വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അധ്യാപികയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ അധ്യാപികയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്‍പിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അധ്യാപിക അത്യാസന നിലയിലാണ്. സാമ്പത്തിക തര്‍ക്കമാണ് അതിക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ബംഗളൂരു മഗാഡി താലൂക്കിലെ സംബൈനപ്പള്ളിയിലെ സ്‌കൂളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. അധ്യാപികയായ കെ.ജി സുനന്ദ(50)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. രേണുകാ ആരാധ്യയെന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്.

സുനന്ദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കെ ഇയാള്‍ ക്ലാസ് മുറിയിലേയ്ക്ക് അതിക്രമിച്ച് കയറുകയും അധ്യാപികയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നാലെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍വച്ചായിരുന്നു സംഭവം.

തീ ആളിപ്പടര്‍ന്നതുകണ്ട വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിക്കു പുറത്തേക്ക് ഇറങ്ങി ഓടി. പിന്നാലെ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് സുനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 ശതമാനം പൊളളലേറ്റ അധ്യാപികയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അധ്യാപികയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ട് ഒരാള്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ച് സ്‌കൂളിലെത്തിയിരുന്നെന്ന് ഹെഡ്മാസ്റ്റര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഗഡി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് പ്രതിക്കായുളള അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News