ഇനി സ്വകാര്യബസ്സുകള്‍ക്ക് പിടി വീഴും; കുരുക്കുമായി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് റൂട്ട് പെര്‍മിറ്റ് പാലിക്കാതെയും സമയക്രമം അനുസരിക്കാതെയും യഥേഷ്ടം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ കരുതിയിരിക്കുക. സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നു.

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമസ്ഥരുടെ വിവരങ്ങള്‍മുതല്‍ ഏത് സ്ഥലത്ത് എപ്പോള്‍ ബസ്സ് എത്തുമെന്നുവരെയുള്ള വിവരങ്ങള്‍ ഇതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കും. ഡിജിറ്റലൈസിംഗ് സംവിധാനം അവസാനഘട്ടത്തിലാണ്.പതിനാറായിരത്തിലധികം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സര്‍വീസ് നടത്തുന്നത്.

പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതോടെ സമയം പാലിച്ചുകൊണ്ടുള്ള ബസ് യാത്ര ജനങ്ങള്‍ക്ക് ഇതിലൂടെ സാധ്യമാകുമെന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രതീക്ഷ. ബസ്സുകളുടെ സമയക്രമം, നിലവില്‍ എവിടെ, എത്രസമയം കൊണ്ട് സ്റ്റോപ്പില്‍ എത്തിച്ചേരും,പെര്‍മിറ്റെടുത്ത റൂട്ടിലാണോ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് തുടങ്ങിയ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ കിട്ടും.

കൂടാതെ ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സിഡാക്) ആണ് ഇതിനുവേണ്ട സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്നത്. നവംബറോടെ സംവിധാനം നടപ്പാക്കാനാണ് മോട്ടോര്‍വകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here