മുരുകന്റെ കുടുംബത്തിന് കൈത്താങ്ങായി പിണറായി സര്‍ക്കാര്‍; 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് കൈത്താങ്ങായി സംസ്ഥാനസര്‍ക്കാര്‍. മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ ഈ തുക ബാങ്കില്‍ നിക്ഷേപിക്കും. ഇതിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിന് ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടി.

നേരത്തെ, മുരുകന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ആത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഞ്ച് കളക്ടര്‍മാരെ സ്ഥലം മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ വാസുകിയെ തിരുവനന്തപുരം കളക്ടറായും ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായും നിയമിച്ചു. ടി.വി അനുപമയാണ് പുതിയ ആലപ്പുഴ കളക്ടര്‍. കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here