നീതിയുടെ ജനകീയ മുഖം

ഇന്ത്യയിലെ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനായിരുന്ന എം കെ ദാമോദരന്റെ നിര്യാണം പൊതുജീവിതത്തിനും വിശിഷ്യ നിയമലോകത്തിനും അപരിഹാര്യമായ നഷ്ടമാണ്. ഏതെങ്കിലും കേസിന്റെ ഭാഗമായി എം കെ എത്താത്ത കോടതികള്‍ കേരളത്തിലുണ്ടാവില്ല. ക്രിമിനല്‍ രംഗത്തുള്ള പ്രാഗത്ഭ്യത്തോടൊപ്പം മറ്റ് വിവിധ നിയമ വിഷയങ്ങളിലും അഗാധമായ പണ്ഡിതനായിരുന്നു അദ്ദേഹം 1996ല്‍ അധികാരത്തിലെത്തിയ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറലായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസുകള്‍ക്ക് അദ്ദേഹം ഹാജരായിട്ടുണ്ട്.

വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് എം കെ പൊതുജീവിതം ആരംഭിക്കുന്നത്. തലശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. പിന്നീട് തലശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ കാലം മുതല്‍ സിപിഐ എമ്മുമായി അടുത്തബന്ധം പുലര്‍ത്തി. ഭൂപരിഷ്‌കരണ നിയമപ്രകാരം കുടികിടപ്പുകാര്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നേടിയെടുക്കുന്നതിന് നിരവധി കേസുകളില്‍ ഹാജരായി. ഇതിനായി നിയമസഹായ കമ്മിറ്റി രൂപീകരിച്ച് അഭിഭാഷകരെ രംഗത്തിറക്കി പ്രവര്‍ത്തിക്കാനും അദ്ദേഹം സന്നദ്ധനായി.

തലശേരി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍, തലശേരി കോഫി ക്യൂറിങ് തൊഴിലാളി സംഘടന, കശുവണ്ടി തൊഴിലാളി യൂണിയന്‍, മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയവയുടെ ഭാരവാഹി എന്ന നിലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. 1969ലെ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ സമരത്തിലും 73ലെ എന്‍ജിഒ അധ്യാപക പ്രക്ഷോഭത്തിലും തലശേരിയില്‍ രൂപീകരിച്ച സമര സഹായ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുകയുണ്ടായി. ആ പോരാട്ടങ്ങളിലെല്ലാം നേതൃപരമായ പങ്കുവഹിക്കാനും കഴിഞ്ഞു. ഒരുവേള തലശേരി മുനിസപ്പല്‍ കൌണ്‍സിലറായി പ്രവര്‍ത്തിച്ചു. തലശേരി സ്‌പോര്‍ടിങ് യൂത്ത് ലൈബ്രറിയുടെ അധ്യക്ഷനായും ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയുണ്ടായി. കോടിയേരി ദേശീയ വായനശാലയുടെ ആദ്യകാലത്തെ പ്രധാന സംഘാടകനുമായിരുന്നു. അങ്ങനെ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു എം കെ ദാമോദരന്‍.

അടിയന്തരാവസ്ഥക്കാലത്ത് മൌലികാവകാശങ്ങള്‍ റദ്ദാക്കിയതിനെതിരെ പ്രസംഗിച്ചതിനും ഗവണ്‍മെന്റിനെതിരെ കേസുകള്‍ വാദിച്ചതിനും മിസ നിയമ പ്രകാരം ആറ് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തലശേരി ജില്ലാ കോടതിയുടെ അവിഭാജ്യ ഭാഗമായിരുന്ന എം കെ പിന്നീട് എറണാകുളത്തേക്ക് പ്രാക്ടീസ് മാറ്റി. തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനെന്ന നിലയിലേക്ക് ഉയര്‍ന്നത് അതിവേഗം. ഇടതുപക്ഷത്തോടൊപ്പം പൊതുവിലും സിപിഐ എമ്മിനോടൊപ്പം പ്രത്യേകിച്ചും എക്കാലവും അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയമായ പതറിച്ച ഒരിക്കലും പ്രകടിപ്പിച്ചില്ല. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ എം കെ ഹാജരായി. അങ്ങനെ കേരളത്തിന്റെ നിയമചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. എം കെയും കുടുംബവുമായി അടുത്തബന്ധമാണ് ചെറുപ്പംമുതല്‍ എനിക്കുണ്ടായത്. ഒരേ പ്രദേശത്തുകാര്‍ എന്ന നിലയില്‍ ആരംഭിച്ച വ്യക്തിബന്ധം അവസാനനാള്‍വരെ കാത്തുസൂക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News