കേരളത്തില്‍ നിന്നെത്തി സ്വകാര്യ ഹിന്ദി ചാനലിന്റെ റിയാലിറ്റി ഷോയില്‍ ബിന്‍ തേരെ എന്ന ഗാനം പാടി താരമായി മാറുകയും കിംഗ് ഖാനെ അതേ വേദിയില്‍ എടുത്തുയര്‍ത്തി ബോളിവുഡിന്റെ മനം കവരുകയും ചെയ്ത വൈഷ്ണവ് ഗിരീഷിന് സ്വപ്ന തുല്യമായ നേട്ടം. ചെറുപ്രായത്തില്‍ തന്നെ വിസ്മയം തീര്‍ത്ത വൈഷ്ണവിനെ തേടി ഇന്ത്യന്‍ സംഗീത ഇതിഹാസമായ എ.ആര്‍. റഹ്മാന്റെ ക്ഷണമെത്തി.
റഹ്മാന്റെ സംഗീതജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷച്ചടങ്ങില്‍ റഹ്മാനോടൊപ്പം പാടാനാണ് വൈഷ്ണവിന് ക്ഷണം. ഓഗസ്റ്റ് ഇരുപതിന് ചെന്നൈയില്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഷോയില്‍ ഇളയദളപതി വിജയും പങ്കെടുക്കും. വിജയ് നായകനാവുന്ന മെര്‍സലിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് റഹ്മാന്റെ സംഗീത ജീവിതത്തിന്റെ രജത ജൂബിലിയാഘോഷവും നടക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെ വൈഷ്ണവ് തന്നെയാണ് റഹ്മാനൊപ്പം പാടുന്ന കാര്യം അറിയിച്ചത്. ‘സംഗീത ഇതിഹാസമായ ഒരേയൊരു എ ആര്‍ റഹ്മാനെ കാണാന്‍ പോവുകയാണ് ഞാന്‍. ഓഗസ്റ്റ് ഇരുപതിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പം പാടാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്. ഇളയദളപതി വിജയ് സാറുമുണ്ട് ഷോയില്‍. ഇതില്‍ കൂടുതല്‍ ഞാന്‍ മറ്റെന്ത് പ്രതീക്ഷിക്കണം.
എന്റെ ജീവിതത്തിന് ഒരു അര്‍ഥമുണ്ടായിരിക്കുകയാണ്. വേറെന്ത് പറയാന്‍. ബാക്കിയെല്ലാം സര്‍ശക്തനായ ഈശ്വരന് സമര്‍പ്പിക്കുകയാണ്. ഈ പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും എല്ലാവര്‍ക്കും നന്ദി. നടന്‍ വിജയിനും അറ്റ്‌ലികുമാറിനും എന്റെ പ്രത്യേകമായ നന്ദി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല. അത്രയ്ക്കും സന്തോഷമുണ്ട്’. വൈഷ്ണവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ ഐഡല്‍, സി ടി.വിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സ് തുടങ്ങിയ റിയാലിറ്റി ഷോകളിലായിരുന്നു വൈഷ്ണവിന്റെ മാസ്മരിക പ്രകടനം. യൂട്യൂബിലിട്ട പാട്ട് രണ്ട് ദിവസം കൊണ്ട് ഒരു കോടിയിലേറെപ്പേരാണ് കണ്ടത്.
അതിനുശേഷം ജബ് ഹാരി മെറ്റ് സേജള്‍ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ നായകന്‍ ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തി വാര്‍ത്തയിലെ താരമാവുകയും ചെയ്തു വൈഷ്ണവ്.
തൃശൂര്‍ കയ്പമംഗലത്ത് കാനറാ ബാങ്ക് ഉദ്യോഗസ്ഥനായ കെ ഗിരീഷ് കുമാറിന്റെയും ഹൈക്കോടതി അഭിഭാഷകയായ മിനി വി മേനോന്റെയും മകനാണ് 15കാരനായ വൈഷ്ണവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here