ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും ഗൂഗിളും കൈകോര്‍ക്കുന്നു; ഇനി യാത്രകള്‍ കൂടുതല്‍ സുഗമമാകും

കൊച്ചി: അന്തര്‍ നഗര യാത്രയ്ക്കു സഹായിക്കുന്ന മൊബൈല്‍ സൊലൂഷനായ ‘ഒല ഔട്ട്സ്റ്റേഷന്‍’ ആപ്പില്‍ മൊബൈല്‍ ആപ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി ഒലയും ഗൂഗിളും കൈകോര്‍ക്കും. ഇതനുസരിച്ച് ഒരു നഗരത്തില്‍നിന്നു മറ്റൊരു നഗരത്തിലേക്കു യാത്ര ചെയ്യുന്നയാള്‍ മൊബൈല്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോള്‍ ഒല ഔട്ട്സ്റ്റേഷന്‍ ആപ്പിലേക്ക് ഡയറക്ട് ചെയ്യപ്പെടുന്നു.

തുടര്‍ന്നു പ്രയാസംകൂടാതെ യാത്രക്കാരനു സൗകര്യപ്രദമായി യാത്ര ബുക്കിംഗ് പൂര്‍ത്തിയാക്കുകയും ചെയ്യാം. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര പൂര്‍ത്തിയാക്കുവാന്‍ ഈ സഹകരണം സഹായിക്കുന്നു.

രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഈ പങ്കാളിത്തം വഴി മുംബൈ, ബംഗളരൂ, ചെന്നൈ, പൂന, ഹൈദരാബാദ് തുടങ്ങി 23 നഗരങ്ങളില്‍നിന്നു 215 വണ്‍വേ റൂട്ടുകളിലേക്ക് ബുക്കിംഗ് നടത്താന്‍ സാധിക്കും. വരും ആഴ്ചകളില്‍ ഇത് 500 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും. ഒരിക്കല്‍ ഗൂഗിള്‍ മാപ്പില്‍ ലക്ഷ്യം ടൈപ്പു ചെയ്താല്‍ യാത്രക്കാരന് ഒലയിലെ കമ്യൂട്ട് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇവിടെനിന്ന് യാത്രക്കാരനെ നേരെ ഒലയുടെ ബുക്കിംഗ് സ്‌ക്രീനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

തുടര്‍ന്ന് യാത്രക്കാരന് ബുക്കിംഗ് നടത്താം. ഇതുവഴി മറ്റൊരു നഗരത്തിലെ യാത്ര സൗകര്യപ്രദമായും സുരക്ഷിതമായും ഉറപ്പിക്കാന്‍ സാധിക്കുന്നു എന്നാണ് ഒല അവകാശപ്പെടുന്നത് . കഴിഞ്ഞ ഒക്ടോബറില്‍ സിറ്റിക്കുള്ളിലെ കാബ് യാത്ര ഓപ്ഷന്‍ ഗൂഗിള്‍ മാപ്പുമായി ഒല സംയോജിപ്പിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റും കാബ് തെരഞ്ഞെടുക്കുവാന്‍ സാധിച്ചിരുന്നു. ഇതാണിപ്പോള്‍ അന്തര്‍ നഗര യാത്രയിലേക്കു വ്യാപിപ്പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here