‘പോണ്‍ കാണാത്തവര്‍, ഷെയര്‍ ചെയ്യാത്തവര്‍ സണ്ണി ലിയോണിനെ കല്ലെറിയട്ടെ’: മലയാളിയുടെ കപടസദാചാരത്തെ പൊളിച്ചടുക്കി ഹണി ഭാസ്‌കരന്‍

സണ്ണി ലിയോണ്‍ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ കൊഴുക്കുമ്പോള്‍ താരത്തിന് അനുകൂലമായി ഇടിമിന്നല്‍ പോസ്റ്റുമായി കവയിത്രി ഹണി ഭാസ്‌കരന്‍ രംഗത്ത്. കൊച്ചിയില്‍ കണ്ട ആള്‍ക്കൂട്ടത്തോടില്ലാത്ത ബഹുമാനം തനിക്ക് സണ്ണിയോടുണ്ടെന്ന് ഹണി പറയുന്നു.

‘സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ വീണു മരിക്കാതെ 11 കുടുംബങ്ങള്‍ നിറത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ മാത്രം ഹൃദയവിശാലത സണ്ണിക്കുണ്ട്. കോടികള്‍ കയ്യിലിരുന്നിട്ടും ദളിതന്റെ ഭൂമിയും പൊതു സ്ഥലവും കയ്യേറുന്ന, ഭൂമാഫിയകളെയും അധോലോകത്തെയും വരെ കള്ളപ്പണം ഉണ്ടാക്കാന്‍ കൂട്ടുപിടിക്കുന്ന, പൊതുസമൂഹത്തില്‍ നിലയും വിലയുമുള്ള താരങ്ങളെക്കാള്‍ മികച്ച നിലപാടാണ് സണ്ണിയുടേത്. തന്റെ സമ്പാദ്യങ്ങളുടെ ഒരു വലിയ ഭാഗം, സമൂഹത്തില്‍ എന്നും അനാഥമായിപ്പോയ ചില നിലവിളികള്‍ക്കും, കണ്ണീരിനും വേണ്ടി മാറ്റി വയ്ക്കുന്നുണ്ട് സണ്ണി.’-ഹണിയുടെ പോസ്റ്റ് കത്തിക്കയറുന്നു.

ഹണി പറയുന്നത് ഇങ്ങനെ:

സണ്ണി ലിയോണിനോട് യാതൊരു ഇഷ്ടക്കേടുമില്ല. പ്രത്യേകിച്ചൊരിഷ്ടമില്ല താനും. എന്നാല്‍ ഇന്ന് കൊച്ചിയില്‍ കണ്ട ആള്‍ക്കൂട്ടത്തോടില്ലാത്ത ബഹുമാനം അവരോടുണ്ട്. കാരണം,

സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ വീണു മരിക്കാതെ 11 കുടുംബങ്ങള്‍ നിറത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ മാത്രം ഹൃദയവിശാലത അവര്‍ക്കുണ്ട്.

കോടികള്‍ കയ്യിലിരുന്നിട്ടും ദളിതന്റെ ഭൂമിയും പൊതു സ്ഥലവും കയ്യേറുന്ന, ഭൂമാഫിയകളെയും അധോലോകത്തെയും വരെ കള്ളപ്പണം ഉണ്ടാക്കാന്‍ കൂട്ടുപിടിക്കുന്ന, പൊതു സമൂഹത്തില്‍ നിലയും വിലയുമുള്ള താരങ്ങളെക്കാള്‍ മികച്ച നിലപാടാണ് അവരുടേത്.
തന്റെ സമ്പാദ്യങ്ങളുടെ ഒരു വലിയ ഭാഗം ,സമൂഹത്തില്‍ എന്നും അനാഥമായിപ്പോയ ചില നിലവിളികള്‍ക്കും, കണ്ണീരിനും വേണ്ടി മാറ്റി വയ്ക്കുന്നുണ്ടവര്‍.

ലൈംഗിക ദാരിദ്ര്യം നമ്മളുണ്ടാക്കിയ കപട സദാചാരത്തിന്റെ പരിണിത ഫലമായിരിക്കെ അവരീ സമൂഹത്തെ വഴിതെറ്റിക്കുന്നു എന്ന് വിശ്വസിക്കുന്നുമില്ല. അവരൊരു കൊള്ളക്കാരിയോ കൂട്ടിക്കൊടുപ്പുകാരിയോ സാമൂഹ്യദ്രോഹിയോ അല്ലാത്തിടത്തോളം അവരുടെ ലൈംഗിക വിപണനത്തെ കുറിച്ച് മലയാളികള്‍ ഊറ്റം കൊള്ളേണ്ട കാര്യവുമില്ല.

അവരുടെ പോണ്‍ വീഡിയോസ് കാണണമോ എന്നത് ചോയ്‌സ് മാത്രമാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല എന്നത് കൊണ്ട് ആക്രമിക്കേണ്ടതുമില്ല. അവരുടെ ലൈംഗികതയെ കുറിച്ച് അവര്‍ക്കോ ഭര്‍ത്താവിനോ പരിഭവമില്ലെങ്കില്‍ സമൂഹത്തിന് അതില്‍ ആധി ആവശ്യമില്ല.

സണ്ണിലിയോണിന്റെ ഇന്നത്തെ വരവ് ലൈവ് കാണിച്ച ചാനലുകളുടെ കമന്റ് കോളങ്ങളില്‍ അവരെയും, രഞ്ജിനിയെയും ‘വെടി’, ”വെടിപ്പുര’ തുടങ്ങിയ ശ്രേഷ്ഠഭാഷ പദപ്രയോഗം നടത്തിയ അതേ ആള്‍ക്കൂട്ടമാണ് ഇരവാദം മുഴക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നത് എന്നത് മാത്രമാണ് വിരോധാഭാസം.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഴങ്ങിക്കേട്ട ആ വിപ്ലവ വചനത്തെ ഞാനിങ്ങനെ ഒന്ന് തിരുത്തട്ടെ: ‘നിങ്ങളില്‍ പോണ്‍ വീഡിയോ കാണുകയോ, കാണാന്‍ താല്‍പര്യപ്പെടുകയോ, മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് ഷെയര്‍ ചെയ്യുകയോ, ചെയ്യാത്തവര്‍ സണ്ണി ലിയോണിനെ കല്ലെറിയട്ടെ’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News