തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വെ സ്‌റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ടത്. തുടര്‍ന്ന് അര കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ട് പോയെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ വലിയ ശബ്ദത്തോടെ എഞ്ചിന്‍ ഇളകിമാറുകയായിരുന്നു. റെയില്‍വെ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. കൊച്ചുവേളി സ്റ്റേഷന്‍ കഴിഞ്ഞതിനാല്‍ ട്രെയിനിന്റെ വേഗത കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി. ഈ സമയം കോച്ചുകളില്‍ വലിയ കുലുക്കവും ശബ്ദവും കേട്ടതായി യാത്രക്കാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് റെയില്‍വെയിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി.

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു. അപകടം സംബന്ധിച്ച് ദക്ഷിണ റെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു. എഞ്ചിന്‍ ഘടിപ്പിക്കുന്നതിലെ കപ്ലീംഗില്‍ വന്ന പിഴവാണ് അപകടകാരണമെന്നാണ് റെയില്‍വെയുടെ പ്രാഥമിക വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel