പെട്രോളിയം ഉല്പന്നങ്ങളുടെ തീവിലയ്ക്കു പിന്നിൽ കേന്ദ്രവും എണ്ണക്കമ്പനികളും നടത്തുന്ന തീവെട്ടിക്കൊള്ള

പെട്രോളിന്റെയും ഡീസലിന്റെയും നികുതി ഒരു നീതീകരണവുമില്ലാതെ അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി വ്യാപകമായ ജനരോഷമാണ് രാജ്യത്താകമാനം സൃഷ്ടിച്ചിരിക്കുന്നത്.

പ്രതിദിനം വില മാറുകയാണ് ഇപ്പോള്‍. ഈ തീരുമാനം നടപ്പായതിനുശേഷം രണ്ടു മാസത്തിനുള്ളില്‍ പെട്രോളിനുമാത്രം വര്‍ധിച്ചത് ഏഴു രൂപ.

ദുസ്സഹമായ വിലവര്‍ധന സൃഷ്ടിക്കുന്ന ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതിയെ മറയാക്കാമോ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ശ്രമം.

ശ്രദ്ധതിരിക്കാന്‍ ഒരുക്കിയ കെണി

 
ചില മുഖ്യധാരാ മാധ്യമങ്ങളും അവര്‍ക്ക് കൂട്ടിനുണ്ട്. ഈ പ്രചാരണം വിശ്വസിക്കുന്ന ചില ശുദ്ധാത്മാക്കാള്‍ സംസ്ഥാന നികുതി വേണ്ടെന്നുവച്ച് മോഡിക്ക് ബദലായിക്കൂടേ എന്ന് സംശയിക്കുന്നുണ്ട്.

യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഒരുക്കിയ കെണിയില്‍ പെട്ടിരിക്കുകയാണ് അവര്‍.

ആദ്യം മനസ്സിലാക്കേണ്ടത്, വിലവര്‍ധനയുടെ കാരണം സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതിയല്ല. തോന്നിയപടി നികുതി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയമാണ്.

ന്യായവും നീതിയുമില്ലാത്ത വിലവര്‍ധനയില്‍നിന്ന് കേന്ദ്രം പിന്മാറിയാല്‍ സംസ്ഥാനങ്ങളുടെ നികുതിയും താനേ കുറയും.

കേന്ദ്രം തോന്നിയതുപോലെ നികുതി വര്‍ധിപ്പിക്കുന്നതിനെ പിന്തുണയ്ക്കുകയും സംസ്ഥാന സര്‍ക്കാര്‍ വരുമാനനഷ്ടം സഹിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ല.

യഥാര്‍ഥപ്രശ്നം സൃഷ്ടിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പരിഹാരമുണ്ടാക്കേണ്ടതും അവര്‍തന്നെയാണ്.

ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് എക്സൈസ് നികുതിയിനത്തില്‍മാത്രം കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്നത് 21.48 രൂപയാണ്. അതിനു പുറമെ ഇറക്കുമതി നികുതിയുണ്ട്.

പെട്രോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും അതിനു പുറമെ അഡീഷണല്‍ കസ്റ്റംസ്/ കൌണ്ടര്‍ വെയിലിങ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നു.

കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിഴിഞ്ഞെടുത്തത് 2.73 ലക്ഷം കോടി രൂപയാണ്.

തൊട്ടുമുന്‍വര്‍ഷം 1.26 ലക്ഷം കോടി പിരിച്ച സ്ഥാനത്താണ് ഈ തുക. ഒരു വര്‍ഷത്തിനുള്ളില്‍ 1.47 ലക്ഷം കോടിയുടെ വര്‍ധന.

മോഡി അധികാരത്തില്‍ വന്നശേഷം 16 തവണയാണ് സെന്‍ട്രല്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത്.

എപ്പോഴെല്ലാം ക്രൂഡ് ഓയില്‍ വില താഴ്ന്നോ അപ്പോഴെല്ലാം നികുതി വര്‍ധിപ്പിച്ചു.

അതുവഴി ക്രൂഡ് ഓയില്‍ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നിഷേധിച്ചു. ഇതുവഴിയാണ് കേന്ദ്രസര്‍ക്കാരിന് ഇത്രയേറെ വരുമാനവര്‍ധനയുണ്ടായത്.

അക്ഷരാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു.  മോഡി വന്നശേഷം ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍നിന്ന് 8.48 രൂപയായി ഉയര്‍ത്തി.

അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ടു രൂപയില്‍നിന്ന് ആറ് രൂപയായി ഉയര്‍ത്തി. സ്പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് ആറ് രൂപയില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി.

ഇതാണ് പെട്രോളിന്റെ വിലവര്‍ധനയ്ക്ക് കാരണം.

കേന്ദ്രം നികുതി കുറയ്ക്കണം

വിവിധ സംസ്ഥാന സര്‍ക്കാരുകളും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ വില്‍പ്പന നികുതി ചുമത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് പ്രധാന വരുമാനമാര്‍ഗം ഈ നികുതിയാണ്.

മറ്റെല്ലാ ഉല്‍പ്പന്നങ്ങളെയുംപോലെ വിപണനവിലയ്ക്കുമേലാണ് നാം നികുതി ചുമത്തുന്നത്.

വിപണിവിലയ്ക്കു മുകളില്‍ ശതമാനനിരക്കിലാണ് നികുതി. സ്വാഭാവികമായും കേന്ദ്രം വില കൂട്ടുമ്പോള്‍ സംസ്ഥാന നികുതിയും കൂടും.

കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാന നികുതിയും കുറയും.

നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 17.94 രൂപയും ഡീസലിന് 12.45 രൂപയുമാണ് സംസ്ഥാന വില്‍പ്പനനികുതി. കേന്ദ്രം നികുതി കുറച്ചാല്‍ ഈ നികുതിയും താനേ കുറയും.

വില വര്‍ധനയുടെ യഥാര്‍ഥ കാരണം കേന്ദ്രസര്‍ക്കാരിന്റെ നയവും യുക്തിയുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോഴൊക്കെ ആ കാരണം പറഞ്ഞ് വില വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ആഭ്യന്തരവിപണിയിലും വില കുറയണം.

ആ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് കേന്ദ്രസര്‍ക്കാരിന് പറയാനുള്ളത്.

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴൊക്കെ എക്സൈസ് നികുതി കൂട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

അങ്ങനെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതിമൂലമല്ല വിലക്കയറ്റം ഉണ്ടാകുന്നത്. കേന്ദ്രം അടിക്കടി എക്സൈസ് നികുതി വര്‍ധിപ്പിക്കുന്നതുകൊണ്ടാണ്.

ഒരിക്കല്‍പ്പോലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല.

കേന്ദ്രം സൃഷ്ടിക്കുന്ന വിലവര്‍ധനയുടെ പാപം സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കം വിലപ്പോകില്ല.

ക്രൂഡ് ഓയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത്.

2012 സെപ്തംബര്‍ രണ്ടാംവാരത്തില്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് 33.93 രൂപയായിരുന്നു.

അന്ന് പെട്രോളിന്റെ വില 68.46 രൂപയും ഡീസലിന്റെ വില 46.95 രൂപയുമായിരുന്നു. 2017 സെപ്തംബര്‍ രണ്ടാംവാരത്തില്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില 19.13 രൂപയായി താണു.

പക്ഷേ, ഒരു ലിറ്റര്‍ പെട്രോളിന് വില 70.38 രൂപയും ഡീസലിന്റെ വില 58.72 രൂപയുമായി ഉയര്‍ന്നു.

ഇന്ധനവില കുതിക്കുമ്പോഴും ജനങ്ങളെ പിഴിയുന്നതില്‍ കേന്ദ്രവും സംസ്ഥാനവും മച്ചാന്‍ കളിക്കുന്നു എന്നൊക്കെ തലക്കെട്ട് ചമയ്ക്കുന്ന പത്രങ്ങള്‍ മറച്ചുവയ്ക്കുന്നത് ഈ യാഥാര്‍ഥ്യമാണ്.

പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം

സംസ്ഥാന നികുതി ഒഴിവാക്കിയാല്‍ പെട്രോളിന് 17 രൂപ കുറയും എന്നാണ് വേറൊരു തലക്കെട്ട്.

എണ്ണവില വര്‍ധന സൃഷ്ടിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യപങ്കാണെന്നും കേന്ദ്രം തോന്നിയതുപോലെ വില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വരുമാനം വേണ്ടെന്നുവച്ച് വില വര്‍ധനയുടെ ഭാരം സഹിക്കണമെന്നുമൊക്കെയുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയവും നാം തിരിച്ചറിയണം.

വിലവര്‍ധനയുടെ യഥാര്‍ഥ കാരണങ്ങളാണ് ഇവര്‍ ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കുന്നത്.

സംസ്കരണച്ചെലവിലെ വ്യതിയാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എണ്ണവില വര്‍ധിച്ചതിന് എണ്ണക്കമ്പനികളുടെ ലാഭം ഉയര്‍ന്നതും കേന്ദ്രം അടിക്കടി വരുത്തുന്ന നികുതി വര്‍ധനയുമാണ് കാരണങ്ങള്‍.

അല്ലാതെ സംസ്ഥാന നികുതി വര്‍ധിച്ചതല്ല.കേരളത്തിലാണെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് അല്ലാതെ നികുതിവര്‍ധന ഉണ്ടായിട്ടില്ല.

അപ്പോള്‍പിന്നെ പെട്രോള്‍ വിലക്കയറ്റത്തിന്റെ കാരണം പെട്രോളിയംകമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയുംമാത്രമാണ്.

ഈ യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നതിനുവേണ്ടിയിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നികുതിയാണ് വിലക്കയറ്റത്തിന് കാരണമെന്ന് ബിജെപിയും ചില ശുദ്ധാത്മാക്കളും പ്രചരിപ്പിക്കുന്നത്.

ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴെല്ലാം എക്സൈസ് നികുതി വര്‍ധിപ്പിച്ച് ആ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ ഖജനാവില്‍ മുതല്‍ക്കൂട്ടുക എന്ന നയമാണ് മോഡി സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളത്.

മോഡി അധികാരത്തില്‍ എത്തുമ്പോള്‍ (2014) പെട്രോളിന്റെ എക്സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2017 ജനുവരി ആയപ്പോഴേക്കും 21.48 രൂപയായി ഉയര്‍ത്തി.

133 ശതമാനം വര്‍ധന. ഡീസലിന്റെ എക്സൈസ് നികുതിയാകട്ടെ 3.46 രൂപയില്‍നിന്ന് 17.33 രൂപയായി ഉയര്‍ത്തി.

400 ശതമാനം വര്‍ധന. ഈ കൊള്ള മറച്ചുവയ്ക്കാനാണ് സംസ്ഥാനങ്ങളുടെ നികുതിയാണ് വിലക്കയറ്റത്തിനു കാരണം എന്ന പ്രചാരണം.

കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ എന്തിന് കൈകെട്ടിയിരിക്കണം? റിഫൈനറിയില്‍നിന്ന് 24.89 രൂപയ്ക്ക് വാങ്ങുന്ന പെട്രോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യാപാരികള്‍ക്ക് വില്‍ക്കുന്നത് 27.33 രൂപയ്ക്കാണ്.

ഇത് കഴിഞ്ഞ ജൂണ്‍ 17ലെ കണക്ക്. 9.8 ശതമാനമായിരുന്നു മാര്‍ജിന്‍. സെപ്തംബറിലെ കണക്കെടുത്താല്‍ റിഫൈനറികളില്‍നിന്ന് 26.65 രൂപയ്ക്കാണ് പെട്രോള്‍ വാങ്ങുന്നത്. വില്‍ക്കുന്നത് 30.70 രൂപയ്ക്കും. മാര്‍ജിന്‍ 15.19 ശതമാനം.

എണ്ണവില ഇഷ്ടംപോലെ നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം എടുത്തുകളയുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് നികുതിയില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അടിക്കടി വരുത്തിയ വര്‍ധന പിന്‍വലിക്കുകയും വേണം.

ഇതാണ് എണ്ണയുടെ തീവിലയ്ക്കു കാരണം. അതാണ് പരിഹരിക്കപ്പെടേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here