ബിജെപി വെറുപ്പിന്റെ രാഷ്ട്രീയവും നുണയും പ്രചരിപ്പിക്കുന്നവര്‍; സംഘികളുടെ യഥാര്‍ത്ഥമുഖം തുറന്നുകാണിച്ച് മുന്‍ ഐ.ടി സെല്‍ വാളണ്ടിയര്‍; തെറ്റിദ്ധരിക്കപ്പെടുന്ന മലയാളികളോടും സധവിക്ക് ചിലത് പറയാനുണ്ട്

സോഷ്യല്‍ മീഡിയയില്‍ ബിജെപി കുപ്രചരണങ്ങള്‍ സ്യഷ്ടിക്കാന്‍ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന് തുറന്നടിച്ച് സധവി ഖോസ്ല. ബിജെപിയുടെ സോഷ്യല്‍ മീഡിയ ട്രോള്‍ ഐഡികള്‍ നടത്തുന്ന ഹിംസാത്മകമായ സൈബര്‍ ക്യാമ്പയിനുകളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദി എഴുതിയ ഐആംഎ ട്രോള്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലൂടെയാണ് സധവി ഖോസ്ല ആദ്യമായി തന്റെ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

എംബിഎ ബിരുദധാരിയായ സധവി ഖോസ്ല നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പഞ്ചാബിലെ മയക്കുമരുന്നു മാഫിയയ്‌ക്കെതിരായി പോരാട്ടം നടത്തുന്ന ഇവര്‍ ഈ വിഷയത്തില്‍ ‘Fading Glory – Punjab, Hope Not Lost’ എന്ന ഒരു ഡോക്യുമെന്ററിയും നിര്‍മ്മിച്ചിട്ടുണ്ട്.

(ഓണ്‍ലൈന്‍ മാധ്യമമായ ഇവാര്‍ത്ത ദില്ലി കറസ്‌പോന്‍ഡന്റ് സുധീഷ് സുധാകരന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌)

ആരാണ് സധവി ഖോസ്ല ?

മോദിയെ പ്രധാനമന്ത്രി പദത്തിലേയ്‌ക്കെത്തിച്ച മിഷന്‍ 272 ക്യാമ്പയിന്‍ നയിച്ചത് ബിജെപിയുടെ ഐ ടി സെല്‍ ആയ നാഷണല്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍ സെന്റര്‍ ഓഫ് ബിജെപി (എന്‍ഡിഒസി ) ആയിരുന്നു. എന്‍ഡിഒസിയുടെ വോളണ്ടിയര്‍ ആയി ഒരുവര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും പിന്നീട് പുറത്തുവന്നു ബിജെപിയുടെ ഡിജിറ്റല്‍ ക്യാമ്പയിനുകളുടെ ഭാഗമായി നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ഉറക്കെപ്പറയുകയും ചെയ്തയാളാണു സധവി ഖോസ്ല. നരേന്ദ്ര മോദി ഉള്‍പെടെയുള്ള പല മുതിര്‍ന്ന ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സധവി ഖോസ്ല അടുത്ത കാലത്താണ് BJPയുമായി തെറ്റി പിരിഞ്ഞത്.

  • ലേഖകന്‍: എന്താണു എന്‍ഡിഒസി? എന്താണതിന്റെ ലക്ഷ്യം?

എന്‍ഡിഒസി എന്നത് ബിജെപി നേരിട്ടു നിയന്ത്രിച്ചിരുന്ന ഐ ടി സെല്‍ ആയിരുന്നു. ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യമില്ലാത്തവരും എന്നാല്‍ മോദിയെ പ്രധാനമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ചവരുമായവര്‍ക്ക് വോളണ്ടിയര്‍ ആയോ ശമ്പളം വാങ്ങുന്ന ജീവനക്കാരനായോ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം ആയിട്ടായിരുന്നു എന്‍ഡിഒസി രൂപീകരിച്ചത്. വേതനം പറ്റുന്ന നിരവധി ജീവനക്കാര്‍ ഈ സ്ഥാപനത്തിനു ഉണ്ടായിരുന്നു. അതുപോലെതന്നെ ഓണ്‍ലൈനായും ഓഫ് ലൈനായും സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയ്യാറുണ്ടായിരുന്ന എന്നെപ്പോലെയുള്ള വോളണ്ടിയര്‍മാരും അതില്‍ പ്രവര്‍ത്തിച്ചിരുന്നു. അശോകാ റോഡിലെ ബിജെപി ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.

