നോട്ടുനിരോധനം: ഈ 14 ചോദ്യങ്ങള്‍ക്ക് മോദിക്ക് ഉത്തരമുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് മാപ്പുപറയണമെന്ന് സിപിഐഎം

ദില്ലി: നിരോധിച്ച നോട്ടുകളെല്ലാം തിരിച്ചെത്തിയെന്ന റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയോട് 14 ചോദ്യങ്ങളുമായി സിപിഐഎം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്ത് നോട്ടുമാറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് നോട്ടുമാറ്റമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

കള്ളപണം കണ്ടെത്താനായി പ്രഖ്യാപിച്ച നോട്ട് നിരോധനം പരാജയപ്പെട്ടന്ന്, റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനത്തോടെ വ്യക്തമായ പശ്ചാത്തലത്തിലാണ് സിപിഐഎം പ്രധാനമന്ത്രിയോട് 14 ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആരാണ് നോട്ട്മാറ്റത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രിയാണോ? തെറ്റായ സാമ്പത്തിക നീക്കത്തെ എതിര്‍ത്ത് കൊണ്ടാണോ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായിരുന്ന രഘുറാം രാജനെ മാറ്റിയത്? നൂറിലേറെ സാധാരണക്കാര്‍ എടിഎംകളില്‍ ക്യൂ നിന്ന് മരിച്ച സംഭവങ്ങളില്‍ എന്ത് കൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല? പശ്ചിമ ബംഗാളിലടക്കം നിരവധി ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് വലിയതോതില്‍ പണം ബാങ്കുകളില്‍ നിക്ഷേപിച്ചു. ഇതുവഴി വന്‍ സാമ്പത്തിക തട്ടിപ്പാണ് നോട്ടുമാറ്റത്തിലൂടെ നടന്നതെന്നും ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.

കോര്‍പറേറ്റുകളില്‍ ഉണ്ടാക്കിയ കിട്ടാകടം ബാങ്കുകളെ തകര്‍ക്കാതിരിക്കാനാണോ നോട്ട് മാറ്റമെന്ന സംശയവും ശക്തമാണ്. വന്‍ ലാഭമുണ്ടാക്കിയ പെയ്ടിംഎം പോലുള്ള സ്വകാര്യ കമ്പനികളുടെ പരസ്യത്തില്‍ പ്രധാനമന്ത്രി തന്നെ പ്രത്യക്ഷപ്പെട്ടു. കാര്‍ഷിക മേഖലയേയും ചെറുകിട കച്ചവടക്കാരേയും തകര്‍ത്ത നയത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണ്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. നോട്ട്മാറ്റത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രത്തിന് പകരം കറുത്ത പത്രമെങ്കിലും ഇറക്കണമെന്നും യെച്ചൂരി പരിഹസിച്ചു. കള്ളപണത്തെ വെളുപ്പിക്കാനുള്ള ആസൂത്രിത ശ്രമമുണ്ടായെന്നും അദേഹം ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News