മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദ്യം ലഭിച്ച പ്രതിഫലം എത്രയെന്നറിയാമോ; നല്‍കിയത് ഇന്നത്തെ ഈ മഹാനടനാണ്

കൊച്ചി: മലയാള വെള്ളിത്തിരയിലെന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി. നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിലെ മഹാ വിസ്മയമായി നില്‍ക്കുന്ന താരം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളും വളരെ വലുതാണ്.

മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മെഗാ സ്റ്റാര്‍ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം നിറ സാന്നിധ്യമാണ്.

പ്രായത്തെ തോല്‍പ്പിക്കുന്ന അത്ഭുത സൗന്ദര്യമായി നിലകൊള്ളുന്ന താരം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍ കൂടിയാണിന്ന്.

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജീവിതവും സിനിമയുമെല്ലാം കേരളീയര്‍ക്ക് സുപരിചിതമാണ്. പക്ഷെ മമ്മൂട്ടിയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എത്രയാണെന്നും ആരാണ് അത് നല്‍കിയതെന്നുമുള്ള കാര്യം അറിയാവുന്നവര്‍ കുറവാണ്.

വ‍ഴിത്തിരിവായ മേള

അഭിനയമോഹവുമായി മലയാള സിനിമയില്‍ ചുവടുവെച്ച മമ്മൂട്ടി ആദ്യ കാലത്ത് ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

മലയാള സിനിമയില്‍ നഗതരംഗത്തിന് തുടക്കമിട്ട കാലത്ത് , 1971 ല്‍അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇന്നത്തെ താര രാജാവ് വെള്ളിത്തിരയിലെത്തിയത്.

ഏറെക്കാലം പ്രതിഫലമില്ലാതെയാണ് മമ്മൂട്ടിക്ക് അഭിനയിക്കേണ്ടിവന്നത്. കൃത്യമായി പറഞ്ഞാല്‍ 9 വര്‍ഷങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

അഭിനയത്തിനുള്ള ആദ്യ പ്രതിഫലം മമ്മൂട്ടിക്ക് ലഭിച്ച ചിത്രവും മേളയായിരുന്നു. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത് വന്‍ തരംഗമായി മാറിയ മേളയില്‍ രഘു, ശ്രീനിവാസന്‍, അഞ്ജലി നായിഡു എന്നിവര്‍ക്കൊപ്പമാണ് പ്രധാന വേഷത്തില്‍ മമ്മൂട്ടിയും എത്തിയത്.

നായകനോളം പ്രാധാന്യമുള്ള സഹനടനായാണ് മമ്മൂട്ടി മേളയില്‍ തിളങ്ങിയത്. ചിത്രം വമ്പന്‍ ഹിറ്റായതോടെ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.

ശ്രീനിവാസന്‍റെ ശുപാര്‍ശ

നടന്‍ ശ്രീനിവാസനായിരുന്നു മമ്മൂട്ടിയെ മേളിയിലേക്ക് ശുപാര്‍ശ ചെയ്തത്. സംവിധായകന്‍ കെ ജി ജോര്‍ജ്ജ് മികച്ച വേഷം തന്നെ നല്‍കി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോളാണ് ആദ്യപ്രതിഫലം മഹാനടനെ തേടിയെത്തിയത്.

ഇന്നത്തെ കോടികളുടെ പ്രതിഫലത്തേക്കാള്‍ മൂല്യമുള്ള ആ ചെറിയ തുക മമ്മൂട്ടിക്ക് കൈമാറിയത് പ്രഗല്‍ഭ നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. മമ്മൂട്ടിക്ക് പ്രതിഫലമായുള്ള ചെക്ക് കെ ജി ജോര്‍ജ്ജ് ശ്രീനിവാസനെ ഏല്‍പ്പിക്കുകയായിരുന്നു.

800 രൂപയുടെ ചെക്കായിരുന്നു ശ്രീനിവാസന്റെ കൈകളില്‍ നിന്ന് മമ്മൂട്ടിക്ക് ലഭിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ കാല അനുഭവങ്ങള്‍ മനക്കരുത്തും അഭിനയശേഷിയും കൊണ്ട് മമ്മൂക്ക മറികടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News