  • പക്ഷേ താങ്കളൂടേത് ഒരു കോണ്‍ഗ്രസ്സ് പശ്ചാത്തലമുള്ള കുടുംബമാണെന്ന് കേട്ടിട്ടുണ്ട്. അവിടെനിന്നും എങ്ങനെയാണു 2014ല്‍ ബിജെപി ക്യാമ്പില്‍ എത്തിച്ചേരുന്നത്?

മോദി ഒരു വികാരമായി ആളുകള്‍ക്കിടയില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരു സമയമായിരുന്നു അത്. ഒരു കോണ്‍ഗ്രസ്സ് വിരുദ്ധവികാരവും സമാന്തരമായി ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. അണ്ണാ ഹസാരെയുടെ ക്യാമ്പയിന്‍ ഉയര്‍ത്തിയ അഴിമതിവിരുദ്ധവികാരം ഒരു ആന്റി കോണ്‍ഗ്രസ്സ് അന്തരീക്ഷം ഉണ്ടാക്കിയെടുത്തു. അണ്ണാ ഹസാരെ ക്യാമ്പയിന്‍ പൂര്‍ണ്ണമായും ആര്‍ എസ് എസ് സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. അജിത് ഡൊവല്‍ നേരിട്ടായിരുന്നു അതു നടപ്പാക്കിയതു. ആ ക്യാമ്പയിനിന്റെ അലകള്‍ ഒടുങ്ങിയപ്പോള്‍ അടുത്ത പകരക്കാരന്‍ ആയിട്ടാണു മോദിയെ ബിജെപി അവതരിപ്പിക്കുന്നത്.

കോണ്‍ഗ്രസ്സിനേയും അതിന്റെ നേതാക്കളേയും അധിക്ഷേപിക്കുന്ന ഒരു വലിയ പ്രൊപ്പഗാന്‍ഡ തന്നെ ആ സമയത്ത് നടക്കുന്നുണ്ടായിരുന്നു. മഹാത്മാ ഗാന്ധി , ജവഹര്‍ ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി തുടങ്ങിയ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളേയും മോശം പ്രതിച്ഛായയില്‍ അവതരിപ്പിക്കുന്ന ഇ മെയില്‍ ഫോര്‍വേര്‍ഡുകളും സോഷ്യല്‍ മീഡിയാ ഷെയറുകളും വ്യാപകമായിരുന്നു. കോണ്‍ഗ്രസ്സ് എന്നത് ഒരു ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് സ്ഥാപിക്കുന്നതായിരുന്നു അത്തരം ഫോര്‍വേഡുകള്‍. മുസ്ലീം അനുകൂലികളായ കോണ്‍ഗ്രസ്സുകാരുടെ ഭരണത്തിന്റെ കീഴില്‍ ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന ഒരു ബോധം എന്നെപ്പോലെയുള്ള ഉപരിമധ്യവര്‍ഗ്ഗത്തില്‍പ്പെട്ട യുവതലമുറയുടെ ഉള്ളില്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇത്തരം ഫെയ്ക് പ്രൊപ്പഗാന്‍ഡകളില്‍ വീണുപോയ നിരവധിപേരില്‍ ഒരാളായിരുന്നു ഞാനും.

  • എന്തൊക്കെയാണു എന്‍ ഡി ഓസിയുടെ പ്രവര്‍ത്തനരീതികള്‍?

അവരുടെ കയ്യില്‍ വാട്‌സാപ്പുണ്ട്. പിന്നെ പോസ്റ്റ് കാര്‍ഡ് ന്യൂസ് പോലെയുള്ള നിരവധി വെബ്‌സൈറ്റുകളും. ഇപ്പോള്‍ അവര്‍ പുതിയൊരെണ്ണം തുടങ്ങിയിട്ടുണ്ട്. റൈറ്റ് ലോഗ് എന്ന പേരില്‍. സാങ്കേതികവിദ്യയെ ആണു അവര്‍ ഉപയോഗിക്കുന്നത്. നിരവധി വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും ചമച്ച് ഇവയിലൂടെ അവര്‍ പ്രചരിപ്പിക്കും. അതിനായി അവര്‍ക്കൊരു വലിയ നെറ്റ് വര്‍ക്കുണ്ട്. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വലിയ നെറ്റ് വര്‍ക്ക്. ഇന്ത്യയിലും വിദേശത്തുമായി കോടിക്കണക്കിനു സന്നദ്ധപ്രവര്‍ത്തകരുള്ള ഈ നെറ്റ് വര്‍ക്കിലൂടെ അതു പ്രചരിക്കും. വൈറലാകും.

