ഫാ. ടോം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍; ആരോഗ്യനില മോശമായപ്പോള്‍ മരുന്ന് നല്‍കി - Kairalinewsonline.com
Big Story

ഫാ. ടോം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍; ആരോഗ്യനില മോശമായപ്പോള്‍ മരുന്ന് നല്‍കി

അടുത്തദിവസം തന്നെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരങ്ങള്‍.

തിരുവനന്തപുരം: തട്ടിക്കൊണ്ട് പോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആരോഗ്യനില മോശമായപ്പോള്‍ അവര്‍ മരുന്നു നല്‍കിയെന്നും ഫാ.ടോം സലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മൂന്നു തവണ അവര്‍ തന്നെ സ്ഥലം മാറ്റിയെന്നും ഇംഗ്ലീഷും അറബിയും സംസാരിക്കുന്നവരാണ് സംഘമെന്നും ഫാ.ടോം വ്യക്തമാക്കി.

ഇതിനിടെ ഫാ. ടോം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യന്‍ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ചയെന്ന് സലേഷ്യന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഇപ്പോള്‍ വത്തിക്കാനിലുള്ള ഫാ.ടോം കൂടുതല്‍ ചികിത്സയ്ക്കായി കുറച്ച് ദിവസം കൂടി ഇവിടെ തങ്ങും. ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരങ്ങള്‍.

ഭീകരസംഘത്തില്‍ നിന്ന് മോചിതനായ ടോം കഴിഞ്ഞ ദിവസമാണ് മസ്‌കറ്റില്‍ എത്തിയത്. ഒമാന്റെ സജീവമായ ഇടപെടലിനെത്തുടര്‍ന്നാണ് ഫാ.ടോം മോചിതനായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോകളും സോഷ്യല്‍മീഡിയ വഴി പുറത്ത് വന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് അവസാന വീഡിയോ പുറത്ത് വന്നത്. സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമാണ്.

To Top