പ്രോസിക്യൂഷന്‍റേത് ശക്തമായ തെളിവുകള്‍; ദിലീപിന്‍റെ അടുത്ത നീക്കമെന്ത്? വിചാരണ തടവുകാരനാകാനും സാധ്യത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകളോടെ പ്രോസിക്യൂഷനെത്തിയതോടെ ജാമ്യ പ്രതീക്ഷ പൂര്‍ണമായും കൈവിടേണ്ട സാഹചര്യത്തിലാണ്ദിലീപ്. നാലാമത്തെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ശക്തമായ തിരിച്ചടി പ്രതിഫലിക്കുന്നു.

60 ദിവസത്തിലേറെ ജയിലില്‍ ക‍ഴിഞ്ഞതിനാല്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി, പുതിയ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റിനെ സമീപിച്ചത്.

എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ കൂടാതെ പള്‍സര്‍ സുനിയുടെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ദിലീപ് ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നു.

അത് സ്വീകരിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഇന്നത്തെ വിധി. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്‍റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടുന്നത്.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്‍റെ വീട്ടിലേക്ക് ലാന്‍ഡ് ഫോണിലേക്ക് ദിലീപിന്‍റെ വീട്ടിലെ ലാന്‍ഡ് ലൈനില്‍ നിന്ന് കോള്‍ പോയിരുന്നു.

ഇത്എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കാന്‍ ദിലീപിന് ക‍ഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ക‍ഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ അറിയിച്ചിരുന്നു.

ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കുമെന്ന് ആക്രമണ ശേഷം പള്‍സര്‍ സുനി ഇരയോട് പറഞ്ഞിരുന്നു. ഈ കോളും ദിലീപിന്‍റെ വീട്ടില്‍ നിന്ന് രമ്യാ നമ്പീശന്‍റെ വീട്ടിലേക്ക് പോയ കോളിനും ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ ദിലീപിന് ക‍ഴിഞ്ഞില്ല.

അങ്കമാലി മജിസ്‌ട്രേറ്റിന്‍റെ ഉത്തരവിനെ ഇനി സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ടു കാര്യമില്ലെന്നാണ് നിയമവിദഗ്ദരുടെ നിരീക്ഷണം.

ദിലീപിന്‍റെ നീക്കം

ജാമ്യത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അതിനായി പുതിയ ഹര്‍ജി നല്‍കാന്‍ കഴിയൂ. കൂടുതല്‍ തെളിവുകളോടെ പ്രോസിക്യൂഷന്‍ ശക്തമായ നിലപാടെടുക്കുമ്പോള്‍ ജാമ്യത്തിനുള്ള സാധ്യത ഇനിയില്ലെന്ന തിരിച്ചറിവിലാണ് ദിലീപിന്‍റെ അഭിഭാഷകര്‍.

മാത്രവുമല്ല ഹൈക്കോടതിയിലാകട്ടെ മുന്‍പ് കേസ് പരിഗണിച്ച അതേ ബെഞ്ച് തന്നെയാകും പുതിയ ഹര്‍ജിയും പരിഗണിക്കുക.

പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന ഹൈക്കോടതിയുടെ മുന്‍ പരാമർശം ഇപ്പോ‍ഴും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഇനിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടു കാര്യമില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകന്‍ കരുതുന്നത്. സുപ്രീം കോടതിക്കാകട്ടെ, നിര്‍ഭയ കേസിനു ശേഷം ഇത്തരം കേസുകളില്‍ കര്‍ക്കശ സമീപനമാണ്.

ജൂലൈ 10 ന് അറസ്റ്റിലായ ദിലീപിന് 22 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കേണ്ടതുണ്ട്. അങ്ങനെയായാല്‍ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലില്‍ കഴിയേണ്ടി വരും.

കേസിന്‍റെ തുടര്‍വിചാരണയാകട്ടെ ഉടന്‍ തുടങ്ങാനും സാധ്യതയില്ല.ചില കേസുകളില്‍ വിചാരണ കലായളവ് നാലോ അഞ്ചോ വര്‍ഷം വരെയായിട്ടുണ്ട്.

തൃശൂരിലെനിസാമൊക്കെ ഇപ്പോ‍ഴും വിചാരണ തടവുകാരായി ജയിലില്‍ തുടരുന്നത് സമീപകാല ചരിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News