ബിജെപിയ്ക്ക് ഒരു പാര്‍ട്ടി എന്നനിലയില്‍ ആളുകളുടെ മുന്നില്‍ നല്ല പ്രതിച്ഛായ സൂക്ഷിക്കണം. മോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ സ്വയം സ്റ്റേറ്റ്‌സ്മാന്‍ ആകണം. സമാന്തരമായി വിര്‍ച്വല്‍ ലോകത്തില്‍ ഉള്ള ഈ പ്രൊഫഷണല്‍ സൈന്യം അവരുടെ പ്രൊപ്പഗാന്‍ഡ വൃത്തിയായി ചെയ്തുകൊള്ളും. ഈ ഓണ്‍ലൈന്‍ സംഘം പല വെബ് പോര്‍ട്ടലുകളും ഗ്രൂപ്പുകളും ഒക്കെയായി വികേന്ദ്രീകൃതമായ രീതിയില്‍ ആണു പ്രവര്‍ത്തിക്കുന്നത്. പക്ഷേ എല്ലാവരെയും ഫണ്ട് ചെയ്യുന്നത് ബിജെപി ആണു. നിങ്ങള്‍ തന്നെ പറയൂ. പണം കിട്ടുന്നില്ലെങ്കില്‍ ആരാണു പോസ്റ്റ് കാര്‍ഡ് ന്യൂസ് പോലെ ഒരു വെബ്‌സൈറ്റ് നടത്തുക?

ഈ വ്യാജവാര്‍ത്തകളും സാഹിത്യവും ചരിത്രവും എല്ലാ രചിക്കപ്പെടുന്നത് ആര്‍എസ്എസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും ഹിന്ദുക്കള്‍ അപകടത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ആര്‍ എസ് എസിന്റെ ബൗദ്ധികവിഭാഗമാണു സൃഷ്ടിക്കുന്നത്.

  • ഈയടുത്തകാലത്തായി കേരളത്തിനെതിരായി ഒരു വലിയ ഹേറ്റ് ക്യാമ്പയിന്‍ ദേശീയതലത്തില്‍ നടക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകളും ആണു ഇതിനായി മുന്നില്‍ നില്‍ക്കുന്നത്. താങ്കള്‍ എങ്ങനെയാണു ഇതിനെ നോക്കിക്കാണുന്നത്?

ഞാന്‍ കേരളത്തിലോ പശ്ചിമ ബംഗാളിലോ പോയിട്ടില്ല. എനിക്കവിടെ എന്താണു നടക്കുന്നത് എന്ന് കൃത്യമായി അറിയില്ല. പക്ഷേ നിങ്ങള്‍ ഏതൊരു ബിജെപി പ്രവര്‍ത്തകനോടോ ആര്‍എസ്എസ് പ്രവര്‍ത്തകനോടോ ചോദിച്ചു നോക്കൂ. അവര്‍ പറയും കേരളത്തില്‍ നിരവധി മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന്. ഹിന്ദുക്കള്‍ക്കെതിരായി കേരളത്തില്‍ നിരവധി അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറയും. ഇതേകാര്യങ്ങള്‍ പശ്ചിമബംഗാളിനെക്കുറിച്ചും അവര്‍ പറയും. പണ്ടു തൊട്ടേ അങ്ങനെയാണു. കാരണം പശ്ചിമബംഗാളില്‍ കാലങ്ങളോളം ഇടതുപക്ഷമായിരുന്നു ഭരിച്ചിരുന്നത്. കേരളത്തില്‍ ആണെങ്കില്‍ ഇടതും കോണ്‍ഗ്രസ്സും മാറിമാറി ഭരിക്കുന്നു. ആര്‍എസ്എസിന്റെ ഏറ്റവും വലിയ ശത്രു ഇടതുപക്ഷമാണു.

