കമല്‍ഹാസന്‍റെ രാഷ്ട്രീയപാര്‍ട്ടി എപ്പോള്‍; പ്രവര്‍ത്തനങ്ങള്‍ എങ്ങനെ - Kairalinewsonline.com
Latest

കമല്‍ഹാസന്‍റെ രാഷ്ട്രീയപാര്‍ട്ടി എപ്പോള്‍; പ്രവര്‍ത്തനങ്ങള്‍ എങ്ങനെ

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന കമൽഹാസൻ സിപിഎമ്മിനോട് അനുഭാവപൂർവ്വമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് നടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രജനീകാന്തിന്‍റെ നീക്കങ്ങൾ കൂടി കണക്കിലെടുത്താണ് കമലഹാസന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചനകൾ.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കമൽഹാസന്‍റെ നീക്കം. ഡിഎംകെയോ അണ്ണാ ഡിഎംകെയോ രാഷ്ട്രീയ സഖ്യ നീക്കങ്ങൾ നടത്തുന്നതിന് മുൻപ് തന്നെ തന്‍റെ നയം പ്രഖ്യാപിക്കാനാണ് താരത്തിന്‍റെ തീരുമാനം. സെപ്റ്റംബർ 15 ന് ചെന്നൈയിലും സെപ്റ്റംബർ 16 ന് കോഴിക്കോട് നടക്കുന്ന ന്യൂനപക്ഷ ദേശീയ കൺവൻഷനിലൊ ഇത് സംബന്ധിച്ച കൂടുതൽ സൂചനകൾ കമൽഹാസൻ നൽകിയേക്കും.

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന കമൽഹാസൻ സിപിഎമ്മിനോട് അനുഭാവപൂർവ്വമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ച് മടങ്ങിയ കമൽഹാസൻ താൻ പുതിയ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകിയിരുന്നു. വർഗീയ ശക്തികൾക്കെതിരേയും മതേതര നിലപാടുകളുമാണ് കമസഹാസൻ ഉയർത്തിപ്പിടിക്കുന്നത്.

ജനങ്ങളെ രാഷ്ട്രീയ ബോധമുള്ളവരാക്കണമെന്നാണ് കമൽഹാസൻ താത്പര്യപ്പെടുന്നതെന്നും സ്വന്തം നിലയിൽ ഭരണത്തിന്റെ തലപ്പത്തേക്ക് എത്തിച്ചേരാനല്ല താരം മുൻഗണന നടത്തുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

To Top