16 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മകനെ മാതാവിനു തിരിച്ചു കിട്ടി; ഇനി ഇവരുടെ ജീവിതം സ്വര്‍ഗമാകട്ടെ

ദുബായ്: നാലാമത്തെ വയസില്‍ പൊന്നു മകനെ മാതാവില്‍ നിന്നും വേര്‍പെടുത്തി പിതാവ് സുഡാനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇനി സ്വര്‍ഗ്ഗത്തില്‍ വച്ച് കാണാം എന്നാണ് നൂര്‍ജഹാന്‍ മകനോട് പറഞ്ഞത്. എന്നാല്‍ അവരെ ഭൂമിയില്‍ വീണ്ടും ഒന്നിപ്പിക്കാനായിരുന്നു ദൈവ വിധി. 16 വര്‍ഷക്കിപ്പുറം അവര്‍ വീണ്ടും ഒന്നിച്ചു.

16 വര്‍ഷം മുമ്പ് സുഡാന്‍ സ്വദേശിയായ പിതാവ് സുഡാനിലേക്ക് കൊണ്ടുപോയ മകനെ മാതാവിനു തിരിച്ചു കിട്ടി. കോഴിക്കോട് സ്വദേശിയായ നൂര്‍ജഹാന്‍ മകന്‍ ഹനിയെ കണ്ട നിമിഷങ്ങള്‍ വികാര നിര്‍ഭരമായ മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. നരിക്കുനിയിലെ നൂര്‍ജഹാനയ്ക്ക് സമീറയടക്കം മൂന്ന് പെണ്‍കുട്ടികളായിരുന്നു. ഭര്‍ത്താവ് മരിച്ചപ്പോള്‍ കോഴിക്കോട് ജോലിചെയ്യുകയായിരുന്ന സുഡാനിയായ നാദിറിനെ രണ്ടാം വിവാഹം ചെയ്തു. അതിലുണ്ടായ കുട്ടിയാണ് ഹനി നാദിര്‍.

സുഡാന്‍ സ്വദേശിയായ പിതാവ് നദീര്‍ മിര്‍ഗാനി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനാവശ്യത്തിനു വന്നപ്പോഴാണ് കോഴിക്കോട് പെരുമണ്ണയില്‍ നിന്നും നുര്‍ജഹാനെ വിവാഹം കഴിക്കുന്നത്. ഹനി നഴ്‌സറിയില്‍ പഠിക്കുമ്പോഴാണ് ആപ്രതീക്ഷിതമായി ഉമ്മയും സഹോദരിമാരില്‍ നിന്നും പിതാവ് ഹനിയെ സുഡാനിലേയ്ക്ക് പറിച്ചു നടുന്നത്. ഭാര്യയുമായുള്ള സൗന്ദര്യപിണക്കത്തെ തുടര്‍ന്ന് നാദിര്‍ മകനെയും കൂട്ടി രാജ്യം വിടുകയായിരുന്നു. പിന്നീട് നാടുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

അന്ന് മുതല്‍ മകനെ കാണാന്‍ കഴിയാത്ത ദുഃഖത്താല്‍ കഴിയുകയായിരുന്നു നൂര്‍ജഹാനും സമീറയും മറ്റു രണ്ടു സഹോദരിമാരും. മറ്റൊരു വിവാഹം കഴിച്ച് സുഡാനില്‍ ജീവിക്കുന്ന പിതാവില്‍ നിന്നും കുടുംബത്തില്‍ നിന്നും മാനസികമായും അല്ലാതെയും വല്ലാതെ അവഗണന സഹിച്ച് കഴിയുകയായിരുന്നു ഹനി. ഈ സമയത്തെല്ലാം എങ്ങനെയെങ്കിലും ഉമ്മയെ കണ്ടെത്താനുള്ള വഴിയന്വേഷിക്കുകയായിരുന്നു. ഉമ്മയുടെ പഴയ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും പിതാവിന്റെ പെട്ടിയില്‍ നിന്ന് കണ്ടെടുത്തു.

പാലക്കാട് മണ്ണര്‍ക്കാട് സ്വദേശി ഫാറൂഖിന്റെ സുഡാന്‍ സന്ദര്‍ശനമായിരുന്നു. ഇവരുടെ ജീവിതത്തിനു വഴിതിരിവായത്. അവിടെവെച്ച് ഫാറൂഖ് ഹനിയെ പരിചയപ്പെട്ടതോടെയാണ് കഥയാകെ മാറിയത്. ഉമ്മയുടെ പണ്ടത്തെ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം പിതാവിന്റെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്ത ഹനി ഫാറൂഖിനു നല്‍കി. ഫാറൂഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹനിയെ തിരിച്ചറിഞ്ഞ ബന്ധുകളിലൊരാളായ ശിഹാബാണ് നാട്ടിലേക്ക് അറിയിച്ചത്. ഇനിയൊരിക്കലും കാണാനാകില്ലെന്നു കരുതി വര്‍ഷങ്ങളായി മകനു വേണ്ടി കരഞ്ഞു കാത്തിരിക്കുന്ന കുടുംബത്തിനു ഇത് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയായി. ദുബായില്‍ ജോലി ചെയ്യുന്ന നൂര്‍ജഹന്റെ മൂന്നാമത്തെ മകള്‍ സമീറയുടെ ശ്രമ ഫലമായി സഹോദരനെ യുഎഇ യിലേക്ക് എത്തിച്ചു.

കൈയ്യിലുള്ള സ്വര്‍ണവും പണവുമെല്ലാം ചിലവാക്കിയാണ് ദുബായിയില്‍ ഒരു കടയില്‍ ജോലി ചെയ്യുന്ന സഹോദരി സമീറയും ബന്ധുക്കളും ചേര്‍ന്ന് പിതാവ് അറിയാതെ മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ ഹനിയെ യുഎയില്‍ എത്തിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ മകനെ കാണാന്‍ നൂര്‍ജഹാന്‍ ഷാര്‍ജയിലെത്തി.

നാലാം വയസില്‍ തുടര്‍ സ്വദേശിയായ പിതാവ് ബലമായി സുഡാനിലേക്ക് കൊണ്ടുപോയ മകന്റെ നിഷ്‌കളങ്കമായ മുഖം ആയിരുന്നു നൂര്‍ജഹാന്റെ മനസ്സില്‍. മകനെക്കുറിച്ച് ഓര്‍ത്തു നീറിയ 16 വര്‍ഷങ്ങള്‍ക്കിപ്പുറം മകനെ വീണ്ടും കണ്ടു.

ഹനിയെ ഏറെനേരം കെട്ടിപ്പിടിച്ചു കരഞ്ഞു. കവിളില്‍ തലോടി ഹനിയുടെ ബാല്യകാലത്തെ ഓര്‍ത്തെടുത്തു. നാലാമത്തെ വയസ്സില്‍ ഹനിയെ പിതാവ് സുഡാനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇനി സ്വര്‍ഗ്ഗത്തില്‍ വച്ച് കാണാം എന്നാണ് നൂര്‍ജഹാന്‍ മകനോട് പറഞ്ഞത്. എന്നാല്‍ അവരെ ഭൂമിയില്‍ വീണ്ടും ഒന്നിപ്പിക്കാനായിരുന്നു ദൈവ വിധി. ഇനി നൂര്‍ജഹാന്റെയും മക്കളുടെയും കണ്ണീരു തോരട്ടെ. ഇവിടം സ്വര്‍ഗ്ഗമാകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here