അല്‍പ്പം ഇടത്തോട്ട് ചാഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ്സും അവരുടെ ശത്രുവാണെങ്കിലും പ്രഥമശത്രു ഇടതുപക്ഷം തന്നെയാണു. കാരണം ആര്‍എസ്എസ് എന്നത് തീവ്രവലതുപക്ഷമാണു. ബിജെപി അനുകൂല ഗ്രൂപ്പുകളിലും മറ്റും ഷെയര്‍ ചെയ്യപ്പെടുന്ന വാട്‌സാപ്പ് മെസേജുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും എത്ര മോശമായാണു അവര്‍ കേരളത്തെ ചിത്രീകരിക്കുന്നത് എന്ന്. കേരളത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നെന്നും നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പശ്ചിമബംഗാളില്‍ ഹിന്ദുക്കളെ ദുര്‍ഗ്ഗാപൂജ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന തരത്തിലാണു പ്രചാരണങ്ങള്‍. അതു നുണയാണു എന്നെനിക്കറിയാം. കാരണം എനിക്കു നിരവധി ബംഗാളി സുഹൃത്തുക്കളുണ്ട്.

ഇതൊന്നും സത്യമാണോ എന്ന് ശരിക്കറിയാത്ത ഞങ്ങള്‍ (വടക്കേ ഇന്ത്യയിലെ ഹിന്ദുക്കള്‍ ) ഇതൊക്കെ വിശ്വസിക്കും. അതാണു പ്രശ്‌നം. നോക്കൂ, ഈ വാട്‌സാപ്പ് എന്നുപറയുന്ന സാധനം സമുദായങ്ങള്‍ക്കിടയില്‍ അത്രയധികം വെറുപ്പാണു സൃഷ്ടിക്കുന്നത്. ഇപ്പോള്‍ കേരളത്തെക്കുറിച്ചു ഒന്നുമറിയാത്ത എനിക്കു വാട്‌സാപ്പില്‍ ഒരു ഫോര്‍വാര്‍ഡ് കിട്ടുകയാണെന്ന് കരുതുക. ‘കേരളത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഹിന്ദുക്കള്‍ ‘ എന്ന ക്യാപ്ഷനും കൂടെ ഒരു ചിത്രവും. ഒറ്റയടിക്ക് ഞാന്‍ വിശ്വസിക്കില്ലേ?

  • കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ ആണല്ലോ മറ്റൊരു പ്രചാരണം? രാഷ്ട്രീയ കൊലപാതകങ്ങളെ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ എന്നതരത്തില്‍ ഏകപക്ഷീയമായാണു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍എസ്എസുകാര്‍ ആക്രമിക്കപ്പെടുന്നു എന്നല്ല ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു അല്ലെങ്കില്‍ കൊല്ലപ്പെടുന്നു എന്നതരത്തില്‍ത്തന്നെയാണു ഇത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളേയും അവര്‍ ഇവിടെ പ്രചരിപ്പിക്കുന്നത്. ആര്‍ എസ് സിനു നേരേയുള്ള ഏതുതരം ആക്രമണങ്ങളേയും ഹിന്ദുക്കള്‍ക്ക് നേരേയുള്ള ആക്രമണമായാണു അവര്‍ ചിത്രീകരിക്കുക. ഞാനെന്നു മുതലാണോ മോദിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തിവെച്ചത്, അന്നുമുതല്‍ സംഘപരിവാര്‍ബിജെപി പ്രവര്‍ത്തകര്‍ ട്വിട്ടറിലും മറ്റും എന്നെ ട്രോള്‍ ചെയ്യുന്നത് എന്നെ ‘ജിഹാദിയെന്നും’ ഹിന്ദുവിരുദ്ധയെന്നും വിളിച്ചുകൊണ്ടാണു. ഒറ്റരാത്രികൊണ്ട് ഞാനവര്‍ക്ക് ജിഹാദിയായി.

