ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്; പോയസ് ഗാര്‍ഡന്‍ ഏറ്റെടുത്തു ജയലളിത സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പളനിസാമി

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ട. ജസ്റ്റിസ് അധ്യക്ഷനായ കമീഷനാണ് അന്വേഷണം നടത്തുക.

പോയസ് ഗാര്‍ഡന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ജയലളിത സ്മാരകമായി വികസിപ്പിക്കുമെന്നും പളനിസാമി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. ഒ പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാജിയോടെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോവുകയായിരുന്നു.

ഒ പനീര്‍ശെല്‍വം വിഭാഗവും പളനിസ്വമി വിഭാഗവും നടത്തുന്ന ലയന ചര്‍ച്ചകളുടെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

2016 ഡിസംബര്‍ അഞ്ചിനു രാത്രിയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തത്. അന്ന് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel