയാണ് ഉണ്ടായത്.

കഴിഞ്ഞ 20 കൊല്ലങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍ മതാവബോധം വളര്‍ന്നുവരികയും മതവിദ്വേഷം ശക്തിപ്പെടുകയും ചെയ്തു. മതം വ്യക്തിജീവിതത്തില്‍നിന്ന് സാമൂഹികജീവിതത്തിലേക്ക് വളര്‍ന്നുവന്ന് ജനങ്ങളെ വ്യത്യസ്തമായ കൂടാരങ്ങളിലേക്ക് നയിച്ചുകഴിഞ്ഞിരിക്കുന്നു. അസഹിഷ്ണുവും അന്തര്‍മുഖിയുമായ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഈ കാലയളവില്‍ സൃഷ്ടിക്കപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ പിന്‍ബലംകൂടി ഇതിന്റെ ഭാഗമായപ്പോള്‍ മനുഷ്യമനസ്സുകള്‍ കാടത്തത്തിലേക്ക് വഴുതിവീഴുന്നു. തത്ഫലമായാണ് തൊലിയുരിക്കലുകളും കൊലപാതകങ്ങളുമൊക്കെ നിരന്തര സംഭവങ്ങളായി മാറിയത്.

ഭരണകൂട ഉപകരണങ്ങള്‍ ഈ സാഹചര്യത്തില്‍ ശക്തമായി ഇടപെടാതിരിക്കുകയും പക്ഷംചേരുകയും ചെയ്യുമ്പോള്‍ ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിക്കപ്പെടുന്നത്. സമകാലീന ഇന്ത്യയില്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല. എല്ലാ ദിവസങ്ങളിലെയും മാധ്യമങ്ങള്‍ അത്തരം വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുന്നത് ആര്‍ക്കുംതന്നെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുകയില്ല. എങ്കിലും, പൊതുസമൂഹത്തില്‍ ഒരുതരം നിസ്സംഗതയാണ് കാണാന്‍ കഴിയുന്നതെന്ന യാഥാര്‍ഥ്യം മറച്ചുവച്ചിട്ട് കാര്യമില്ല.

സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ആരംഭം ഒരു സാംസ്‌കാരികമുന്നേറ്റത്തിനുള്ള ശ്രമകരമായ പരീക്ഷണങ്ങളിലൂടെയാണ്. കൊളോണിയല്‍ സംസ്‌കാരത്തില്‍നിന്ന് സ്വാതന്ത്യ്രം നേടാനും ഒരു പുതിയ ദേശീയ സംസ്‌കാരത്തിന് രൂപംനല്‍കാനുമുള്ള ഇച്ഛയുടെ പരിണതഫലമായിരുന്നു ഇത്. ഈ പ്രവണത കൊളോണിയല്‍വിരുദ്ധ സമരകാലത്തുതന്നെ ആരംഭിച്ച ഒന്നായിരുന്നു. കൊളോണിയല്‍വിരുദ്ധസമരം രാഷ്ട്രീയസമരം മാത്രമായിരുന്നില്ല യഥാര്‍ഥത്തില്‍. ഇന്ത്യയുടെ സാംസ്‌കാരികവ്യക്തിത്വം എന്താണെന്ന അന്വേഷണം ഈ സാംസ്‌കാരികസമരത്തിന്റെ ഭാഗമായിരുന്നു. ആ അന്വേഷണം ഇന്ത്യയുടെ സങ്കരസംസ്‌കാരത്തിലും മതേതരസാംസ്‌കാരിക പാരമ്പര്യത്തിലും ഊന്നിനിന്നുകൊണ്ടാണ് നടത്തപ്പെട്ടത്.

ഇന്ത്യയുടെ സാംസ്‌കാരികപാരമ്പര്യത്തിലേക്ക് വെളിച്ചംവീശുന്ന കുറെയേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കപ്പെടുകയുണ്ടായി. ഇന്ത്യ കണ്ട വലിയ ലിബറല്‍ നേതാവായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നടന്ന ഈ പ്രവര്‍ത്തനങ്ങള്‍ പല സാംസ്‌കാരികസ്ഥാപനങ്ങള്‍ക്കും വഴിയൊരുക്കി. അവയുടെ പ്രവര്‍ത്തനങ്ങളെല്ലാം കുറ്റമറ്റതല്ലായിരുന്നുവെങ്കിലും സാംസ്‌കാരികമേഖലയില്‍ ഒരു പുതിയ ഉണര്‍വ് സൃഷ്ടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് അനിഷേധ്യമാണ്.