കേരളത്തിനെതിരെ എന്നതു മാത്രമല്ല, ഈ രാജ്യത്തിന്റെ സാമൂഹിക നിര്‍മ്മിതിയെത്തന്നെ ഇവര്‍ നശിപ്പിക്കുകയാണു. അത്രയധികം വെറുപ്പ് ഈ രാജ്യത്തു അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.ഉദാഹരണത്തിനു കേരളത്തില്‍ പൊതുസ്ഥലത്തു വെച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കന്നുകാലിയെ കശാപ്പ് ചെയ്ത സംഭവം തന്നെ എടുക്കുക. പൊതുസ്ഥലത്ത് അങ്ങനെ ചെയ്തു എന്നതിനു ഞാനും വ്യക്തിപരമായി എതിരാണു. പക്ഷേ ബിജെപി ചെയ്യുന്നതെന്താണു? ഇത്തരം കാര്യങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗത്തുള്ള ഹിന്ദുക്കളെ ധ്രുവീകരിക്കാന്‍ വേണ്ടി ബിജെപി ഇതിനെ ഉപയോഗിക്കുകയാണു.

ഞാന്‍ ഒരു ഹിന്ദുമതവിശ്വാസിയാണു. എന്റെ കുടുംബത്തിലാരും ബീഫ് കഴിക്കാറില്ല. ബീഫ് വിളമ്പുന്ന ഒരു റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പോലും എനിക്കു ബുദ്ധിമുട്ടുണ്ട്. പക്ഷേ എന്റെ അയല്‍ക്കാരന്‍ ബീഫ് കഴിക്കുന്നു എന്നത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. പക്ഷേ ബിജെപിയുടെ കപടത നമ്മള്‍ കാണേണ്ടതുണ്ട്. വടക്കേ ഇന്ത്യ മുഴുവന്‍ പശു മാതാവാണെന്ന് പ്രചരിപ്പിക്കുന്ന ബിജെപി, തങ്ങള്‍ ഭരിക്കുന്ന ഗോവയില്‍ ബീഫിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു.

തങ്ങള്‍ ഭരിക്കുന്ന ഗോവയില്‍ ഉയര്‍ത്താത്ത ബീഫ് പ്രശ്‌നം കേരളത്തിന്റെ പേരില്‍ ഉയര്‍ത്തുന്നു. യോഗി അധികാരത്തില്‍ വന്നയുടന്‍ യുപിയിലെ എല്ലാ കശാപ്പുശാലകളും നിരോധിച്ചു. നമുക്കെല്ലാം അറിയാം മുസ്ലീങ്ങളാണു ഈ മേഖലയില്‍ കൂടുതലായി ജോലി ചെയ്യുന്നത്. യാതൊരു പകരം സംവിധാനവുമില്ലാതെ ഇത്രയധികം ആളുകളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്ന ഇത്തരം നിരോധനങ്ങളെ എങ്ങനെയാണു അംഗീകരിക്കാന്‍ സാധിക്കുക? ഇവര്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണു. വിരട്ടുകയാണു. ഇതു നമ്മുടെ സമൂഹത്തിന്റെ നേരായ പോക്കിനു ആശാസ്യമല്ല.

  • ഈ വെറുപ്പിന്റെ പ്രൊപ്പഗാന്‍ഡയെ ഒരു ഉപരിമധ്യവര്‍ഗ്ഗ സമൂഹം എങ്ങനെയാണു നോക്കിക്കാണുന്നത്?

ഹിന്ദുക്കളെ സംഘപരിവാറും അവരുടെ പ്രൊപ്പഗാന്‍ഡ വിഭാഗവും ചേര്‍ന്ന് വല്ലാതെ റാഡിക്കലൈസ് ചെയ്തിട്ടുണ്ട്. ഹിന്ദുക്കള്‍ ഇത്രയധികം റാഡിക്കലൈസ് ചെയ്യപ്പെട്ട ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. അതും പുതിയ തലമുറയിലെ അഭ്യസ്തവിദ്യരായ ഹിന്ദുക്കള്‍. എന്റെ കുടുംബത്തില്‍ ഐ ഐ ടി ഐ ഐ എം പോലെയുള്ള സ്ഥലങ്ങളില്‍ പഠിച്ചിറങ്ങിയ നിരവധിപേരുണ്ട്.

