മോദി ഭരണത്തില്‍ 'ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട നാളുകള്‍ കാണും': മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് - Kairalinewsonline.com
Latest

മോദി ഭരണത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട നാളുകള്‍ കാണും’: മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മോദി അപലപിക്കണം.

ദില്ലി: സംഘപരിവാര്‍ വിമര്‍ശക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം. ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.

‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മോദി അപലപിക്കണം. ഹിന്ദുത്വവാദികളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറയുകയും ചെയ്യണം. ഇല്ലെങ്കില്‍ വിമര്‍ശകര്‍ക്ക് പ്രതികാരം ഭയന്ന് ജീവിക്കേണ്ടി വരും. ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട നാളുകള്‍ കാണും’.-എഡിറ്റോറിയല്‍ പറയുന്നു. ആള്‍ക്കൂട്ട നീതി നടപ്പിലാക്കാന്‍ മോദി അനുകൂല അന്തരീക്ഷം ഒരുക്കിയിരിക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നു.

മുന്‍പും മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് യുപി ഭരണം ഏറ്റെടുത്തപ്പോള്‍, യോഗിയുടെ അധികാര വാഴ്ചയോടെ ന്യൂനപക്ഷങ്ങള്‍ക്ക് ‘മോദിയുടെ സ്വപ്നഭൂമി’ ഒരു കലാപ ഭൂമിയായി മാറുമെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണം.

എന്‍ഡിടിവിയില്‍ സിബിഐ റെയ്ഡ് ഉണ്ടായ സമയത്തും പത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് സിബിഐ അയച്ച കത്തിനെക്കുറിച്ചായിരുന്നു അന്നത്തെ എഡിറ്റോറിയല്‍. ‘ഇന്ത്യന്‍ പത്രങ്ങള്‍ക്ക്, പത്ര സ്വാതന്ത്ര്യത്തെകുറിച്ച് ഒരു പാഠവും ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നും ആവശ്യമില്ലെന്നാണ്’ കത്തില്‍ സൂചിപ്പിച്ചിരുന്നത്. ഈ എഡിറ്റോറിയലിന് ശേഷമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മോദിയുടെ മൗനത്തെ ന്യൂയോര്‍ക്ക് ടൈംസ് രൂക്ഷമായി വിമര്‍ശിക്കുന്നത്.

To Top