അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി കടകംപള്ളി; അജയ് തറയലിന്റെ അഭിപ്രായത്തില്‍ പ്രത്യേക ചര്‍ച്ചകളുടെ ആവശ്യമില്ല

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്ന അജയ് തറയിലിന്റെ അഭിപ്രായം അനാവശ്യ വിവാദമുണ്ടാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു.

അതുകൊണ്ട് ഈ വിഷയത്തില്‍ പ്രത്യേക ചര്‍ച്ചകളുടെ ആവശ്യവുമില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ അഭിപ്രായം അനാവശ്യ വിവാദമുണ്ടാക്കുമെന്ന് മന്ത്രി കടകംപ്പള്ളി പറഞ്ഞു.

ചെട്ടിക്കുളങ്ങര വിഷയത്തില്‍ ഇടപെടുകയാണ് ദേവസ്വം ബോര്‍ഡ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളാനാകില്ല. തന്ത്രിമാരും ക്ഷേത്രോപദേശക സമിതിയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും വിഷയം ചര്‍ച്ച ചെയ്യണം. അഭിപ്രായസമന്വയമുണ്ടായാല്‍ ഇതു നടപ്പിലാക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍ ചെട്ടിക്കുളങ്ങരയിലെ കീഴ്ശാന്തി നിയമനത്തില്‍ ദേവസ്വം ബോര്‍ഡ് കഴിവ് തെളിയിക്കട്ടെയെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചു. താന്‍ പണ്ട് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ പുതിയ കാര്യമെന്ന നിലയില്‍ അജയ് തറയില്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് അജയ് തറയില്‍ പറയുന്നത്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്നും അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ലെന്നും അജയ് തറയില്‍ പറയുന്നു. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണമെന്നും അജയ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News