ജനങ്ങളെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് മോദി പ്രയോഗിക്കുന്നതെന്ന് യെച്ചൂരി; ഭരണഘടന തിരുത്തി എഴുതാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ജനങ്ങളെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് മോദി പ്രയോഗിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതരത്വവും ബഹുസ്വരതയും തകര്‍ക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും യെച്ചൂരി പറഞ്ഞു. ജെഡിയു വിമത നേതാവ് ശരദ് യാദവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ഭരണഘടന തിരുത്തി എഴുതാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മതേതര പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി പ്രകടനമായിരുന്നു ജെഡിയു വിമത നേതാവ് ശരദ് യാദവ് വിളിച്ചു ചേര്‍ത്ത സമ്മേളനം. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ്, സിപിഐഎം, സിപിഐ, എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്സ്, എന്‍സിപി, ആര്‍ജെഡി തുടങ്ങി ഒരു ഡസനിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.

കേന്ദ്ര ഭരണം ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ലെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ജനങ്ങളെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് മോദിയുടേതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു.

നീതിന്യായ വ്യവസ്ഥ, ഉദ്യാഗസ്ഥതലം, മാധ്യമരംഗം തുടങ്ങി എല്ലാ മേഖലകളിലും സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ആര്‍എസ്എസ്സെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മൂന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി സിപിഐ നേതാവ് ഡി രാജ, സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. മതേതര ചേരിയോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ശരദ് യാദവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here