അവിടത്തെ കാറ്റാണ് കാറ്റ്; കാറ്റില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടുംകുറ്റവാളികള്‍ - Kairalinewsonline.com
DontMiss

അവിടത്തെ കാറ്റാണ് കാറ്റ്; കാറ്റില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടുംകുറ്റവാളികള്‍

വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.

ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ഇര്‍മ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോള്‍ കുറേ കൊടും കുറ്റവാളികള്‍ക്ക് അത് ആനന്ദമായിരിക്കുകയാണ്. ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും കൊടും കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകളാണ്. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.

കാറ്റിന്റെ കെടുതികളെക്കൂടാതെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഈ കൊടും കുറ്റവാളികളുണ്ടാക്കുന്ന ദ്രോഹങ്ങളും ഇവിടുത്തുകാര്‍ക്ക് ഇപ്പോള്‍ സഹിക്കവയ്യാതായിട്ടുണ്ട്. ദ്വീപുകളില്‍ ഇവരുടെ അലച്ചില്‍ക്രമസമാധാനത്തിന് വന്‍ ഭീഷണിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചിരിക്കുകയാണ്. 47 പൊലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്.

കരീബിയനിലെ വെര്‍ജിന്‍ ദ്വീപുകളിലുള്ളവരെ കൊടുങ്കാറ്റില്‍ നിന്നും രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതോടൊപ്പം വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദര്‍ശനത്തിന് തയാറായതും.
ഇര്‍മ കൊടുങ്കാറ്റ് കാരണം ഫ്‌ളോറിഡയില്‍ നിന്ന് ഇതുവരെ 63ലക്ഷം പേരെ കുടിയൊഴിപ്പിച്ചു. 87,000 ബ്രിട്ടീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്. വെര്‍ജിന്‍ ഗ്രൂപ്പ് ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ ”നെക്കറും” കൊടുങ്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു.

To Top