പലരും പല കമ്പനികളുടേയും സി ഇ ഓ ഒക്കെ ആണു. അവരൊക്കെ ഫാമിലിഅലൂംനി വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും സംവദിക്കുമ്പോള്‍ എടുക്കുന്ന നിലപാടുകള്‍ വെച്ചാണു ഞാന്‍ പറഞ്ഞത്. അവരൊക്കെ നിലവിലെ വെറുപ്പിന്റെ അന്തരീക്ഷത്തില്‍ വളരെ സന്തുഷ്ടരാണു. ഈ നടക്കുന്ന ആള്‍ക്കൂട്ടഹത്യകളൊക്കെ അവര്‍ക്ക് സന്തോഷം പകരുന്നു. ന്യൂനപക്ഷത്തില്‍പ്പെട്ടവരെ മര്‍ദ്ദിച്ചുകൊല്ലുന്നത് നല്ലതിനാണു എന്നരീതിയിലാണു അവരൊക്കെ പ്രതികരിക്കുന്നത്. ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയായിരുന്നെന്നും ഇപ്പോഴാണു ഹിന്ദുക്കള്‍ക്ക് ഒരു മേല്‍ക്കൈ കിട്ടിയതെന്നും ഈ മനുഷ്യര്‍ വിശ്വസിക്കുന്നു.
ഈയടുത്ത് ട്വിട്ടറില്‍ ഒരു ബിജെപി ട്രോള്‍ എന്നോട് ‘ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു ‘, ‘ഹിന്ദുക്കള്‍ അപകടത്തിലായിരുന്നു’ എന്നൊക്കെ കുറെ ബ്ലാ ബ്ലാ ന്യായങ്ങള്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു, എന്തു അടിച്ചമര്‍ത്തല്‍? എനിക്കൊരിക്കലും ഫീല്‍ ചെയ്തിട്ടില്ല. ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന തെറ്റായ ധാരണയുടെ പുറത്തല്ല 2014ല്‍ ഞാന്‍ മോദിയെ പിന്തുണച്ചത്. മോദി ഉയര്‍ത്തിയ അച്ഛേ ദിന്‍, ഗുജറാത്ത് മോഡല്‍ എന്നിവയില്‍ വിശ്വസിച്ച ഞാന്‍ കരുതി, ഇയാള്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്ന്. പക്ഷേ മോദി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ഉണ്ടായി വന്ന വെറുപ്പിന്റെ രാഷ്ട്രീയം ഗുരുതരമാണു. എങ്ങോട്ടാണു നമ്മള്‍ പോകുന്നത്?

  • ഓണ്‍ലൈനില്‍ ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ ഒരു സംഘടിതമായ ആക്രമണമാണു ബിജെപി ഐടി സെല്ലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്. എങ്ങനെയാണു ഇവര്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇവര്‍ക്കനുകൂലമാക്കി മാറ്റുന്നത്?

സധവി ഖോസ്ല: നിങ്ങള്‍ മൊത്തം മാധ്യമങ്ങളെ നോക്കൂ. തൊണ്ണൂറു ശതമാനത്തിലധികം മാധ്യമങ്ങളും അവരുടെ കയ്യിലാണു. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുകയാണു. പറയൂ, ഏതു മാധ്യമമാണു ബിജെപിയെ വിമര്‍ശിക്കുന്നത്? ആരുമില്ല. ബിജെപി തങ്ങളുടെ കൈവശമുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെ ഉപയോഗിച്ചു ഈ മാധ്യമങ്ങളെ മുഴുവന്‍ നിയന്ത്രിക്കുകയാണു. പരസ്യവരുമാനം എന്നത് കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ വിചാരിച്ചാല്‍ ഇല്ലാതാകുമല്ലോ. ഇതുവഴി പൊതുജനാഭിപ്രായത്തെ വരെ അവര്‍ സ്വാധീനിക്കുകയാണു.

