പാലക്കാട്ട് ആര്‍എസ്എസ് മേധാവി നിയമം ലംഘിച്ചു; ത്രിപുരയില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കേന്ദ്രം നേരിട്ട് ഇടപെട്ടു

സ്വാതന്ത്ര്യം നേടിയതിന്റെ 70ാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രണ്ട് അറ്റത്ത് രണ്ട് സംഭവം അരങ്ങേറി. ഒന്ന് കേരളത്തിലും മറ്റൊന്ന് ത്രിപുരയിലും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സമീപനത്തിലും ഉള്ള പിഴവുകള്‍ വെളിവാക്കുന്നതും സര്‍ക്കാര്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയം എന്തെന്ന് വ്യക്തമായി അടയാളപ്പെടുത്തുന്നതുമാണ് ഈ സംഭവങ്ങള്‍.

ആദ്യം നമുക്ക് കേരളത്തിലെ സംഭവമെടുക്കാം. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് തീരുമാനിക്കുന്നു. ഔപചാരികമായി ദേശീയപതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് ചില നിയമങ്ങളും വ്യവസ്ഥയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്യ്രദിനം ആഘോഷിക്കണമെന്നത് സംബന്ധിച്ച് 2017 ആഗസ്ത് അഞ്ചിന് കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതത് സ്ഥാപനത്തിന്റെ തലവനാണ് ദേശീയപതാക ഉയര്‍ത്തേണ്ടതെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തികച്ചും യുക്തിസഹമായ വിജ്ഞാപനമാണ്. സംസ്ഥാന സര്‍ക്കാരിന് അത്തൊരുമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അവകാശവുമുണ്ട്. മോഹന്‍ ഭാഗവത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ല. ഭാഗവത് തലവനായ സ്ഥാപനം അങ്ങ് വളരെ ദൂരെ നാഗ്പുരിലാണ്. ഇതൊക്കെയാണെങ്കിലും മോഹന്‍ ഭാഗവത് നിയമം ലംഘിക്കാന്‍ തീരുമാനിച്ചു.

ഉത്തര്‍പ്രദേശില്‍ മോഹന്‍ ഭാഗവത് നിശ്ചയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരു വിജ്ഞാപനം ഇറക്കി. സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയപതാക ഉയര്‍ത്തുകയും ശേഷം ദേശീയഗാനം ആലപിക്കുകയും വേണമെന്നായിരുന്നു വിജ്ഞാപനം. ഉത്തരവ് പാലിക്കാത്തവര്‍ കര്‍ശന നടപടിക്ക് വിധേയമാകുമെന്നും അതില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയെന്ന് ഉറപ്പുവരുത്താന്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രിന്‍സിപ്പല്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

മിക്കവാറും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, സ്വാതന്ത്യ്രദിനാഘോഷം വര്‍ഷങ്ങളായി യുപിയിലെ മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ നടക്കാറുണ്ട്. ആര്‍എസ്എസിന്റെ ഹൈന്ദവ ആശയങ്ങളില്‍ ആവേശഭരിതരായവര്‍ ന്യൂനപക്ഷ വിഭാഗം നടത്തുന്ന സ്ഥാപനങ്ങളെ ഭീഷണിയിലൂടെ ദേശീയ ബിംബങ്ങളെ ആദരിക്കാന്‍ പഠിപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കുകയാണ്.

യുപിയിലേത് തികച്ചും പ്രകോപനപരമായ വിജ്ഞാപനമാണ്. എന്നാല്‍, കേരളത്തിലേത് സാധാരണമായ വിജ്ഞാപനവും. രണ്ട് സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ക്ക് ഇത് നടപ്പാക്കാനുള്ള എല്ലാവിധ അധികാരവുമുണ്ട്. കേരളത്തില്‍ അത് മോഹന്‍ ഭാഗവതിനെമാത്രം ബാധിക്കുന്ന ഉത്തരവല്ല. മറിച്ച് എല്ലാവര്‍ക്കും ബാധകമാകുന്നതാണ്. മറ്റൊരു പൊതുസ്ഥലത്ത് ദേശീയപതാക ഉയര്‍ത്തുന്നതില്‍നിന്ന് ഭാഗവതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ പതാക ഉയര്‍ത്തുന്നതില്‍നിന്ന് മോഹന്‍ ഭാഗവതിനെ ആരും തടഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ മോഹന്‍ ഭാഗവതിന് ഇരയുടെ പരിവേഷം നല്‍കാനാകില്ല.

സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിയമം ലംഘിക്കാനായി ഇത്ര ദൂരം സഞ്ചരിച്ച് ആര്‍എസ്എസ് തലവന്‍ കേരളത്തില്‍ വന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. ദേശീയപതാകയ്ക്ക് ത്രിവര്‍ണം നല്‍കാനുള്ള ഭരണഘടനാ നിര്‍മാണസമിതിയുടെ തീരുമാനത്തെ ആര്‍എസ്എസ് ശക്തമായി എതിര്‍ത്തിരുന്നുവെന്നത് രഹസ്യമല്ല. സ്വാതന്ത്യ്രംനേടി 52 വര്‍ഷത്തിനുശേഷമാണ് ദേശീയപതാക ഉയര്‍ത്താന്‍ ആര്‍എസ്എസ് തയ്യാറായത്. അതും വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍.

സ്വാതന്ത്യ്രപ്രാപ്തിയുടെ കാലത്ത്പുറത്തിറങ്ങിയ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ദേശീയപതാകയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘വിധിവൈരുധ്യംകൊണ്ട് അധികാരത്തിലെത്തിയവര്‍ നമ്മുടെ കൈകളില്‍ ത്രിവര്‍ണ പതാക തന്നിരിക്കുന്നു. എന്നാല്‍, അതിനെ ഒരിക്കലും ബഹുമാനിക്കാനോ അംഗീകരിക്കാനോ ഹിന്ദുക്കള്‍ക്ക് കഴിയില്ല. മൂന്ന് എന്ന വാക്കുതന്നെ ആപത്താണ്. മൂന്ന് വര്‍ണത്തിലുള്ള പതാക മോശമായ മാനസികപ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനികരമാകുകയും ചെയ്യും.’

ഈ പരാമര്‍ശത്തെ ഒരിക്കലും ആര്‍എസ്എസ് തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ക്ക് താല്‍പ്പര്യം കാവിക്കൊടിയെ ദേശീയപതാക ആക്കണമെന്നായിരുന്നു. അതുകൊണ്ട് ദേശീയപതാകയോടുള്ള സ്‌നേഹംകൊണ്ടല്ല മോഹന്‍ ഭാഗവത് കേരളത്തിലെ സ്‌കൂളിലെത്തിയത്. പിന്നെ, എന്താണ് ഭാഗവത് തെളിയിക്കാന്‍ ശ്രമിക്കുന്നത്? തന്റെ പ്രചാരകിലൊരാള്‍ പ്രധാനമന്ത്രിയായിരിക്കെ തന്റെ സംഘടനയോട് ചേര്‍ന്നുപോകാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകളെ മാനിക്കാതിരിക്കാന്‍മാത്രം താന്‍ ശക്തനാണെന്ന് ഭാഗവത് കരുതുന്നു.

കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ ആക്രമണത്തിന് ആര്‍എസ്എസുകാര്‍ ഇരയാകുന്നുവെന്ന നുണയുടെ നിര്‍മിതി വ്യാപകമായി തുടരുന്ന കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെ ബോധപൂര്‍വം പ്രകോപിപ്പിക്കാനാണ് ആര്‍എസ്എസ് തലവന്‍ ശ്രമിച്ചത്.

എന്നാല്‍, അദ്ദേഹം ഒരു നിയമംമാത്രമല്ല ലംഘിച്ചത്. ദേശീയഗാനത്തെ സംബന്ധിക്കുന്ന നിയമവും ലംഘിച്ചു. ഇത് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമമാണ്. 2002ല്‍ വാജ്‌പേയി സര്‍ക്കാര്‍ ദേശീയപതാക സംബന്ധിച്ച നിയമാവലി കൊണ്ടുവന്നിരുന്നു. ഇതില്‍ പലതും അനാവശ്യമാണെന്ന വാദം അക്കാലത്ത് വിവിധകോണില്‍നിന്ന് ഉണ്ടായെങ്കിലും അതിപ്പോള്‍ നിയമമായി നിലനില്‍ക്കുകയാണ്. ആ നിയമാവലിക്ക് മൂന്ന് ഭാഗമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതിന്റെ രണ്ടാംഭാഗത്ത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ‘ദേശീയപതാകയെ അഭിവാദ്യംചെയ്ത ശേഷം ദേശീയഗാനം ആലപിക്കണം.

