‘ദിലീപിന് പിന്തുണ നല്‍കുന്ന ഗണേഷ് എന്തുകൊണ്ടാണ് നടിക്കൊപ്പം നില്‍ക്കുന്നില്ല’; രൂക്ഷമായ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്; സ്പീക്കര്‍ക്ക് പരാതി നല്‍കാനും തീരുമാനം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

ഗണേഷ് എംഎല്‍എ പദവി ദുരുപയോഗം ചെയ്‌തെന്നും ദിലീപിനെ പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതിനിധികള്‍ അറിയിച്ചു. കുറ്റാരോപിതായ വ്യക്തിക്ക് പിന്തുണ നല്‍കുന്ന ജനപ്രതിനിധി എന്തുകൊണ്ടാണ് നടിക്കൊപ്പം നില്‍ക്കാത്തതെന്നും അവര്‍ ചോദിച്ചു.

സുഹൃത്തെന്ന നിലയിലാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതെന്നും കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനൊപ്പമുണ്ടാകുമെന്നും ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് താരങ്ങളടക്കം സിനിമാ മേഖലയിലെ നിരവധി പേരാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്.

ഗണേഷ്‌കുമാറിന്റെ പ്രസ്താവന അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ഗണേഷഅ കുമാറിന്റെ പ്രസ്താവന ആസൂത്രിതവും പ്രതികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്നും പൊലീസ് വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അന്വേഷണസംഘം ആരോപിച്ചു. പ്രമുഖരുടെ സന്ദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ടും ഹര്‍ജികളുണ്ടായിരുന്നു. തുടര്‍ന്ന് ദിലീപിനെ സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News