കീറിയ പാന്റും വള്ളിച്ചെരുപ്പുമിട്ട് ഈ വൃദ്ധന്‍ ഹാര്‍ലി ഷോറൂമില്‍; ജീവനക്കാരെ ഞെട്ടിച്ച് സ്വന്തമാക്കിയത് 13 ലക്ഷത്തിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ - Kairalinewsonline.com
Automobile

കീറിയ പാന്റും വള്ളിച്ചെരുപ്പുമിട്ട് ഈ വൃദ്ധന്‍ ഹാര്‍ലി ഷോറൂമില്‍; ജീവനക്കാരെ ഞെട്ടിച്ച് സ്വന്തമാക്കിയത് 13 ലക്ഷത്തിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ലംഗ് ദെച്ച ജീവിത സമ്പാദ്യം കൊണ്ടാണ് ഹാര്‍ലി സ്വന്തമാക്കിയത്.

ദാരിദ്ര്യം വിളിച്ചോതുന്ന വേഷത്തില്‍ ഏത് ഷോപ്പിലോ ഹോട്ടലിലോ കടന്നെത്തുന്നവന്റെ അവസ്ഥ ലോകത്തെമ്പാടും ഒന്നുതന്നെ. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷാ ജീവനക്കാരോ കടയുടമയോ ഈ പാമരനെ പുറത്തെത്തിച്ചിരിക്കും. വേഷവിധാനത്തില്‍ മാത്രമല്ല കാര്യമെന്ന് അടുത്തിടെ തായ് ലന്റില്‍ നടന്ന സംഭവം വ്യക്തമാക്കുന്നു.

പ്രീമിയം വേര്‍ഷനിലുള്ള വാഹനം തേടി കീറിപ്പറിഞ്ഞ വേഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലെത്തിയ വൃദ്ധന്റെ വാര്‍ത്തയും ചിത്രവും രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായതും ഇതുകൊണ്ടുതന്നെ.

തായ്‌ലന്‍ഡിലെ സിംഗ്ബൂരി പ്രവിശ്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലാണ് സംഭവം അരങ്ങേറുന്നത്. പാകമല്ലാത്ത ടീ ഷര്‍ട്ടും കീറിയ ത്രീ ഫോര്‍ത്ത് പാന്റും ധരിച്ച് വള്ളിച്ചെരിപ്പുമിട്ടെത്തിയ വൃദ്ധനെ ഷോറൂം ജീവനക്കാരന്‍ തള്ളി പുറത്താക്കാനെത്തി. മുഷിഞ്ഞ വേഷത്തില്‍ ഷോറൂമിലെത്തിയ ലംഗ് ദെച്ച എന്ന വൃദ്ധനാകട്ടെ പ്രീമിയം കാറ്റഗറിയില്‍പ്പെട്ട ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാനാണ് എത്തിയതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പല ഷോറൂമുകളില്‍ കയറിയെന്നും എന്നാല്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറൂം ജീവനക്കാര്‍ തന്നെ പുറത്താക്കുക ആയിരുന്നൂവെന്നും ലംഗ് ദെച്ച വെളിപ്പെടുത്തി.

പ്രീമിയം ബൈക്കിന്റെ ഉയര്‍ന്ന വിലയെല്ലാം പറഞ്ഞ് ഷോറൂം ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ വൃദ്ധന്‍ തയ്യാറായിരുന്നില്ല. മോട്ടോര്‍സൈക്കിള്‍ നോക്കാന്‍ അവസരം ലഭിച്ച ലംഗ് ദെച്ച, പത്ത് മിനിറ്റില്‍ സ്‌പോര്‍ട്സ്റ്റര്‍ 48 മോട്ടോര്‍ സൈക്കിള്‍ തെരഞ്ഞെടുത്തു. തൊട്ടുപിന്നാലെ 753000 തായ് ബാഹ്ത് (ഏകദേശം 13 ലക്ഷം രൂപ) നല്‍കി ലംഗ് ദെച്ച ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കി.

ഷോറൂമിലെത്തിയ ലംഗ് ദെച്ചെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് പരിശോധിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ലംഗ് ദെച്ച ജീവിത സമ്പാദ്യം കൊണ്ടാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ 48 സ്വന്തമാക്കിയത്.

To Top