കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം; ഇന്ത്യാക്കാര്‍ ആശങ്കയില്‍; പ്രതിഷേധം ശക്തമാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുടിയേറ്റക്കാരെ മൊത്തം പ്രതിസന്ധിയിലാക്കുന്ന ട്രംപിന്റെ കടുത്ത നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. ഒബാമ ഭരണകൂടത്തിന്റെ ജനപ്രീയ നടപടികളിലൊന്നായ ഡി എ സി എ എന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് നിയമ റദ്ദാക്കിയാണ് ട്രംപ് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്.

ചെറിയ പ്രായത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയവര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ താല്‍ക്കാലിക അനുമതി നല്‍കിയിരുന്ന നിയമമാണ് ട്രംപ് റദ്ദാക്കിയത്. യു എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഒബാമ 2012 ല്‍ ഇറക്കിയ എക്‌സിക്യൂട്ടിവ് ഉത്തരവ് പ്രകാരം 8 ലക്ഷം പേര്‍ക്കാണു നിയമ സാധുത ലഭിച്ചത്. ഇതില്‍ എണ്ണായിരത്തിലധികം ഇന്ത്യാക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റദ്ദാക്കിയെങ്കിലും ആറു മാസത്തേക്കു കൂടി ഇപ്പോഴത്തെ അവസ്ഥ തുടരും. അതിനുള്ളില്‍ കോണ്‍ഗ്രസ് അനുകൂല നിയമം കൊണ്ടു വരാത്ത പക്ഷം നിയമപരിരക്ഷയില്ലാത്ത കുടിയേറ്റക്കാര്‍ രാജ്യം വിടേണ്ടി വരും. കുടിയേറ്റ നിയമം കര്‍ക്കശമാക്കുമെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ വ്യാപക എതിര്‍പ്പുണ്ടായിരുന്നു. അതു കൊണ്ട് ട്രംപിനു പകരം സെഷന്‍സ് പ്രഖ്യാപനം നടത്തുകയും പ്രശ്‌നം കോണ്‍ഗ്രസിനു വിടുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ നിയമ പരിരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ചതോടെ ട്രംപിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ടെക്കികളുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കികൊണ്ട് ആപ്പിള്‍ മേധാവി ടിം കുക്ക്, ഫെയ്‌സ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗ്, മൈക്രോസോഫ്ടിന്റെ സത്യ നാഡെല്ല തുടങ്ങിവരൊക്കെ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here