ശരദ് യാദവിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ജെഡിയു കേരള ഘടകം

ദില്ലി: ശരദ് യാദവിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ജെഡിയു കേരള ഘടകം. നാളെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേരുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള ആരും പങ്കെടുക്കില്ലെന്നും ശരദ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി.

സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ എംപി വിരേന്ദ്ര കുമാര്‍ ആരംഭിച്ചു എന്ന സൂചനകള്‍ നിലനില്‍ക്കവേയാണ് കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ ശരദ് യാദവിനെ കണ്ടത്. വര്‍ഗീസ് ജോര്‍ജ്ജ്, ഷെയ്ക്ക് പി ഹാരിസ്, ചാരുപാറ രവി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ശരദ് യാദവിന്റെ നേതൃത്വത്തിനൊപ്പം നില്‍ക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനുള്ള വീരേന്ദ്ര കുമാറിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്ന നേതാക്കളാണ് ശരദ് യാദവിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചത്. കേരളഘടകതിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് യാദവ് പറഞ്ഞു.

ശരദ് യാദവ് നേതൃത്വം നല്‍കുന്ന ജെഡിയുവാണ് യഥാര്‍ത്ഥ ജെഡിയു എന്നും പാര്‍ട്ടി പേരിനും ചിഹ്നത്തിനും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമന്നും കേരള നേതാക്കള്‍ പറഞ്ഞു. കേരള ഘടകത്തിലെ അഭിപ്രായ ഭിന്നതയുടെ കാര്യം സ്ഥിരീകരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.

അതേസമയം, നീതീഷ് കുമാര്‍ ബിജെപിക്ക് ഒപ്പം പോയതിന് ശേഷം ആദ്യമായി ചേരുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം വിമത ശബ്ദമുയര്‍ത്തിയ ശരദ് യാദവിനും മറ്റ് നേതാക്കല്‍ക്കും എതിരായ നടപടി ചര്‍ച്ച ചെയ്യും. എന്‍ഡിഎയില്‍ ചേരാനുള്ള ഔദ്യോഗിക ക്ഷണം നാളത്തെ കമ്മറ്റി ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News