പക്ഷേ, സര്‍ഗാത്മകമേഖലയ്ക്കുമാത്രം പ്രാധാന്യം കൊടുത്തുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും എത്തിച്ചേര്‍ന്നില്ല. സാംസ്‌കാരിക പിന്നോക്കാവസ്ഥയെ വേണ്ടത്ര അഭിസംബോധന ചെയ്യുകയും ഉണ്ടായില്ല. തത്ഫലമായി ഇന്ത്യന്‍ സമൂഹത്തില്‍ ഒരുതരം സാംസ്‌കാരിക പിന്നോക്കാവസ്ഥ വളര്‍ന്നുവന്നു. ഈ പിന്നോക്കാവസ്ഥയാണ് വര്‍ഗീയപ്രതിലോമശക്തികള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാമൂഹിക സാംസ്‌കാരിക പിന്നോക്കാവസ്ഥ സൃഷ്ടിച്ച ഉപബോധമണ്ഡലത്തിന് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാംസ്‌കാരികജീവിതത്തിന്റെ അടിത്തറയാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു.

സാംസ്‌കാരികമേഖലയെ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അതൊരു വലിയ ശക്തിയായി രൂപാന്തരപ്പെട്ടു. ഹിന്ദുത്വരാഷ്ട്രീയവും ഇന്ത്യന്‍ സംസ്‌കാരവുമായുള്ള അടിസ്ഥാനരഹിതമായ ബന്ധം ഒരു പൊതുബോധമായി വളര്‍ത്തിക്കൊണ്ടുവരുന്ന അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നതില്‍ ഹിന്ദുവര്‍ഗീയത വിജയിച്ചു.

തത്ഫലമായി, ഇന്ത്യന്‍ ഭരണത്തെ കൈയാളാന്‍ വര്‍ഗീയതയ്ക്ക് കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും ദൌര്‍ഭാഗ്യകരമായ യാഥാര്‍ഥ്യം. ഇത് വര്‍ഗീയസംഘടനകളുടെ നിരന്തരപ്രവര്‍ത്തനത്തിന്റെ പരിണതഫലം മാത്രമല്ല. ഇന്ത്യന്‍ ലിബറല്‍ശക്തികളുടെ അപചയത്തിന്റെകൂടി പ്രതിഫലനമാണ്.

ആധുനികതയും വികസനവും ഇന്ന് പ്രതിലോമശക്തികള്‍ ഉപയോഗിക്കുന്ന ആകര്‍ഷകങ്ങളായ സങ്കല്‍പ്പങ്ങളാണ്. യന്ത്രവല്‍ക്കരണവും ഭൌതികജീവിതത്തിന്റെ സുഖസൌകര്യങ്ങളും മാത്രം ആധുനികതയുടെയും വികസനത്തിന്റെയും അളവുകളല്ല. വികസനത്തെയും ആധുനികതയെയും അപനിര്‍മാണം ചെയ്യേണ്ടത് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു കര്‍ത്തവ്യമാണ് ഇന്ന്, ജനാധിപത്യവാദികള്‍ക്കും മതേതരവിശ്വാസികള്‍ക്കും.

സാമാന്യവല്‍ക്കരണങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന വൈപരീത്യങ്ങളുടെ സ്വഭാവം അനാച്ഛാദനം ചെയ്യാന്‍ അത് ഉപകരിച്ചേക്കാം. സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ 70 വര്‍ഷങ്ങള്‍ ആധുനികതയ്ക്കും വികസനത്തിനും പുരോഗതിക്കും പുറമെ സാമൂഹ്യദുരന്തത്തിനും സാംസ്‌കാരിക പിന്നോക്കാവസ്ഥവയ്ക്കും സാക്ഷ്യംവഹിക്കുന്നു എന്നുകൂടി തിരിച്ചറിയേണ്ടതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here