നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ വീണ്ടും കാറ്റില്‍ പറത്തുന്നു; പ്രതിഷേധം ശക്തം

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്ക് ശേഷമുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണകള്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് ലംഘിക്കുന്നതായി വിദ്യാര്‍ത്ഥികള്‍. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന ധാരണ കോളേജ് അധികൃതര്‍ പാലിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികളുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതായി അറിയിപ്പ് കിട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോളേജില്‍ യു.ജി.സി ചട്ടപ്രകാരം വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണം, വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണം തുടങ്ങി വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷമാണ് ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നുള്ള സമരങ്ങള്‍ അവസാനിച്ചത്. മാസങ്ങള്‍ പിന്നിടുമ്പോഴും ഇവ പാലിക്കപ്പെടുന്നില്ല എന്നാണ് ആരോപണം. യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കോളേജ് പ്രിന്‍സിപ്പാള്‍ അനുവദിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പല തവണ പ്രിന്‍സിപ്പാളെ കണ്ടെങ്കിലും അനുവദിച്ചില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ കലക്ടറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണകളുടെ ലംഘനമാണിതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പാളിന്റെ നിലപാടിനെതിരെ ഇന്നലെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി അറിയിപ്പ് കിട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30ന് രക്ഷിതാക്കളുടെ യോഗം വിളിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here