എംകെ ദാമോദരന്‍: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സുപ്രധാന കേസുകളില്‍ എന്നും വാദമുഖം; നിയമപുസ്തകങ്ങള്‍ തലനാരിഴ കീറി വാദങ്ങള്‍ സമര്‍ത്ഥിക്കുന്ന നിയമജ്ഞന്‍

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സുപ്രധാനമായ കേസുകളില്‍ എന്നും വാദമുഖമായി തെളിഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അഡ്വ എംകെ ദാമോദരന്‍. അഡ്വക്കെറ്റ് ജനറലായിരുന്ന കാലത്ത് വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സൂര്യനെല്ലിക്കേസ് എന്നിവയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. ലാവ്‌ലിന്‍ കേസില്‍ എം കെ ദാമോദരന്റെ വാദമുഖങ്ങള്‍ പരിഗണിച്ചാണ് പിണറായി വിജയന് കോടതി വിടുതല്‍ നല്‍കിയതും.

നീതിന്യായ പീഠത്തിന് മുന്നില്‍ നിയമപുസ്തകങ്ങള്‍ തലനാരിഴ കീറി തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കുന്ന നിയമജ്ഞനായിരുന്നു അഡ്വ എം കെ ദാമോദരന്‍. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സമകാലിക സംഭവങ്ങളില്‍ എം കെ ദാമോദരന്‍ എന്ന നിയമജ്ഞന്റെ വാദപ്രതിവാദങ്ങള്‍ എന്നും നിയമചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്.

1996 മുതല്‍ 2001 വരെ ഇ കെ നായനാരുടെ ഭരണകാലത്ത് അഡ്വക്കെറ്റ് ജനറലായിരുന്നു അദ്ദേഹം. സൂര്യനെല്ലി പീഡനം, ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുടങ്ങിയ കേസുകളില്‍ അഭിഭാഷകനായി ഹാജരായി. എഴുപതുകളില്‍ നക്‌സലറ്റുകള്‍ക്ക് വേണ്ടിയും അദ്ദേഹം നിരവധി തവണ ഹാജരായിട്ടുണ്ട്. മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ രണ്ട് വിജിലന്‍സ് കേസുകളില്‍ മാണിയുടെ അഭിഭാഷകനായിരുന്നു അഡ്വ എം കെ ദാമോദരന്‍.

കോഴി ഇറക്കുമതിയും സൗന്ദര്യവര്‍ധക മരുന്നുകമ്പനികള്‍ക്കും വഴിവിട്ട് നികുതിയിളവ് നല്‍കിയെന്ന കേസുകളിലായിരുന്നു മാണിക്കായി എം കെ ദാമോദരന്‍ ഹാജരായത്. പാനൂര്‍ സോമന്‍ വധക്കേസ്, കാസര്‍ഗോഡ് ഹംസ വധക്കേസ്, അടവിച്ചിറ ജയിംസ് വധക്കേസ്സ്, വര്‍ഗ്ഗീസ് വധക്കേസ്, തുടങ്ങീ നിരവധി കൊലപാതക കേസുകളും അദ്ദേഹം കൈകാര്യം ചെയ്തു. ലോട്ടറി രാജാവ് സാന്റിയോഗോ മാര്‍ട്ടിന് വേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി ആരോപണം നേരിട്ട ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന് വേണ്ടിയും പാറമട ഉടമകള്‍ക്ക് വേണ്ടിയും അദ്ദേഹം കോടതിയില്‍ ഹാജരായത് പിന്നീട് വിവാദമായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചപ്പോഴായിരുന്നു ബിജെപി ഇത് രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. സര്‍ക്കാര്‍ കക്ഷികളായ കേസുകളില്‍ എതിര്‍ഭാഗത്തിനായി വാദിച്ചയാള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായതിനെ ചോദ്യം ചെയ്്തായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക് നിന്നുകൊടുക്കാതെ അദ്ദേഹം ഉപദേഷ്ടാവ് ആകാനില്ലെന്ന് അറിയിക്കുകയായിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വിടുതല്‍ നേടിക്കൊടുത്ത നിയമപണ്ഡിതനായിരുന്നു എംകെ ദാമോദരന്‍.

ലാവ്‌ലിന്‍ കേസ് സിബിഐ കോടതിയില്‍ വാദിച്ച അദ്ദേഹത്തിന് പിണറായി വിജയന്‍ നിരപരാധിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനായി. ഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ നല്‍കിയപ്പോഴും ദാമോദരന്‍ തന്നെയായിരുന്നു പിണറായി വിജയന്റെ അഭിഭാഷകന്‍. ലാവ്‌ലിന്‍ കേസില്‍ ഓണാവധിക്ക് മുന്‍പായി ഹൈക്കോടതി വിധി പറയാനിരിക്കെയാണ് എം കെ ദാമോദരന്റെ ആകസ്മിക മരണം.

ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും തന്റെ അഭിഭാഷക ജീവിതത്തില്‍ രാഷ്ട്രീയത്തിനമപ്പുറം നിയമം കൊണ്ട് പോരാടി ജയിക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News