ബന്ധുനിയമന കേസ് നിലനില്‍ക്കില്ല; കേസ് തുടരാനാകില്ലെന്ന് വിജിലന്‍സ്; അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് ഇ പി; വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. അഴിമതി നിരോധന നിയമം ജയരാജനെതിരെ നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് നിലപാട്.

പ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍ര്‍പ്രൈസസിന്‍റെ മാനേജിംഗ് ഡയറക്ടറായി നിയമനം ലഭിച്ചെങ്കിലും പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാര്‍ സ്ഥാനമേറ്റെടുത്തിരുന്നില്ല. ഉത്തരവ് മൂന്നാം ദിവസം തന്നെ പിന്‍വലിച്ചതും വിജിലന്‍സ് ചൂണ്ടികാട്ടിയിട്ടുണ്ട്.

ഹൈക്കോടതിയെ അറിയിക്കും

കേസ് തുടരാനാകില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നു നല്‍കുമെന്നാണ് വ്യക്തമാകുന്നത്. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ നല്‍കുന്നതിനൊപ്പം ഹൈക്കോടതിയേയും തീരുമാനം അറിയിക്കും.

സമാനമായ നിലപാടാണ് വിജിലന്‍സ് നിയമോപദേശകന്‍ സി.സി. അഗസ്റ്റിനും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ജയരാജനെതിരായ ബന്ധുനിയമന കേസില്‍ കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു.

തെളിവില്ലാത്തെ കേസാണെങ്കില്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് വിജിലന്‍സിന്റെ നടപടി.

അടിസ്ഥാനമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നതെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.

അതേസമയം വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഇതോടെ കേരളാ രാഷ്ട്രീയത്തില്‍ പ്രകമ്പനം ഉണ്ടാക്കിയ ബന്ധു നിയമന കേസ് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് .

ലഭ്യമായിരിക്കുന്ന നിയമോപദേശത്തില്‍ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കണമോ എന്ന് തീരുമനം എടുക്കേണ്ടത് ഡയറക്ടര്‍ ലോക്നാഥ് ബെഹറയാണ്

നേരത്തെ വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ മാനേജിഗ് ഡയറക്ടര്‍ നിയമനത്തിന് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു .

കേസിന്‍റെ എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ബന്ധു നിയമന കേസിന്‍റെ തുടര്‍ അന്വേഷണ നടപടികള്‍ ഹൈക്കോടതി നിലവില്‍ തടഞ്ഞിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here