ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാനുള്ള അനുവാദം മമ്മൂക്ക നല്‍കട്ടെ; ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കും; മഞ്ജുവാര്യര്‍ - Kairalinewsonline.com
ArtCafe

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാനുള്ള അനുവാദം മമ്മൂക്ക നല്‍കട്ടെ; ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കും; മഞ്ജുവാര്യര്‍

സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു

മലയാള സിനിമയിലെ മഹാനടനാണ് മമ്മൂട്ടി. മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക നടിമാര്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട് മെഗാസ്റ്റാര്‍.

അതുപോലെ തന്നെയാണ് മഞ്ജുവാര്യരും. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം പോലും മഞ്ജുവിന് ആരാധകര്‍ നല്‍കുന്നു. മലയാളത്തിലെ പ്രമുഖ നടന്‍മാരുടെയെല്ലാം നായികയായി മഞ്ജുവും മിന്നിതിളങ്ങിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയും മഞ്ജുവും ഒരുമിച്ചഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം മലയാളികള്‍ക്ക് ഇതുവരെയുണ്ടായിട്ടില്ല.

ഒരു പക്ഷെ ചലച്ചിത്രആസ്വാദകരുടെ ഏറ്റവും വലിയ നഷ്ടവും അതാകും. അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് അത്ഭുതപ്പെടുത്തുന്ന പ്രതിഭകള്‍ ഒന്നിച്ചഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം എന്നുണ്ടാകുമെന്ന ചോദ്യമുയര്‍ന്നിട്ടും കാലങ്ങളായി. ഇതേ ചോദ്യം കഴിഞ്ഞ ദിവസം മഞ്ജുവിന് നേരെ വീണ്ടും ഉയര്‍ന്നു. തെല്ലും ആലോചിക്കാതെ മഞ്ജു അതിനുള്ള ഉത്തരവും നല്‍കി.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് മഞ്ജു തുറന്നുപറഞ്ഞു. അഭിനയ രംഗത്തേക്ക് കടന്നുവന്ന ആദ്യ നാളുകളില്‍ തന്നെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു അത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അത് നടക്കാതെ പോയി. പെട്ടന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്കാലിക വിരാമമായതും കൊണ്ട് അന്ന് അത് നടക്കാതെ പോയി.

എന്നാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. എന്നാല്‍ ഇപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണ്. മമ്മൂക്ക എന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണ്.

തനിക്കും മമ്മൂട്ടിക്കും ഒരുമിച്ചഭിനയിക്കാന്‍ പറ്റുന്ന സിനിമയുമായി ആരെങ്കിലും സമീപിക്കണമെന്നും ആഗ്രഹമുണ്ട്. ആരെങ്കിലും അങ്ങനെയൊരു സിനിമ സൃഷ്ടിക്കട്ടെയെന്നും കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂട്ടി നല്‍കട്ടെയെന്നും മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു.

പ്രമുഖ മാഗസീനായ വനിതയ് നല്‍കിയ അഭിമുഖത്തിലാണ് പ്രിയതാരം മനസ് തുറന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് ഭാഗ്യമാണെന്നു പറഞ്ഞ മഞ്ജു ഇത്രയും നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന ഹാന്‍സമായ മറ്റാരെങ്കിലും ചലച്ചിത്രലോകത്തുണ്ടോയെന്നും ചോദിച്ചു.

To Top