മോദി ഭരണത്തിന് കീഴില്‍ ഫെഡറലിസം അപകടത്തിലാണെന്ന് യെച്ചൂരി; ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ കേന്ദ്രം അധികാരം ദുരുപയോഗപ്പെടുത്തുന്നു

ദില്ലി: സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി ഭരണത്തിന്‍ കീഴില്‍ ഫെഡറലിസം അപകടത്തിലാണെന്നും യെച്ചൂരി പറഞ്ഞു. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം ദുരുപയോഗപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയ യെച്ചൂരി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന പ്രസംഗം ദൂരദര്‍ശനും ആകാശവാണിയും അവഗണിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. മോദി ഭരണത്തില്‍ ഫെഡറലിസം വെല്ലുവിളി നേരിടുന്നു. ഏകാധിപത്യ സ്വഭാവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ ഭരണം ദുരുപയോഗപ്പെടുത്തുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാതിരുന്ന ദൂരദര്‍ശന്റെ നടപടി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ വിജയദശമി പ്രഭാഷണം തത്സമയം പ്രക്ഷേപണം ചെയ്ത ദൂരദര്‍ശന്‍ ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ തയ്യാറാകാത്തതിലൂടെ നല്‍കുന്ന സന്ദേശം എന്താണെന്നും യെച്ചൂരി ചോദിച്ചു.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നോട്ടുനിരോധനത്തിനു ശേഷം രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി പറയുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം എത്ര രൂപയുടെ പഴയ നോട്ടുകള്‍ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം. യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനം മൂലം ഗുണം ഉണ്ടായത് കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകള്‍ സൂക്ഷിച്ചവര്‍ക്കുമാണ്. നോട്ട് നിരോധനത്തിന്റെ മറവില്‍ കണ്ണപ്പണം വെളുത്ത പണമാക്കുകയും കള്ളനോട്ടകള്‍ മാറ്റി നല്ല നോട്ടുകളാക്കുകയും ചെയ്തു.

ജമ്മുകാശ്മീര്‍ വിഷയത്തില്‍ വെടിയുണ്ടകളല്ല സമാധാനത്തിന്റെ മാര്‍ഗ്ഗമാണ് ഉചിതമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കുന്നു. എന്നാല്‍ പത്ത് മാസം മുമ്പ് സര്‍വ്വകക്ഷി സംഘം ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ചതിനു ശേഷം ദില്ലിയില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനമാണ് ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹരത്തിന് ശ്രമിക്കണമെന്നത്. എന്നാല്‍ ഇത്രകാലമായിട്ടുംചര്‍ച്ചകള്‍ ആരംഭിച്ചില്ല. ആദ്യം വാഗ്ദാനങ്ങള്‍ പാലിക്കണം എന്നിട്ട് മതി പുതിയ പ്രഖ്യാപനങ്ങളെന്നും യെച്ചൂരി പറഞ്ഞു. മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് തെറ്റായ നടപടിയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News