ദിലീപിനെ കാത്തിരിക്കുന്നത് ഗുര്‍മീതിന്റെ വിധിയോ; 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; സഹപ്രവര്‍ത്തകയെ ക്രൂരമായി ആക്രമിക്കാന്‍ പദ്ധതിയിട്ട ക്രിമിനല്‍ എങ്ങനെ ‘പാവാട’ യാകും

കൊച്ചി: രാജ്യം ശ്രദ്ധിച്ച വിധിയായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായത്. സ്വന്തം ആശ്രമത്തിലെ സഹപ്രവര്‍ത്തകമാരെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം ശിക്ഷയാണ് ഗുര്‍മീതിന് ലഭിച്ചത്.

കലാപം നടത്തി കോടതിയെ ഭയപ്പെടുത്തിക്കളയാമെന്നൊക്കെ ഗുര്‍മീത് കരുതിയെങ്കിലും ജയിലിനകത്തുകിടന്ന് അഴിയെണ്ണുകയാണ്.

ഗുര്‍മീതിന്റെയത്ര പ്രശസ്തനൊന്നുമല്ലെങ്കിലും നമ്മുടെ ദിലീപേട്ടനും മോശക്കാരനല്ല. മലയാള സിനിമയിലെ താര രാജവാകാനുള്ള പ്രയാണത്തിലായിരുന്ന സ്വയം പ്രഖ്യാപിത ജനപ്രീയന്‍. ആരാധകര്‍ ഇപ്പോഴും വേണ്ടുവോളമുണ്ട്.

ദിലീപേട്ടന്‍ പാവാടാ എന്ന ആഘോഷക്കമ്മിറ്റിയൊക്കെ അവര്‍ തുടങ്ങിയിരുന്നു. വലിയ തോതിലുള്ള പി ആര്‍ ഏജന്‍സി വര്‍ക്കും ജയിലിനകത്ത് കിടന്ന നടത്താന്‍ ശേഷിയുണ്ടെന്ന് താരം കാട്ടിതന്നിട്ടുണ്ട്.

ജാമ്യഹര്‍ജികള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അകത്തായതോടെ പുറത്തിറങ്ങാനുള്ള ശ്രമത്തിലായിരുന്നു താരം. സെന്‍ട്രല്‍ ജയില്‍ കാണാന്‍ എല്ലാവരേയും തീയറ്ററിലേക്ക് ക്ഷണിച്ച ഒടുവില്‍ താന്‍ തന്നെ ജയിലിനകത്തായപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന തിരിച്ചറിവിലാണ് ദിലീപ്.

അതുകൊണ്ടു തന്നെ പുറത്തിറങ്ങാനുള്ള തത്രപാടുമായി ജാമ്യാപേക്ഷയുമായി കോടതി കയറി ഇറങ്ങുകയാണ്.

ആദ്യം അങ്കമാലി കോടതിയിലും പിന്നെ ഹൈക്കോടതിയില്‍ രണ്ടുവട്ടവും ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി നിഷ്‌കരുണം തള്ളിയിരുന്നു.

പിന്നാലെയാണ് വീണ്ടും ജാമ്യാപേക്ഷയുമായി അങ്കമാലി കോടതിയില്‍ തന്നെയെത്തിയത്. ഇവിടെ ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു താരം.

എന്നാല്‍ കോടതി നിരീക്ഷണങ്ങളും പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളും ദിലീപിന്റെയെന്നല്ല ആരുടേയും കണ്ണു തള്ളിക്കുന്നതാണ്. ദിലീപ് ‘പാവാട’ കമ്മിറ്റിക്കാര്‍ പ്രചരിപ്പിക്കുന്നതുപോലെ പൊലീസ് വെറുതേ പിടിച്ച് അകത്തിട്ടതല്ല.

തെളിവുകള്‍ ശക്തമല്ല അതിശക്തമാണെന്ന് തന്നെ പറയേണ്ടിവരും. സഹപ്രവര്‍ത്തകയെ ക്രൂരമായി ആക്രമിക്കാന്‍ പദ്ധതിയിട്ട ക്രിമിനല്‍ എന്ന് ചുരുക്കും.

10 മുതല്‍ 20 വര്‍ഷം വരെ

മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് ദിലീപ് ആരാധകര്‍ പ്രചരിപ്പുക്കുന്നതു പോലെയൊന്നുമല്ല കാര്യങ്ങള്‍. നേരത്തെ പറഞ്ഞതുപോലെ ഗുര്‍മീതിന്റെ അവസ്ഥയിലേക്ക് ദിലീപും എത്തുമോയെന്നതാണ് അറിയാനുള്ളത്.

ചുരുങ്ങിയത് 10 മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. വെറുതെ ചുമത്തിയതല്ലെന്ന് ഇന്ന് അങ്കമാലി കോടതിയില്‍ പ്രോസിക്യൂഷന്‍ തിരത്തിയ തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു.

സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടില്‍ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

എന്നാല്‍ ഇന്ന് കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന്റെ കാരാഗൃഹവാസം ഉറപ്പാക്കുന്നതാണ്.

രമ്യയുടെ വീട്ടിലേക്കുള്ള ഫോണ്‍വിളി

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് സമര്‍പ്പിച്ചു.

പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു.

പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു.

ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്.

തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി.

ദിലീപ് കിംഗ് ലയറാണെന്ന തെളിവുകള്‍ വ്യക്തമാക്കിയതോടെ ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. എന്തായാലും സ്വയം പ്രഖ്യാപിത ജനപ്രീയന് അത്ര എളുപ്പം പുറത്തിറങ്ങാനാകില്ലെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News