അഭയാര്‍ഥി ക്യാമ്പില്‍ നിന്നും റാംപിലേക്ക്; ഹിജാബും ബുര്‍ഖയും ധരിച്ച് ആദ്യ മുസ്ലീം മോഡല്‍ - Kairalinewsonline.com
Fashion

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും റാംപിലേക്ക്; ഹിജാബും ബുര്‍ഖയും ധരിച്ച് ആദ്യ മുസ്ലീം മോഡല്‍

മോഡലിങ് രംഗത്തേക്ക് മുസ്ലീം പെണ്‍കുട്ടികള്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ വാളെടുക്കുന്നവര്‍ ഇന്ന് ലോകത്താകമാനമുണ്ട്

ഒരു സോമാലിയന്‍ അഭയാര്‍ത്ഥിക്ക് ഇന്നത്തെ ലോകത്ത് സ്വപ്നം കാണാവുന്ന പരമാവധിയിലാണ് ഇന്ന് ഹലീമ ആദെന്‍. സാധാരണ ജീവിത സാഹചര്യം പോലും ലഭിച്ചേക്കാനിടയില്ലാത്ത ഈ പണ്‍കുട്ടിയാണ് ക‍ഴിഞ്ഞ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഏറ്റവും വലിയ കൈയ്യടി നേടിയത്. റാംമ്പില്‍ ഹിജാബും ബുര്‍ക്കിനിയും ധരിച്ചെത്തിയ ആദ്യത്തെ മുസ്ലീം മോഡല്‍ കൂടിയായാണ് ഹലീമ ആദെന്‍ അറിയപ്പെടുന്നത്.

പത്തൊന്‍പതുകാരിയായ ഈ സൊമാലിയന്‍ അമേരിക്കന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടി പിന്നിട്ട ജീവിതത്തില്‍ അഭിമുഖീകരിച്ച മുള്ളുകള്‍ക്ക് കണക്കില്ല. അതെല്ലാം അവള്‍ വേദനയോടെ പറിച്ചെറിയുന്നത് മോഡലിംഗ് റാമ്പിലാണെന്ന് മാത്രം. കഴിഞ്ഞ വര്‍ഷം തൊട്ട് അവള്‍ വിദേശ പത്ര താളുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രധാന ഫാഷന്‍ ചിത്രങ്ങളുടെയെല്ലാം വില കൂടിയ മുഖചിത്രങ്ങളില്‍ ഒരാള്‍ കൂടിയാണ് ഹലീമ ആദെന്‍.

മോഡലിങ് രംഗത്തേക്ക് മുസ്ലീം പെണ്‍കുട്ടികള്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ വാളെടുക്കുന്നവര്‍ ഇന്ന് ലോകത്താകമാനമുണ്ട്. ഹിജാബ് ധരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ മോഡലിങ്ങിലേക്ക് വരുന്നു എന്ന് പറഞ്ഞാലാകട്ടെ മോഡലിങ് രംഗത്തുള്ളവരും നെറ്റിചുളിക്കും. എന്നാല്‍ രണ്ട് കൂട്ടരുടേയും എതിര്‍പ്പ് മറികടന്ന് ഹിജാബില്‍ പുതിയ ചരിത്രമെഴുതുകയാണ് ഈ അഭയാര്‍ത്ഥി പെണ്‍കുട്ടി.

ഒരു വര്‍ഷം മുന്‍പ് മിസ് മിന്നെസോട്ട മോഡലിങ് മത്സരത്തിന്റെ എക്‌സിക്യൂട്ടീവ് കോ-ഡയറക്ടറായ ഡെനിസ് വെല്ലാസിന് ഒരു ഫോണ്‍ കോള്‍ വന്നു. ഹിജാബ് ധരിച്ച് തനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ച് ഹലിമയായിരുന്നു അത്. ഹലിമയുടെ ഫോട്ടോ കണ്ടതോടെ താന്‍ സമ്മതം മൂളുകയായിരുന്നു. സുന്ദരിയാണ് അവള്‍ എന്നാണ് വെല്ലസ് പറയുന്നത്.

അങ്ങിനെയായിരുന്നു ഹലിമയുടെ തുടക്കം. പിന്നീട് ഹലിമ ഹിജാബും, ബുര്‍ക്കിനിയും ധരിച്ച് കൊണ്ട് തന്നെ പല റാമ്പിലും ഒന്നാമതെത്തി. ഒരു മോഡലിങ് ഏജന്‍സിയുമായി കരാര്‍ ഒപ്പുവെച്ച ആദ്യ ഹിജാബി മോഡലുമാണ് ഹലിമ. ചരിത്രം ഇങ്ങനെയും മാറിമറയുകയാണ്.

To Top