കടകംപള്ളിക്ക് യാത്രാവിലക്ക്; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം: മന്ത്രി കടകംപള്ളിയുടെ ചൈനാ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നടപടി നിര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്ത് അയച്ചു.

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതു വഴി നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് കടകംപള്ളി അനുമതി തേടിയിരുന്നത്. എന്നാല്‍ വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള മൂന്നംഗ സംഘത്തെ മന്ത്രിയായിരുന്നു നയിക്കേണ്ടിയിരുന്നത്. ഇമെയില്‍ വഴിയും നേരിട്ടും കഴിഞ്ഞ മാസം 17നാണ് ചൈന സന്ദര്‍ശനത്തിനുള്ള അപേക്ഷ വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിരുന്നത്.

യാത്രാനുമതി നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയത്തെ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും ഇത്തരം നടപടികള്‍ നാടിന് ഗുണം ചെയ്യില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം, കടകംപള്ളിയുടെ അപേക്ഷ നിരസിച്ചത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നതതലത്തിലാണ്. വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിശോധിച്ചാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ചൈന സന്ദര്‍ശനത്തിന് ശേഷം മോദി തിരിച്ചെത്തിയതിന് പിന്നാലെയാണ് കടകംപള്ളിയ്ക്ക് യാത്രാനുമതി നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News