കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കി എസ്ബിഐ; സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യം; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അപകടകരമായ അവസ്ഥയില്‍

ദില്ലി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്നും സാമ്പത്തിക മേഖലയില്‍ മാന്ദ്യമില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ പാടെ തള്ളി മുഖ്യ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്.

ഇന്ത്യയെ ബാധിച്ചിരിക്കുന്ന ഈ മാന്ദ്യം ക്ഷണികമോ താത്കാലികമോ അല്ലെന്നും മറിച്ചുള്ള സര്‍ക്കാര്‍ വാദം തികച്ചും പൊള്ളയാണെന്നും എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ജിഡിപി കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശമായ 5.7 ആയി കൂപ്പുകുത്തിയിരുന്നു.

എന്നിട്ടും മാന്ദ്യമില്ല എന്ന വാദമാണ് കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. കറന്‍സി പിന്‍വലിക്കലും തിരക്കിട്ടുള്ള ജിഎസ്‌ടി നടപ്പാക്കലും അടക്കമുള്ള ‘മോഡിണോമിക്സ്’തീരുമാനങ്ങള്‍ കനത്ത സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച സാഹചര്യത്തിലാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട്.

സാമ്പത്തിക ദുര്‍നടപ്പ്

ഇന്ത്യ നേരിടുന്ന ഈ മാന്ദ്യത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത് സാമ്പത്തിക ദുര്‍നടപ്പ് എന്നാണ്. റേറ്റിംഗ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ല.

ഇനിയെങ്കിലും ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വഴികള്‍ തേടണം. മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറുശതമാനത്തില്‍ താഴെയായി രണ്ടാം പാദത്തിലും തുടരുകതന്നെ ചെയ്യുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2008ലെ ആഗോള മാന്ദ്യത്തിനുശേഷം മുന്‍സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അതുപോലെയുള്ള നീക്കങ്ങള്‍ ഉണ്ടാകണം.

എന്നാല്‍ ധനക്കമ്മി കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ചെലവ് കുറയ്ക്കരുതെന്നും പണവിനിയോഗം പരമാവധി വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാന്ദ്യം സാങ്കേതികമല്ല, 2016 രണ്ടാംപാദം മുതല്‍ സമ്പദ് വ്യവസ്ഥയില്‍ മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മുഖ്യ ഉപദേഷ്ടാവ് സൌമ്യകാന്തി ഘോഷ് പറഞ്ഞു.

ജനം കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കാതെ പ്രശ്നത്തില്‍നിന്ന് കരകയറില്ല. വിപണിയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി വളരെ ഗുരുതരമാകും.

ധനകമ്മിയേയും കടബാധ്യതയേയുംകുറിച്ച് ആലോചിക്കാതെ സര്‍ക്കാര്‍ ശക്തമായി വിപണിയിലിടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ഷായെ മുന്‍നിര്‍ത്തി കള്ളപ്രചരണം

എന്നാല്‍ മാന്ദ്യമില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ജിഡിപി കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശമായ 5.7 ആയി കൂപ്പുകുത്തിയിരുന്നു.

മാന്ദ്യം സാങ്കേതികം മാത്രമാണെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായി ബിജെപിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അവകാശവാദങ്ങളെ എസ്ബിഐ പൂര്‍ണമായും തള്ളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here