ഈ സമയം പരേഡ് അറ്റന്‍ഷനില്‍ നില്‍ക്കണം.’ എന്നാല്‍, ഭാഗവത് നയിച്ച പരിപാടിയില്‍ എന്താണ് നടന്നത്? അവിടെ ആലപിച്ചത് ദേശീയഗാനമായിരുന്നില്ല. മറിച്ച് വന്ദേമാതരമായിരുന്നു. അതും അസംബ്‌ളി പിരിഞ്ഞു തുടങ്ങിയ സമയത്ത്. ആരോ ഒരാള്‍ ദേശീയഗാനം പാടിയില്ലെന്ന കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ സാഹചര്യത്തില്‍മാത്രമാണ് അതിന് തയ്യാറായത്. പിരിഞ്ഞുപോയവരെ തിരികെ വിളിച്ചാണ് ദേശീയഗാനം ആലപിച്ചത്. ഇതാണ് ആര്‍എസ്എസിന്റെ ദേശീയഗാനത്തോടുള്ള ആദരവ്.

സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങളെ നിഷേധിക്കുക, പരമമായ കാപട്യവും ഇരട്ടത്താപ്പും അതാണ് സ്വാതന്ത്യ്രദിനത്തിലെ ഭാഗവതിന്റെ കേരളയാത്ര വ്യക്തമാക്കുന്നത്. ത്രിപുരയില്‍ മറ്റൊരു കഥയാണ്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ദൂരദര്‍ശനും ആകാശവാണിക്കുമായി റെക്കോഡ് ചെയ്ത സ്വാതന്ത്യ്രദിന സന്ദേശം സെന്‍സര്‍ ചെയ്യാനുള്ള ശ്രമമാണുണ്ടായത്.

സന്ദേശത്തിന്റെ ഉള്ളടക്കത്തിലെ ഒരു വാക്കുപോലും മാറ്റാന്‍ കഴിയില്ലെന്ന് മണിക് സര്‍ക്കാര്‍ വ്യക്തമാക്കി. ഉള്ളടക്കം തിരുത്താതെ പ്രസംഗം സംപ്രേഷണം ചെയ്യാനാകില്ലെന്നു പറഞ്ഞ് ദൂരദര്‍ശനും ആകാശവാണിയും മണിക് സര്‍ക്കാരിന്റെ സ്വാതന്ത്യ്രദിന സന്ദേശം വിലക്കി. ഇതുസംബന്ധിച്ച് സംസ്ഥാന ആകാശവാണിക്ക് അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി കൂടിയാലോചന നടത്തിയും ഡല്‍ഹിയിലെടുത്ത കൂട്ടായ തീരുമാനത്തിന്റെയും ഭാഗമായി ചടങ്ങിന്റെ പവിത്രതയും പ്രൌഢിയും കാത്തുസൂക്ഷിക്കാന്‍ നിലവിലുള്ള ഉള്ളടക്കവുമായി സംപ്രേഷണം ചെയ്യാനാകില്ലെന്ന് ഉപദേശിക്കുകയാണ്”.

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മണിക് സര്‍ക്കാരിന്റെ പ്രസംഗം സിപിഐ എമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ അതില്‍ വ്യക്തമാക്കുന്നുണ്ട്. മോഡി ചില അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്കുമുമ്പുള്ള എല്ലാ സര്‍ക്കാരും അഴിമതി നടത്തിയവരാണെന്നാണ് മോഡി പറയുന്നത്. അത് അംഗീകരിക്കാം. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി തന്റെ സര്‍ക്കാരിന്റെ നയപരിപാടികള്‍ ഉയര്‍ത്തിക്കാട്ടുന്നത് അംഗീകരിക്കാനാകില്ല. ഇതാണ് പ്രധാനമന്ത്രി വിഭാവനംചെയ്യുന്ന ‘സഹകരണ ഫെഡറലിസ’ത്തിന്റെ യഥാര്‍ഥ മുഖം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സംപ്രേഷണം തടയാന്‍ നിര്‍ദേശം കൊടുക്കാന്‍ ഡല്‍ഹിയില്‍ കൂട്ടായ തീരുമാനമെടുത്തത് ആരെല്ലാമാണ്? സെന്‍സര്‍ഷിപ്പിലുള്ള കടന്നുകയറ്റത്തിലൂടെ സ്വയംഭരണസ്ഥാപനങ്ങളായ ദൂരദര്‍ശന്‍/ആകാശവാണി എന്നിവയെയും പ്രസാര്‍ഭാരതിയെയും കേന്ദ്രസര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണെന്ന കാര്യം വ്യക്തമാണ്. ഇത് ത്രിപുരയിലെ ജനങ്ങളെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും അപമാനിക്കുന്നതാണ്.

ചെങ്കോട്ടയില്‍നിന്ന് പ്രധാനമന്ത്രി ജനാധിപത്യത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും പ്രസംഗിച്ച അതേ നാള്‍തന്നെയാണ് ഈരണ്ട് സംഭവവും രാജ്യത്തുണ്ടായത്. കൊട്ടിഘോഷവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് ഈ രണ്ട് സംഭവവും വ്യക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here