ഗോരക്ഷയുടെ പേരില്‍ സംഘി അഴിഞ്ഞാട്ടം അനുവദിക്കരുത്; കേന്ദ്രത്തോട് സുപ്രീംകോടതി

ദില്ലി: ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. അതിക്രമങ്ങള്‍ തടയാന്‍ ജില്ലകള്‍ തോറും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടല്‍. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യവ്യാപകമായിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസ്താവനകള്‍ മാത്രം പോരെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകയായ ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ വാദിച്ചു. അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ കേന്ദ്ര ഇടപെടല്‍ വേണമെന്നും ഇന്ദിര ജയ്‌സിംഗ് പറഞ്ഞു. എന്നാല്‍ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും, ഗോവധത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ അനുകൂലിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യത്തു നിയമ വ്യവസ്ഥയുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. രാജ്യത്തു ശക്തമായ നിയമ വ്യവസ്ഥകള്‍ ഉണ്ട് ഇത്തരം അക്രമങ്ങള്‍തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണം. ഇതിനായി ജില്ലകള്‍ തോറും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും കോടതി നിര്‍ദേശിച്ചു.

ഗോവധത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ, എന്തൊക്കെ നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ വിശദീരകരിച്ചു നാലു ആഴ്ചകളുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും, സംസ്ഥാന സര്‍ക്കാരുകളോടും കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here