വോളണ്ടിയര്‍മാരും പെയ്ഡ് ട്രോളുകളും ഉണ്ട്. ഉദാഹരണത്തിനു രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും ട്രോള്‍ ചെയ്തും ഉള്ള ട്വീറ്റുകള്‍ക്ക് ഒരു ട്വീറ്റിനു ഇത്രരൂപ എന്ന നിരക്കിലാണു അവര്‍ പണം നല്‍കുന്നത്. തേജീന്ദര്‍ പാല്‍ ബഗ്ഗയെ നോക്കൂ.അയാളൊരു ട്രോള്‍ ആയിരുന്നു. ഇപ്പോള്‍ അയാള്‍ ബിജെപിയുടെ ഡല്‍ഹിയിലെ വക്താവാണു. ഏറ്റവും നന്നായി അസഭ്യം പറയാനറിയുന്നവര്‍ക്കും നന്നായി ട്രോള്‍ ചെയ്യാനറിയുന്നവര്‍ക്കും ബിജെപിയില്‍ ഉന്നതസ്ഥാനത്തെത്താം എന്നതിന്റെ ഉദാഹരണമാണത്.

ഞാന്‍ എന്‍ഡിഒസിയില്‍ ജോലി ചെയ്തിരുന്ന സമയത്താണു അമീര്‍ഖാന്‍ അടക്കമുള്ളവര്‍ക്കെതിരായി ഓണ്‍ലൈന്‍ ആക്രമണത്തിനു ആഹ്വാനം ഉണ്ടായത്. എന്‍ ഡി ഓ സിയുടെ അധ്യക്ഷന്‍ അരവിന്ദ് ഗുപ്ത എനിക്ക് നേരിട്ട് വാട്‌സാപ്പ് വഴി മെസേജ് അയച്ചിട്ടുണ്ട്, അമീര്‍ ഖാനെ ട്വിറ്ററില്‍ ആക്രമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്. എനിക്കതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എത്രപേരാണു അത്തരത്തില്‍ ആക്രമിക്കപ്പെട്ടത്. ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായി.. ഇവരെയൊക്കെ പ്ലാന്‍ ചെയ്തു ബിജെപി ഐടി സെല്‍ ട്വിറ്ററിലും മറ്റും ട്രോള്‍ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങളില്‍ മനസ്സുമടുത്താണു ഞാന്‍ എന്‍ഡിഒസി വിടുന്നത്.

  • ഇങ്ങനെ പി ആര്‍ ജോലികള്‍ നടത്താന്‍ ധാരാളം പണമാവശ്യമുണ്ട്. എങ്ങനെയാണു അവര്‍ ഈ പണം കണ്ടെത്തിയത്?

കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ആണു പ്രധാനമായും. പിന്നെ എന്‍ആര്‍ഐ ആയ ഇന്ത്യാക്കാര്‍ വന്‍തോതില്‍ ഫണ്ട് ചെയ്യുന്നുണ്ട്. പ്രധാനമായും ഗുജറാത്തികള്‍.

എന്റെ ഒരു സുഹൃത്ത് മോദിക്കു വേണ്ടി 2014ല്‍ ഡിജിറ്റല്‍ കാമ്പയിന്‍ നടത്തിയിരുന്നു. അയാള്‍ക്ക് അതിനുള്ള പണം നല്‍കിയത് എസ്സാര്‍ ഗ്രൂപ്പ് ആണു. ലക്ഷക്കണക്കിനു രൂപയാണു നല്‍കിയത്. അതും ക്യാഷ് ആയിട്ടു.

  • വടക്കേ ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലും ഇത്തരം ഫെയ്ക് പ്രൊപ്പഗാന്‍ഡ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. ബിജെപിയുടെ ഐടി സെല്ലില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയില്‍ എന്താണു മലയാളികളോട് പറയാനുള്ളത്?

വാട്‌സാപ്പില്‍ വരുന്നതൊന്നും വിശ്വസിക്കരുത്. വാട്‌സാപ്പില്‍ ആര്‍ക്കും എന്തും ഉണ്ടാക്കിവിടാന്‍ സാധിക്കും. വെറുപ്പിന്റെ രാഷ്ട്രീയവും നുണയും പ്രചരിപ്പിക്കുന്നവരുടെ ഏറ്റവും വലിയ ആയുധമാണു വാട്‌സാപ്പ്. ബിജെപി ഗ്രൂപ്പുകളോ ട്രോളുകളോ എന്തെങ്കിലും സംഗതി വസ്തുതപോലെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഉറപ്പായും വ്യാജമായിരിക്കും എന്നു മനസ്സിലാക്കുക. നുണ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും മാത്രമായി അവര്‍ക്ക് സംവിധാനങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News