ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് സീതാറാം യെച്ചൂരി; പിണറായിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന സിപിഐഎം നിലപാടിനെ സാധുകരിക്കുന്നതാണ് കോടതി വിധി

ദില്ലി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരവുമായാണ് സിപിഐഎം നേരിട്ടത്. ഇപ്പോള്‍ നിയമവിധി വന്നിരിക്കുകയാണ്. പിണറായി വിജയനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന സിപിഐഎം നിലപാടിനെ സാധുകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും യെച്ചൂരി പറഞ്ഞു.

ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വസ്തുനിഷ്ടാപരമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആരോപണം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

2005ല്‍ യുഡിഎഫ് സര്‍ക്കാരാണ് കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തത്. വിജിലന്‍സിന്റെ പരിശോധനയിലും കുറ്റവിമുക്തനായ കണ്ട നേതാവാണ് പിണറായി വിജയന്‍.

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താത്പര്യത്തിലാണ് സിബിഐ പിണറായി വിജയനെ കേസില്‍ പ്രതിചേര്‍ത്തത്. കേന്ദ്ര ഗവണ്‍മെന്റ് സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്നതാണ് കണ്ടുവരുന്നത്. ഇതിന് നേരിട്ട കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കോടിയേരി പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ ശത്രുക്കളുടെ വേട്ടയാടലിനെ അതിജീവിച്ച പിണറായി വിജയന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഹൈക്കോടതി വിധിയോടെ സത്യവും നീതി ജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here