മറുനാടന്‍ ചെണ്ടുമല്ലിക്ക് പൊള്ളുന്ന വില; പൂക്കള്‍ വെറുതേ നല്‍കി തൃശൂരിലെ സൗഹൃദകൂട്ടായ്മ

തൃശൂര്‍: അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ ഉണര്‍ന്ന് തുമ്പപ്പൂവും, കണ്ണാന്തളിയും, മുക്കുറ്റിയുമെല്ലാം ശേഖരിച്ചെത്തി പൂക്കളമിട്ട തലമുറയ്ക്ക് തിരക്കായതോടെ പൂക്കള്‍ നുള്ളാന്‍ ആളില്ലാതെയായി. പണം നല്‍കി പൂക്കള്‍ വാങ്ങുകയെന്ന ശൈലിയോട് പഴമക്കാര്‍ പോലും ഇണങ്ങിയതോടെ, ഓണമെത്തുന്നത് കണക്കാക്കി മുന്നൊരുക്കം നടത്തുന്ന ഇതരസംസ്ഥാനത്തെ പൂ കര്‍ഷകരുടെ നേട്ടം ചെറുതല്ല.

ഓണക്കാലത്തേക്കുള്ള പൂക്കള്‍ വിരിയിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തോവാളയിലും, ഗുണ്ടല്‍പേട്ടിലും കര്‍ഷകര്‍ തിരക്കിട്ട പണികള്‍ ആരംഭിച്ചിരുന്നു. നാടു കടന്നെതുന്ന മറുനാടന്‍ പൂക്കള്‍ക്ക് എന്ത് വില നല്‍കാനും മലയാളികള്‍ തയ്യാറുമാണ്. എന്നാല്‍ ഇക്കുറി നാട്ടുകാര്‍ക്ക് ആവശ്യമുള്ള പൂക്കള്‍ സ്വന്തമായി കൃഷി ചെയ്യുകയെന്ന ആശയവുമായാണ് അരിമ്പൂരിലെ ട്വന്റി ഫ്രണ്ട്‌സ് എന്ന ക്ലബ്ബ് രംഗത്തിറങ്ങിയത്. അറുപത് ദിവസത്തെ അധ്വാനത്തിലൂടെ തരിശുകിടന്ന ഇരുപത് സെന്റ് ഭൂമിയില്‍ ഓണദിവസങ്ങളിലേക്കുള്ള പൂക്കള്‍ വിരിഞ്ഞു.

പതിനയ്യായിരം രൂപ ചെലവുണ്ടായെങ്കിലും പൂക്കള്‍ പണം വാങ്ങി വില്‍ക്കാനല്ല ഇവരുടെ പദ്ധതി. പ്രദേശത്തെ വീടുകളില്‍ സൗജന്യമായി പൂക്കള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണിവര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ട്വന്റി ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ പൂകൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News