സിനിമാ മേഖലയില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്; ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ സിനിമാ മേഖലയിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കേസിലെ അന്വേഷണ പുരോഗതി ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനുളള എല്ലാ വാദമുഖങ്ങളും പ്രോസിക്യൂഷന്‍ നടത്തും.

രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപിനായി പുതിയ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിളള ഹാജരാകുമ്പോള്‍, പുതിയ വാദമുഖങ്ങളും കോടതിയില്‍ നിരത്തും. സിനിമാ മേഖലയില്‍ നിന്ന് തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നതാണ് ദിലീപിന്റെ പുതിയ വാദം. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്ന് പറയുന്ന ദീലീപ്, മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസിനെയും ഈ ഗൂഢാലോചനക്കാര്‍ സ്വാധീനിച്ചുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

മാത്രമല്ല, അപ്പുണ്ണിയെ വിശദമായി അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും മൊഴിയിലുണ്ട്. സുനി ജയിലില്‍ നിന്നയച്ച കത്ത് ലഭിച്ചയുടന്‍ ഡിജിപിക്ക് വാട്‌സ് ആപ്പില്‍ അയച്ചുകൊടുത്തുവെന്നും രണ്ട് ദിവസം കഴിഞ്ഞ പരാതി നല്‍കിയതടക്കമുളള കാര്യങ്ങളാണ് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മാര്‍ച്ച് 28ന് സുനി ജയിലില്‍ നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ദിലീപ് 20 ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 22നാണ് പരാതി നല്‍കിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടും.

അതോടൊപ്പം കേസിലെ പുതിയ അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും. അപ്പുണ്ണിയുടെ മൊഴിയും പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതടക്കം കാര്യങ്ങള്‍ കോടതിയെ അറിയിക്കും. ദിലീപിന്റെയും മഞ്ജുവാര്യരുടെയും അടുത്ത ബന്ധുക്കളെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

നടി രമ്യാ നമ്പീശന്റെ മൊഴിയടക്കം സിനിമാ മേഖലയിലെ നിരവധി പേരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. പ്രതി ഉന്നത സ്വാധീനമുളള ആളായതിനാല്‍ ജാമ്യം നല്‍കരുതെന്ന ഉറച്ച നിലപാടാകും പ്രോസിക്യൂഷന്‍ സ്വീകരിക്കുക.

അതേസമയം, ജയിലിലായതോടെ ചിത്രീകരണം മുടങ്ങിപ്പോയ സിനിമകളുടെ കോടികളുടെ നഷ്ടം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകനും വാദപ്രതിവാദങ്ങള്‍ നിരത്തും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും നേരത്തേ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പുതിയ ജാമ്യാപേക്ഷയിലെ വിധിയും ദിലീപിന് നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News