സാനിയമിര്‍സയുടെ വെയിറ്ററായി; 17 ലധികം ജോലികള്‍ ചെയ്തു; ജെഎന്‍യുവില്‍ ചരിത്രമെഴുതിയ എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പോരാട്ടങ്ങള്‍ക്ക് മാതൃകയാണ് - Kairalinewsonline.com
Featured

സാനിയമിര്‍സയുടെ വെയിറ്ററായി; 17 ലധികം ജോലികള്‍ ചെയ്തു; ജെഎന്‍യുവില്‍ ചരിത്രമെഴുതിയ എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പോരാട്ടങ്ങള്‍ക്ക് മാതൃകയാണ്

ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍മുറിയില്‍ ഏറെയും തെലുങ്ക്, ബോളിവുഡ് സിനിമാ താരങ്ങളുടെ ചിത്രങ്ങളാണ്.

ദില്ലി: ജെഎന്‍യുവില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണ ജയിച്ചത് കടന്നുവന്ന പരീക്ഷണകാലത്തിന്റെകൂടി കരുത്തില്‍. ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്, റെയില്‍വേ ജീവനക്കാരന്‍ തുടങ്ങി പതിനേഴിലധികം ജോലികള്‍ചെയ്ത, തോറ്റുകൊടുത്ത് ശീലമില്ലാത്തവന്റെ മറ്റൊരു വിജയം. ‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന എസ്എഫ്ഐ ആണ് തന്നെ മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി പോരാടാന്‍ പഠിപ്പിച്ചതെന്ന് ദുഗ്ഗിരാല വ്യക്തമാക്കി.

ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍മുറിയില്‍ ഏറെയും തെലുങ്ക്, ബോളിവുഡ് സിനിമാ താരങ്ങളുടെ ചിത്രങ്ങളാണ്. കമ്യൂണിസ്റ്റ് നേതാക്കളും കായികതാരങ്ങളും ഇവിടെ ഇടംപിടിച്ചിട്ടുണ്ട്. പ്ളസ്ടു പഠനം കഴിഞ്ഞ് വിദ്യാഭ്യാസം തുടരാനാണ് തെലുങ്ക് സിനിമാമേഖലയില്‍ ദുഗ്ഗിരാല ജോലിചെയ്ത് തുടങ്ങിയത്. അനുഷ്ക ഷെട്ടി, കാജള്‍ അഗര്‍വാള്‍, പ്രിയ ആനന്ദ് തുടങ്ങിയവരുടെ മേക്കപ് ആര്‍ട്ടിസ്റ്റായി. വേതനം നല്‍കുന്നതില്‍ കരാറുകാര്‍ നടത്തുന്ന വെട്ടിപ്പ് ചോദ്യംചെയ്തതോടെ പലതവണ ജോലിയില്‍നിന്ന് പുറത്താക്കി. സിനിമയോടുള്ള ഇഷ്ടവും ചോദ്യംചെയ്യാനുള്ള ആര്‍ജവവും പിന്നെ ദുഗ്ഗിരാലയെ വിട്ടുപോയിട്ടില്ല.

ടെന്നീസ് താരം സാനിയ മിര്‍സയും ഷൊയിബ് മാലിക്കുമായുള്ള വിവാഹനിശ്ചയം നടന്നപ്പോള്‍ വെയിറ്ററായിരുന്നു. 50 വിദ്യാര്‍ഥികളെ ചേര്‍ത്ത് കാറ്ററിങ് സംഘം രൂപീകരിച്ചു. ഈ സമയം ഹൈദരാബാദിലെ നിസാം കോളേജില്‍ ഡിഗ്രി പഠനം തുടങ്ങി. എസ്എഫ്ഐ പ്രവര്‍ത്തനത്തിലും സജീവമായി. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് പഠനം വിദൂരപഠന സര്‍വകലാശാലയിലൂടെയായി. തുടര്‍ന്ന് സിവില്‍ സര്‍വീസ് കോച്ചിങ്ങിന് ചേര്‍ന്നു. 50,000 രൂപ ഫീസ് നല്‍കാന്‍ രാത്രിയില്‍ പ്രസ് ജീവനക്കാരനായി. 2013ല്‍ റെയില്‍വേയില്‍ ജോലി ലഭിച്ചു. ഈ സമയത്താണ് ജെഎന്‍യുവില്‍ പ്രവേശനം. ഹൈദരാബാദിലെ ലിംഗമ്പള്ളിയിലെ ദളിത് കുടുംബാംഗമാണ് ശ്രീകൃഷ്ണ. അച്ഛന് കൂലിവേലയാണ്.

സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഗവേഷണവിദ്യാര്‍ഥിയായ ദുഗ്ഗിരാല ലൈബ്രറി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനായി നടത്തിയ സമരത്തിന്റെ നായകനാണ്. സംഘപരിവാറിനും അവരുടെ തീരുമാനം നടപ്പാക്കുന്ന സര്‍വകലാശാലാ വിസിക്കുമെതിരായ പോരാട്ടം ഏറെ മൂര്‍ച്ചയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ദുഗ്ഗിരാല പറഞ്ഞു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുകയാണ്. പുതിയ ഹോസ്റ്റല്‍ സൌകര്യം, കോഴ്സുകളുടെ സീറ്റുകള്‍ വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കും. കാണാതായ വിദ്യാര്‍ഥി നജീബിനെ അധികൃതര്‍ മറന്നു. അന്വേഷണം ശക്തമാക്കാനുള്ള സമ്മര്‍ദം തുടരും. ക്യാമ്പസിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനാണ് ഇടത് സഖ്യത്തിന്റെ നേതൃത്വത്തിലുള്ള യൂണിയന്റെ ശ്രമം.

To Top