കോടതിയും കനിഞ്ഞില്ല; നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കും; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പിന്നാലെ നാദിര്‍ഷയും അഴിക്കുള്ളിലേക്ക്. നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച താരസംവിധായകനി തിരിച്ചടി.

ഗുരുതരമായ കുറ്റകൃത്യത്തില്‍ പങ്കാളിയായ നാദിര്‍ഷയുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിന്റെ പരിധിയിലുള്ള കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും കോടതി വിശദീകരിച്ചു.

അതേസമയം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13ാം തിയതി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് തടയില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അന്വേഷണസംഘത്തെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമാണ്. അന്വേഷണം ശരിയായ ദിശയിലാണെന്നതിന്‍റെ തെളിവാണ് കോടതിയുടെ ഉത്തരവ്.

നാദിർഷ യെ വീണ്ടും ചോദ്യം ചെയ്യാനായി ഉടന്‍ തന്നെ വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നാദിര്‍ഷയെ ചോദ്യം ചെയ്താൽ മറഞ്ഞിരിക്കുന്ന പല സത്യങ്ങളും പുറത്തുവരുമെന്ന നിഗമനത്തിലാണ്  അന്വേഷണ സംഘം . ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിൽ നാദിർഷയും പ്രതിയാകും .

ആദ്യ ചോദ്യം ചെയ്യലിന് ശേഷം നാദിർഷയുടെ നടപടികൾ പലതും സംശയാസ്പദം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചോദ്യം ചെയ്യലിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ നാദിർഷ കൊച്ചിയിൽ ഉണ്ടായിരുന്നില്ല. നിലമ്പൂരിനടുത്ത് വണ്ടിത്താവളത്ത് തമിഴ്നാട് അതിർത്തിയിലുള്ള ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു താമസം . ഇവിടെയെത്തിയ സിനിമാ മേഖലയിലെ ചിലർ നാദിർഷയും ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പ്രദേശത്ത് തന്നെയായിരുന്നു ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ കഴിഞ്ഞതും .

ദിലീപിനെ ജയിലിൽ സന്ദർശിച്ച ശേഷം ശേഷം ഫോർട്ടുകൊച്ചി എംഎൽഎ റോഡിലെ സ്വകാര്യ റിസോർട്ടിലും നാദിർഷ എത്തിയിരുന്നു. അവിടെയും ചില രഹസ്യ കൂടിക്കാഴ്ചകൾ നടന്നു. കൂടിക്കാഴ്ചയിൽ വിദേശ മലയാളികൾ ഉൾപ്പെടെ ചിലർ പങ്കെടുത്തു.

രണ്ടിടങ്ങളിലും ആരൊക്കെ സന്ദർശിച്ചു, കൂടിക്കാഴ്ച നടത്തിയവർ എന്തൊക്കെ സംസാരിച്ചു, തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത് . അടുത്ത ചോദ്യം ചെയ്യലിൽ നാദിർഷ ഇക്കാര്യം വിശദീകരിക്കേണ്ടി വരും . ഒപ്പം അന്വേഷണം നിലമ്പൂരിലേക്കും, ഫോർട്ട് കൊച്ചിയിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് . രണ്ടിടത്തെയും ജീവനക്കാരിൽനിന്നും മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.

വ്യക്തമായ തെളിവുകൾ ലഭിച്ചാൽ നാദിർഷ യെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം . നാദിർഷയുടേയും സഹോദരൻ സമദിന്റെയും മൊഴികളിലെ പൊരുത്തക്കേടുകളും ഇതിന് കാരണമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. നാദിർഷ യെ വിശദമായി വീണ്ടും ചോദ്യം ചെയ്താൽ മാത്രമേ ഈ കാര്യങ്ങളിൽ വ്യക്തത വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News