നിഗൂഢതകൾ നിറഞ്ഞ സെന്‍റിനെല്‍ ദ്വീപ്; ദ്വീപിലേക്കെത്താന്‍ ശ്രമിച്ച് വിഷപുരട്ടിയ അമ്പേറ്റ് മരിച്ചവരേറെ

ജപ്പാനിലെ സൂയിസൈഡ് ഫോറസ്റ്റ്, ബര്‍മുഡ ട്രയാങ്കിള്‍ എന്നിങ്ങനെ നിഗൂഢതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂപ്രദേശം ഇന്ത്യയിലും.

ചന്ദ്രനിലും ചൊവ്വയിലും വരെ ആധുനിക മനുഷ്യര്‍ ചെന്നെത്തിയപ്പോഴും ഈ ദ്വീപിലേക്ക് വരാൻ സാഹസികർ പോലും മടിക്കുന്നു. കാരണം രണ്ടും കൽപ്പിച്ച് ദ്വീപിലേക്ക് പോയവരിൽ ആരും തിരികെയെത്തിയിട്ടില്ല.

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍‍‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ നോര്‍ത്ത് സെന്‍റിനെല്‍ ദ്വീപിനാണ് ഈ കുപ്രസിദ്ധി. ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപിലേക്ക് ഇന്നേ വരെ പുറം ലേകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ല.

ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല.

തെളിഞ്ഞ ജലാശയമുള്ള കടലുകൊണ്ടും കണ്ടല്‍കാടുകള്‍ കൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത് പുറം ലോകം കാണാതെ ഒരു ജനത വസിക്കുന്നുണ്ട്.

ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെല്ലാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ അനുവദിക്കാതെ ഈ പ്രദേശം അടക്കി വാഴുന്ന ആദിവാസി സമൂഹമാണിവിടെയുള്ളത്. മുന്നൂറോളം ആദിമ നിവാസികള്‍ ഈ ദ്വീപിലുണ്ടെന്നാണ് കണക്കാക്കുന്നത്.

സമീപപ്രദേശത്ത് കൂടി ഒരു ബോട്ടെത്തിയാല്‍ പോലും അവര്‍ കൂട്ടത്തോടെ തീരത്തേക്കെത്തും. വിഷം പുരട്ടിയ അമ്പുകള്‍ തുരുതുരെ എയ്യും. ഈ ദ്വീപിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിൽ വിഷപുരട്ടിയ അമ്പേറ്റ് മരിച്ചവരേറെയാണ്.

1974ല്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ ഈ ദ്വീപിനെക്കുറിച്ച് വീഡിയോ തയ്യാറാക്കാനെത്തിയെങ്കിലും ആദിമനാസികളുടെ ആക്രമണത്തില്‍ ടീം ഡയറക്ടര്‍ക്ക് തന്നെ പരുക്കേറ്റതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ദ്വീപിലെ നിവാസികളുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പല തവണ ശ്രമിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമെ ആ ദ്വീപിലേക്കെത്താന്‍ സാധിക്കൂ എന്നു മനസിലാക്കിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2004ലെ സുനാമിക്ക് ശേഷം ദ്വീപ് വാസികള്‍ക്ക് സഹായമെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെയും ഇവര്‍ തന്നെ തോല്‍പ്പിച്ചു. 2006ൽ അബദ്ധത്തില്‍ ഈ ദ്വീപിനടുത്തേക്ക് ബോട്ടിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ അവര്‍ അമ്പെയ്തു കൊന്നിരുന്നു.

ഇതോടെ ഈ ദ്വീപിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചാരം പോലും നിരോധിച്ച് ദ്വീപ് നിവാസികള്‍ക്ക് സര്‍ക്കാര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.

ദ്വീപിന്‍റെ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here