പാന്‍ കാര്‍ഡുകള്‍ക്ക് പിന്നാലെ 81 ലക്ഷം ആധാര്‍ കാര്‍ഡുകളും അസാധുവാക്കി; നിങ്ങളുടെ കാര്‍ഡ് റദ്ദാക്കിയോയെന്ന് പരിശോധിക്കാം

ദില്ലി: പതിനൊന്ന് ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കിയതിന് പിന്നാലെ 81 ലക്ഷം ആധാര്‍ നമ്പറുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ജീവമാക്കി. ആധാര്‍ എന്‍ റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകളുടെ ലംഘനത്തിനാണ് ഇത്രയേറെ കാര്‍ഡുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അസാധുവാക്കിയത്. രാജ്യത്തെ 115 കോടി ജനങ്ങള്‍ക്ക് ബയോമെട്രിക് ആധാരമാക്കിയുള്ള 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്കിയിട്ടുണ്ടെന്നാണ് യുഐഡിഎഐയുടെ കണക്ക്.

വ്യക്തികളുടെ ആധാര്‍ നമ്പര്‍ ഇപ്പോള്‍ നിലവിലുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനാ സംവിധാനം യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.അതോറിറ്റിയുടെ വെബ്‌സൈറ്റായ http://uidai.gov.in തുറന്നതിന് ശേഷം Aadhaar Servicse ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്പറും സൈറ്റില്‍ കാണുന്ന സെക്യൂരിറ്റി കോഡും എന്റര്‍ ചെയ്യണം. ആധാര്‍ നമ്പര്‍ റദ്ദായിട്ടില്ലെങ്കില്‍ അടുത്ത പേജില്‍ നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് കാണിക്കും.

ആധാര്‍ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ പേജില്‍ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജില്‍ ഉണ്ടാകും. റദ്ദാക്കിയവര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് വീണ്ടും അപേക്ഷിച്ചാല്‍ പുതിയ ആധാര്‍ കാര്‍ഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

പാന്‍ കാര്‍ഡുകള്‍ നിലവിലുണ്ടോ എന്നറിയാന്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലും സംവിധാനമുണ്ട്. www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിന്റെ ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതേത്തുടര്‍ന്ന് ഒരു ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News