അമ്മയെടുത്ത വായ്പ തിരിച്ചടച്ച് എട്ടുവയസുകാരന്‍; കോടതി ഒന്നടങ്കം കണ്ണീരണിഞ്ഞ ആ നിമിഷം

ദില്ലി: ലോക് അദാലത്തില്‍ വായ്പ തിരിച്ചടക്കാനെത്തിയ എട്ടുവയസുകാരനെ കണ്ട് കോടതി ഒന്നടങ്കം കണ്ണീരണിഞ്ഞു. ബിഹാറിലെ ബെഗുസരയ് ജില്ലയില്‍ നടന്ന വായ്പ്പാ അദാലത്തിലാണ് ഏവരുടെയും കരളലിയിച്ച സംഭവം നടന്നത്. ഒരപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് അമ്മയെടുത്ത വായ്പ തിരിച്ചടക്കാന്‍ എത്തിയതായിരുന്നു എട്ടുവയസുകാരന്‍ സുധീര്‍ കുമാര്‍.

വായ്പ അടയ്ക്കണമെന്ന ബാങ്ക് നിര്‍ദ്ദേശം പാലിച്ചുകൊണ്ട് കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ തുകയുമായി അമ്മയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ എത്തിയത് അദാലത്ത് ഒത്തുതീര്‍പ്പിനെത്തിയ ജഡ്ജിയുടെ പോലും കണ്ണ് നനയിച്ചു. ജഡ്ജി ബാലന്റെ പ്രായവും പ്രതിബദ്ധതയും കണക്കിലെടുത്ത് വായ്പ എഴുതി തള്ളുകയും ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 2011ലാണ് സുധീര്‍ കുമാറിന്റെ അമ്മ 21,000 രൂപ വായ്പയെടുത്തത്. സുധീര്‍ കുമാറിനെയും അമ്മയെയും ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കേണ്ടി വന്നത്. കുറച്ചു നാളിനു ശേഷം അമ്മ ഒരു വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് സുധീര്‍ അനാഥനായി.

പിന്നീട് ബന്ധു വീടുകളിലായിരുന്നു സുധീറിന്റെ വാസം. കഴിഞ്ഞയാഴ്ചയാണ് വായ്പാത്തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് കത്തയച്ചത്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്വരൂപിച്ച പണവുമായാണ് സുധീര്‍കൂമാര്‍ വായ്പാ അദാലത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here