നാദിര്‍ഷയുടെ വിധി ഇന്നറിയാം; മൂന്നാം ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിക്കും. അതേ സമയം നടന്‍ ദിലീപ് അടുത്ത ദിവസം വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിന് വിധേയനായതാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്ന് തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

കേസന്വേഷണവുമായി താന്‍ സഹകരിച്ചു വരികയാണെന്നും നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനോട് നിലപാടറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.

നാദിര്‍ഷയെ നേരത്തെ ചോദ്യം ചെയ്യവെ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ദിലീപിന്റെ അറസ്റ്റിന് ശേഷം നാദിര്‍ഷയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് പണം നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു പണം കൈമാറിയതെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം നടന്‍ ദിലീപ് മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഈ ആഴ്ച തന്നെ സമര്‍പ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഗുരുതര ആരോപണങ്ങള്‍ ഉള്ള ക്രിമിനല്‍ കേസായതിനാല്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയത്താലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെത്തന്നെ സമീപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here