ശശികലയുടെ കൊലവിളി പ്രസംഗങ്ങള്‍: പറവൂരിലും കോഴിക്കോട്ടും കേസ്; നടപടി ഡിവൈഎഫ്‌ഐയുടെ പരാതിയില്‍

തിരുവനന്തപുരം: പറവൂരിലെ കൊലവിളിപ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം തടവുപിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രസംഗം പരിശോധിച്ച ശേഷം നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും നിര്‍ദേശം നല്‍കിയിരുന്നു. എറണാകുളം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല.

ആയുസ് വേണമെങ്കില്‍ എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളാനായിരുന്നു കഴിഞ്ഞദിവസം പറവൂരില്‍ നടന്ന പൊതുയോഗത്തിനിടെ ശശികല നടത്തിയ പരാമര്‍ശം. അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ശശികല ഭീഷണിപ്പെടുത്തിയിരുന്നു.

ശശികലയുടെ കൊലവിളി ഇങ്ങനെ:
എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.

അതേസമയം, 2006ല്‍ കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കസബ പൊലീസാണ് കേസെടുത്തത്. മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News