സങ്കടങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും നന്ദി; അതിജീവനത്തിലേക്കുള്ള പ്രയാണം തുടരും; അത്യുത്തര കേരളത്തിന്റെ ആദരത്തിന് സിവി ബാലകൃഷ്ണന്റെ മറുപടി പ്രസംഗം

എഴുത്തില്‍ അരനൂറ്റാണ്ട് ആഘോഷിക്കുന്ന പ്രശസ്ത എഴുത്തുകാരന്‍ സിവി ബാലകൃഷ്ണന് ആദരമര്‍പ്പിക്കുകയാണ് അത്യുത്തര കേരളം. കാഞ്ഞങ്ങാട് രണ്ടു നാളുകളായി നടക്കുന്ന ആദരസമ്മേളനം വടക്കന്‍ കേരളം കണ്ട ആറ്റവും വലിയ സൗഹൃദസംഗമമാവുകയാണ്. മാനവസംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജന്മനാട്ടില്‍ നടക്കുമ്പോള്‍ പിക്ക് ശേഷം കേരളം മുഴുവനും ഏറ്റെടുത്ത പ്രതിഭാധനനായ ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാവുകയാണ് അത്. ടി പത്മനാഭന്‍, എം മുകുന്ദന്‍, തമിഴ് മലയാളം എഴുത്തുകാരന്‍ ജയമോഹന്‍, എന്‍ ശശിധരന്‍ തുടങ്ങി വലിയ നിര എഴുത്തുകാരാണ് ആദരപരിപാടിയില്‍ സംബന്ധിക്കുന്നത്.

”ഭര്‍ത്താവിനെയുംകുട്ടികളേയും മറന്ന് യുവസൈനീകനൊപ്പം നൃത്തം ചെയ്ത വനിത, പിന്നീട് അതോര്‍ത്ത് അതീവദു:ഖിതയായി. അവര്‍ ആ ദു:ഖം മായ്ച്ചത് ഒരു പുസ്തകം വായിച്ചാണ്. എത്ര വേദനയേയും ദു:ഖത്തേയും മറക്കാന്‍ വായനയിലൂടെ കഴിയും. സി.വി.യുടെ ഏതു പുസ്തകമെടുത്താലും അതു വായിച്ചുതീരുമ്പോള്‍, വായനക്കാരന്റെ ഉള്ളിലുള്ള ദു:ഖങ്ങളത്രയും ഒഴിഞ്ഞുപോകും” ആയസ്സിന്റെ പുസ്തകകാരനെക്കുറിച്ച് എഴുത്തിലെ മുന്‍ഗാമിയായ എം മുകുന്ദന്‍ പറഞ്ഞ വാക്കുകളാണിത്.

വാക്കുകളുടെ മാന്ത്രികത സൃഷ്ടിച്ച് അരനൂറ്റാണ്ട് കാലം മലയാളി സഹൃദയലോകം ഹൃദയത്തില്‍ ഏറ്റെടുത്ത എഴുത്തുകാരന്റെ മറുപടി പ്രസംഗം എന്നാല്‍ ആ വൈകാരികതയുടെ തുളുമ്പാത്ത നിറകുടമായി. ചുരുക്കം വാക്കുകളിലെ ആ ഹൃദ്യമായ പ്രസംഗം ഇവിടെ ഇങ്ങനെ വായിക്കാം:

”എഴുത്തുകാരന്റെ ആദ്യപരിശീലന കളരി അസംതൃപ്തിനിറഞ്ഞ ബാല്യമാണ്. അക്കാര്യത്തില്‍ സമ്പന്നമായിരുന്നു തന്റെ ബാല്യം. ഇല്ലായ്മയുടെ സമ്പന്നത. ദു:ഖങ്ങളും അപമാനങ്ങളും നിന്ദയും നിറഞ്ഞകാലം. ഇന്ന് ഇവിടെ ആദരിക്കപ്പെടുമ്പോള്‍ സങ്കടം നിറഞ്ഞ ആ കാലത്തിനാണ് ആദ്യം നന്ദിപറയുന്നത്. ബാല്യത്തില്‍ കഥയെഴുതി അമ്മാവനെ കാണിച്ചപ്പോള്‍ കീറി മുഖത്തേക്ക് എറിഞ്ഞു. അങ്ങാടിയില്‍ കണക്കെഴുത്തുകാരനാകാനായിരുന്നു ഉപദേശം. ആ ഉപദേശം ചെവികൊണ്ടില്ല. അമര്‍ഷവും ദേഷ്യവുമെല്ലാം നിറഞ്ഞു. ഇത് എന്റെ എഴുത്തുകളിലും പ്രതഫലിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്മാവന്‍ മരിക്കുന്നതിന്റെ തലേന്നാള്‍ എന്നോടു പറഞ്ഞു. നീ എഴുതിയതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ടെന്ന്. ശരിക്കും കരഞ്ഞു പോയി. ഈ മനുഷ്യനെയാണോ താന്‍ വെറുത്തതെന്ന് ഓര്‍ത്ത് പിന്നീടുള്ള രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്കമിഴിച്ചിരുന്ന രാത്രികളും നടന്നു നീങ്ങിയ വഴികളും എത്രയോ… ചെറുപ്പത്തില്‍ വിക്രമാദിത്യകഥകളുള്‍പ്പടെയുള്ളവ കൈയ്യില്‍ കിട്ടിയാല്‍ അതെല്ലാം സത്യമാണെന്ന് തോന്നലോടെയാണ് വായിച്ചുതീര്‍ക്കാറുള്ളത്. എഴുത്തുകാരന്റെ ജോലി സത്യം അന്വേഷിക്കലാണ്.ആ അന്വേഷണത്തില്‍ ഉണ്ടായ കണ്ടെത്തലുകള്‍ എഴുത്തില്‍ ആവിഷ്‌കരിക്കും. എഴുത്തുകാരന്‍ എല്ലായിപ്പോഴും കൈയ്യടി കിട്ടണമെന്നില്ല. എഴുത്തുകാരന്‍ കൈയ്യടികള്‍ പ്രതീക്ഷിക്കുന്ന ആള്‍ ആകണമെന്നുമില്ല. ഞാന്‍ ഒരിക്കലും കൈയ്യടി പ്രതീക്ഷിച്ചിട്ടില്ല. തീയിലൂടെ നടന്നുവന്നു. പക്ഷെ,വെന്തിട്ടില്ല. മനുഷ്യര്‍ക്കിടയിലെ ആദ്രത അവര്‍ അനുഭവിക്കുന്ന വേദന അവര്‍ക്കിടയില്‍ അധികാരകേന്ദ്രങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നത് അതിനടിയില്‍ അവര്‍ അമര്‍ന്നുപോകുന്നത് അവിടെ നിന്ന് അതീജീവനത്തിന്റെ പാതയിലേക്കുള്ള പ്രയാണം. ഇതെല്ലാമാണ് എഴുതിയത്. ഒറ്റക്കാണ് യാത്രചെയ്തത്. ഇനിയും യാത്രചെയ്യാനുണ്ട്. ആ യാത്രയ്ക്ക് ഇത്രയധികം പിന്തുണയുണ്ടെന്ന് അറിഞ്ഞതില്‍ അതിരറ്റ സന്തോഷമുണ്ട്. നന്ദി. നമസ്‌കാരം”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News