വാഹന പരിശോധന കണ്ടാല്‍ ‘സിഗ്‌നല്‍’ നല്‍കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ക്ക് മുകളില്‍ ഈ കണ്ണുകള്‍ ഉണ്ട്

ട്രാഫിക് നിയമം ലംഘിക്കുന്നവരെ കുടുക്കാനും താക്കീത് നല്‍കാനുമായി പോലീസ് പരിശോധനയ്ക്കിറങ്ങാറുണ്ടെങ്കിലും ഇവരെ വെട്ടിച്ചു കടക്കുന്നവര്‍ ചുരുക്കമല്ല. വാഹന പരിശോധന തുടങ്ങിയാല്‍ എതിര്‍ ദിശയില്‍ വരുന്നവര്‍ക്ക് വിവരം നല്‍കി സഹായിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി ഈ വിരുതന്‍മാര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

നിയമം തെറ്റിച്ചു വരുന്നവരെ ചെക്കിംഗില്‍ പെടാതെ വഴിതിരിച്ചു വിടുന്നവരെ പോലീസ് സ്‌കെച്ച് ചെയ്തു തുടങ്ങി. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി യതീഷ് ചന്ദ്ര നേതൃത്വം നല്‍കുന്ന തൃശൂര്‍ റൂറല്‍ പോലീസ് രംഗത്തെത്തി.

നിയമ പാലനത്തിനായി പല വഴികള്‍ തേടുന്ന പോലീസുകാര്‍ക്ക് വ്യത്യസ്ത പാത തുറക്കുകയാണ് തൃശൂര്‍ റൂറര്‍ എസ്പി യതീഷ് ചന്ദ്ര ഐ.പി.എസ്. എന്തിനും ഏതിനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്ന കാലത്ത് പോലീസും മാറി ചിന്തിക്കുകയാണ്. ട്രാഫിക് മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് പുതിയ ബോധവത്കരണത്തിന് തുടക്കം കുറിച്ചത്.

തിരക്കിട്ട ജീവിതത്തിനിടയില്‍ സമയത്തിന്റെ വില വളരെ വലുതാണെങ്കിലും, ജീവിതം അതിലേറെ വിലപ്പെട്ടതാണെന്ന മുന്നറിയിപ്പുമായാണ് അമിത വേഗത്തിന്റെ ആപത്തിനെ കുറിച്ച് യതീഷ് ചന്ദ്ര ഓര്‍മപ്പെടുത്തുന്നത്.

സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കേണ്ടത് സ്വന്തം സുരക്ഷയ്ക്കാണെന്ന തിരിച്ചറിവിലേക്കും സന്ദേശങ്ങള്‍ നീളുന്നു. നിയമലംഘനം നടത്തുന്നവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നതിനു മുമ്പ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രത്യേക നിയമപ്രകാരം കുറ്റവാളികളെ കുടുക്കാനാവുമെന്ന സന്ദേശവും, ശബ്ദ മലീനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പോസ്റ്ററുകളുണ്ട്. മയക്കുമരുന്ന് ലഹരി മാഫിയകളെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും പ്രത്യേക പദ്ധതികള്‍ തന്നെയുണ്ട്.

തൃശൂര്‍ റൂറല്‍ പോലീസിന്റെ പേരില്‍ ഫെയ്സ്ബുക്ക്, വാട്സപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയാണ് പ്രചാരണം. ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല, നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടികളും കൈക്കൊള്ളും. കുറ്റവാളികളും നിയമലംഘകരും പ്രത്യേകം ശ്രദ്ധിക്കുക. മുന്നറിയിപ്പ് നല്‍കുന്നത് വേറാരുമല്ല, യതീഷ് ചന്ദ്രയാണ് യതീഷ് ചന്ദ്ര. ജാഗ്രതൈ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News